Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്നയ്ക്ക് ശിവശങ്കർ നിയമനം നൽകിയതെന്ന് സന്ദീപിന്റെ മൊഴി; ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തലും ഐഎഎസുകാരൻ വിന; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടി എണ്ണ ചൂടാക്കിയുള്ള പിഴിച്ചിലും കള്ളക്കളിയെന്ന് കേന്ദ്ര ഏജൻസികൾ; ശിവസങ്കറിന്റെ അറസ്റ്റ് അനിവാര്യമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ എൻഐഎയും പ്രതിയാക്കും

എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്നയ്ക്ക് ശിവശങ്കർ നിയമനം നൽകിയതെന്ന് സന്ദീപിന്റെ മൊഴി; ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തലും ഐഎഎസുകാരൻ വിന; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടി എണ്ണ ചൂടാക്കിയുള്ള പിഴിച്ചിലും കള്ളക്കളിയെന്ന് കേന്ദ്ര ഏജൻസികൾ; ശിവസങ്കറിന്റെ അറസ്റ്റ് അനിവാര്യമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ എൻഐഎയും പ്രതിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എണ്ണ തോണിയിൽ നിന്ന് എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കേന്ദ്ര ഏജൻസികൾ നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ. വെള്ളിയാഴ്ച കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. അതിനിടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ സ്വപ്നയ്ക്കെതിരെ സന്ദീപ് നായരുടെ മൊഴി. നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ നിർബന്ധിച്ചത് സ്വപ്നയാണെന്നാണ് സന്ദീപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌ന് നിർണായക മൊഴി നൽകിയത്. സ്വർണ്ണ കടത്തിലെ അന്വേഷണത്തിൽ എൻഐഎയും ശിവശങ്കറിനെ പ്രതിയാക്കും.

പിടിക്കപ്പെടില്ലെന്ന് സ്വപ്ന ഉറപ്പ് നൽകിയിരുന്നുവെന്നും സന്ദീപ് നൽകിയ മൊഴിയിൽ പറയുന്നു.സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണ്. നയതന്ത്രബാഗേജ് എന്ന തന്ത്രം സ്വപ്നയുടേതായിരുന്നു. സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തുന്നതിന് മുമ്പ് രണ്ട് തവണ ട്രയൽ നടത്തി. അതിനുശേഷം ഒരു വർഷത്തെ ഇടവേള കൊണ്ട് പതിനെട്ട് തവണയാണ് സ്വർണക്കടത്ത് നടത്തിയത്. ഒരു കിലോയ്ക്ക് കമ്മിഷനായി ആവശ്യപ്പെട്ടത് ആയിരം ഡോളറാണ്. ഇതുവഴി തനിക്ക് മാത്രം പതിനഞ്ച് ലക്ഷം രൂപ കിട്ടി. കോൺസുലേറ്റ് ജനറൽ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സ്വപ്ന തങ്ങളോട് പറഞ്ഞിരുന്നു.

സ്പേസ് പാർക്കിൽ നിയമനം നൽകും മുമ്പ് സ്വപ്നയുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സന്ദീപ് മൊഴി നൽകി. എല്ലാം അറിഞ്ഞുകൊണ്ടാണ് സ്വപ്നയ്ക്ക് ശിവശങ്കർ നിയമനം നൽകിയത്. യൂണിടാക്ക് തനിക്ക് അഞ്ച് ലക്ഷം രൂപ കമ്മിഷൻ നൽകിയിട്ടുണ്ടെന്നും സന്ദീപ് നായർ വെളിപ്പെടുത്തി. ലൈഫ് മിഷനിൽ അഞ്ചു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും അദ്ദേഹത്തിനൊപ്പം കോൺസുലേറ്റ് ജനറലിനെ കണ്ടിരുന്നുവെന്നും സന്ദീപ് നായരുടെ മൊഴിയിൽ പറയുന്നു. ഈ മൊഴിയിൽ ശിവശങ്കർ കുടുങ്ങുമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ പിഴിച്ചിൽ ചികിത്സ തുടങ്ങിയിരിക്കുകയാണ് ശിവശങ്കർ. എണ്ണപ്പാത്തിയിൽ കിടത്തിയാണ് ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ നടത്തുന്നത്. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ, നടുവിന്റെ എക്‌സ്റേ അടക്കമുള്ള പരിശോധനയിൽ നട്ടെല്ലിലെ ഡിസ്‌കിന് ചെറിയ തള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണ ഏജൻസികളുടെ ചോദ്യംചെയ്യലിന് വിധേയനാവാൻ കൊച്ചിയിലേക്ക് തുടർച്ചയായി റോഡു മാർഗ്ഗം യാത്ര നടത്തിയതിനാലാണെന്നാണ് ഡോക്ടർമാരുടെ നിഗമനം. പിഴിച്ചിലിനു പുറമെ ഫിസിയോതെറാപ്പിയുമുണ്ട്. എന്നാൽ ഈ ചികിൽസയും തന്ത്രമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

ശിവശങ്കറിന് കുരുക്കായി വേണുഗോപാലും

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ തുറക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സാമ്പത്തിക ഉപദേശം നൽകാനാണ് താൻ പറഞ്ഞതെന്നും ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എം. ശിവശങ്കർ വിശദീകരിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വ്യത്യസ്ത ദിവസങ്ങളിൽ ഇവർ നൽകിയ മൊഴിയിലാണ് വൈരുധ്യം. ഇതും പരിശോധിക്കുകയാണ്. വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് വിനയാകും.

25 വർഷമായി ശിവശങ്കറിനെ അറിയാമെന്ന് വേണുഗോപാൽ മൊഴി നൽകി. അദ്ദേഹമാണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. തനിക്ക് 30 ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും അത് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാൻ സഹായിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇതിനെ താൻ പിന്തുണച്ചില്ല. എങ്കിൽ പണം ലോക്കറിൽ സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു. ഈ അവസരത്തിൽ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരിൽ ജോയന്റ് ലോക്കർ തുറക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടു. ഇതുപ്രകാരം തിരുവനന്തപുരം എസ്.ബി.ഐ സിറ്റി മെയിൻ ബ്രാഞ്ചിൽ ജോയന്റ് ലോക്കർ തുറന്നു. അതിൽ നടത്തിയ ഇടപാടുകളെക്കുറിച്ചെല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നു.

ലോക്കറിന്റെ താക്കോൽ തന്റെ കൈവശമാണ് വെച്ചത്. പിന്നീട് മൂന്നുനാലുവട്ടം പണം എടുത്ത് സ്വപ്നക്ക് നൽകി. ലോക്കർ കാലിയായപ്പോൾ പാസ്ബുക്കും താക്കോലും സ്വപ്നക്ക് കൊടുത്തു. പിന്നീട് ലോക്കർ ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ കുറച്ച് സ്വർണം സൂക്ഷിക്കാമെന്ന് സ്വപ്ന പറഞ്ഞു. എന്നാൽ, സ്വപ്നക്കുവേണ്ടി ലോക്കർ തുറക്കാൻ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ജോയന്റ് അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും ശിവശങ്കർ വിശദീകരിച്ചു. പലവട്ടം സ്വപ്നക്ക് പണം നൽകിയിട്ടുണ്ട്. അത് തിരികെ തരാത്തതിനെത്തുടർന്നാണ് 2018 അവസാനം സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അടുക്കൽ എത്തിച്ചതെന്നും ശിവശങ്കർ പറയുന്നു

സ്വപ്നയുടെ 20 ലക്ഷം രൂപ ഫിക്‌സഡ് അക്കൗണ്ടായി നിക്ഷേപിക്കുന്നതിന് സഹായം ആവശ്യപ്പെട്ടു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വേണുഗോപാലിന്റെ വീട്ടിൽ പണമടങ്ങിയ ബാഗ് കൈമാറി. അതിൽ എത്ര രൂപയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വേണുഗോപാൽ ജോയന്റ് ലോക്കർ തുറന്ന കാര്യം അറിയിച്ചു. ലോക്കർ ചാർജ് നൽകാൻ സ്വപ്നയുടെ കൈവശം പണമില്ലാതിരുന്നതിനാൽ അത് തന്റെ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. അതേസമയം, മറ്റൊരു ചോദ്യംചെയ്യലിനിടെ സ്വപ്നക്ക് ബാങ്ക് ലോക്കർ തുറക്കാൻ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചുമതലപ്പെടുത്തിയ കാര്യം ശിവശങ്കർ സമ്മതിച്ചെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

മൊഴികളിലെ വൈരുധ്യത്തെത്തുടർന്നാണ് മൊത്തം കാര്യങ്ങളിലും ശിവശങ്കറിന്റെ പങ്ക് സൂക്ഷ്മമായി അന്വേഷിക്കണമെന്ന് കുറ്റപത്രത്തിൽ ഇ.ഡി ആവശ്യം ഉന്നയിച്ചത്. കേസിൽ സാക്ഷിയാണ് വേണുഗോപാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP