Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ മാസം 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ല; ശിവശങ്കറിന് താൽകാലിക ആശ്വാസമായി മുൻകൂർ ജാമ്യഹർജിയിലെ ഹൈക്കോടതി വിധി; ഹർജിയിൽ 23ന് വിശദവാദം കേൾക്കും; ഇഡി കേസിലെ ജാമ്യ ഹർജിയിലും അന്ന് തീരുമാനം; വെള്ളിയാഴ്ച ശിവശങ്കറിന് നിർണ്ണായകം

ഈ മാസം 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ല; ശിവശങ്കറിന് താൽകാലിക ആശ്വാസമായി മുൻകൂർ ജാമ്യഹർജിയിലെ ഹൈക്കോടതി വിധി; ഹർജിയിൽ 23ന് വിശദവാദം കേൾക്കും; ഇഡി കേസിലെ ജാമ്യ ഹർജിയിലും അന്ന് തീരുമാനം; വെള്ളിയാഴ്ച ശിവശങ്കറിന് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് 23-ാം തിയതി വീണ്ടും പരിഗണിക്കും. ഇഡി കേസിലെ ജാമ്യ ഹർജിയിലും അന്ന് തീരുമാനം വരും. കസ്റ്റംസ് തന്നെ ക്രിമിനലിനെ പോലെ പരിഗണിക്കുന്നുവെന്ന വാദവുമായി ഐഎഎസുകാരൻ ഹൈക്കോടതിയിൽ എത്തിത്. എന്നാൽ കള്ളം പറയുന്നുവെന്ന് കസ്റ്റംസിന്റെ അഭിഭാഷകൻ രാംകുമാറും വാദിച്ചു. വിശദ റിപ്പോർട്ട് കൊടുക്കാമെന്നും അറിയിച്ചു. ഇതോടെയാണ് ഹർജിയിലെ വാദം കേൾക്കൽ 23നാക്കിയത്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ശിവശങ്കറിന് നിർണ്ണായകമാകും.

കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അറസ്റ്റ് വെള്ളിയാഴ്ച വരെ തടയുമ്പോൾ അത് ശിവശങ്കറിന് ആശ്വാസമാണ്.. കസ്റ്റംസ് കേസിലാണ് ഒക്ടോബർ 23 വരെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കസ്റ്റംസ് അതിനു മുൻപ് മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിശദമായ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാമെന്നും ശിവശങ്കർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് അറിയിച്ച കസ്റ്റംസ് അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും കോടതിയിൽ പറഞ്ഞു. വെള്ളിയാഴ്ചത്തെ വാദം അതുകൊണ്ട് തന്നെ നിർണ്ണായകമാണ്.

സ്വർണവും ഡോളറും കടത്തിയതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ മൊഴികൾ പരസ്പരവിരുദ്ധവും അവിശ്വസനീയവുമെന്നു കസ്റ്റംസ് വിലയിരുത്തുന്നുണ്ട്. വിവിധ ഏജൻസികൾക്കു നൽകിയ മൊഴികളിൽ പൊരുത്തമില്ലായ്മയും അവ്യക്തതയും. ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താൽ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം അനുവദിക്കും. തുടർന്ന് കസ്റ്റഡിയിലെടുക്കാനായിരുന്നു നീക്കം. അതിനിടെയാണ് കോടതി ഇടപെടൽ. ശിവശങ്കറിന്റെ മൊഴികൾ പലതും കളവാണെന്നു കസ്റ്റംസ് പറയുന്നു.

യു.എ.ഇ. കോൺസൽ ജനറലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അതു നിഷേധിച്ചു. സ്വപ്ന വിളിച്ചിട്ടില്ലെന്ന വാദം തിരുത്തേണ്ടിവന്നു. രൂപ ഡോളറാക്കാൻ പ്രതികളെ സഹായിച്ചിട്ടില്ലെന്നു പറഞ്ഞതും ശരിയല്ലെന്നു വ്യക്തമായി. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ മൊഴി വിശദമായി പരിശോധിക്കുകയും തെളിവെടുക്കുകയും വേണം. ആ ഘട്ടത്തിൽ മറ്റ് അന്വേഷണ ഏജൻസികളുമായി ഏകോപനം ഉറപ്പാക്കും. ഇതിന് അറസ്റ്റ് അനിവാര്യമാണെന്നാണ് കസ്റ്റംസ് നിലപാട്.

സ്വർണക്കടത്ത് കേസിലെ നാലു പ്രധാന പ്രതികളുമായി ശിവശങ്കറിനു നല്ല അടുപ്പമുണ്ട്. നേരത്തേയും സ്വർണക്കടത്ത് ഉൾപ്പെടെ കേസുകളിൽ പ്രതികളായ ഇവരുമായുള്ള ബന്ധം ദുരൂഹമാണ്. 30 കിലോ സ്വർണം പിടികൂടിയപ്പോഴും ഒളിവിലിരിക്കെയും സ്വപ്ന ശിവശങ്കറിനെ വിളിച്ചു സഹായം തേടിയിരുന്നു. ലൈഫ് മിഷൻ കെട്ടിടനിർമ്മാണക്കരാറിലെ കമ്മിഷനിൽ 1.8 കോടി രൂപ ഡോളറാക്കി കോൺസുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരൻ വഴി കടത്തിയിരുന്നു. ഡോളറാക്കാൻ സ്വകാര്യ ബാങ്ക് മാനേജരെ ശിവശങ്കറാണു സ്വാധീനിച്ചതെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ കസ്റ്റംസിന്റെ കൈയിലുണ്ട്. ഇതെല്ലാം കോടതിയിൽ ഹാജരാക്കും.

പലവട്ടമുള്ള ചോദ്യംചെയ്യലിൽ എല്ലാം നിഷേധിക്കുകയാണു ശിവശങ്കർ ചെയ്തത്. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും സംയുക്തമായെടുത്ത ബാങ്ക് ലോക്കറിൽനിന്ന് ഒരു കോടിയോളം രൂപ പിടിച്ചിരുന്നു. പണം കോൺസൽ ജനറലും ഷാർജ ഭരണാധികാരിയും സമ്മാനമായി നൽകിയതാണെന്നു സ്വപ്നയും താൻ കമ്മിഷനായി കൊടുത്തതാണെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സ്വർണക്കടത്തു വരുമാനമാണെന്ന് എൻഫോഴ്സ്മെന്റും പറയുന്നു. ഇക്കാര്യത്തിലും വ്യക്തത ആവശ്യമാണ്.

സ്വപ്നയും ശിവശങ്കറും ഒരുമിച്ച് നടത്തിയ വിദേശയാത്രകൾ പലതും സ്വകാര്യ സന്ദർശനമാണ്. സർക്കാർ ആവശ്യത്തിനായിരുന്നു യാത്രയെന്നു ശിവശങ്കർ അവകാശപ്പെടുന്നുണ്ടെങ്കിലും ചെലവ് വഹിച്ചതു സ്വപ്നയാണ്. ഇതെല്ലാം കസ്റ്റംസ് സംശയത്തോടെയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP