Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ലോക്കറിൽ വച്ചത് കോൺസൽ ജനറൽ നൽകിയ ഒരു കോടി! കോൺസൽ ജനറലിന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ മറ്റൊരാൾ വരുമ്പോൾ അറിയാതിരിക്കാനാണ് പറഞ്ഞു വിടുന്നതെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായും മൊഴി; ലൈഫിലെ ബുദ്ധി തന്റേത്; മുഖ്യമന്ത്രിയെ പൂർണ്ണമായും സംരക്ഷിച്ച് മൊഴികൾ; ശിവശങ്കർ കൂട്ടുനിന്നത് നിയമ വിരുദ്ധ പണം ഒളിപ്പിക്കാൻ; ഇഡിക്ക് നൽകിയ മൊഴികൾ കുരുക്കാകും

ലോക്കറിൽ വച്ചത് കോൺസൽ ജനറൽ നൽകിയ ഒരു കോടി! കോൺസൽ ജനറലിന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ മറ്റൊരാൾ വരുമ്പോൾ അറിയാതിരിക്കാനാണ് പറഞ്ഞു വിടുന്നതെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായും മൊഴി; ലൈഫിലെ ബുദ്ധി തന്റേത്; മുഖ്യമന്ത്രിയെ പൂർണ്ണമായും സംരക്ഷിച്ച് മൊഴികൾ; ശിവശങ്കർ കൂട്ടുനിന്നത് നിയമ വിരുദ്ധ പണം ഒളിപ്പിക്കാൻ; ഇഡിക്ക് നൽകിയ മൊഴികൾ കുരുക്കാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) നൽകിയ മൊഴിയിൽ കോൺസുൽ ജനറലിനെതിരേയും പരമാർശം. 2019 ഓഗസ്റ്റിലാണു സ്വപ്ന കോൺസുലേറ്റിലെ ജോലി രാജിവച്ചത്. കോൺസൽ ജനറലിന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ അദ്ദേഹം മാറി മറ്റൊരാൾ വരുമ്പോൾ താൻ വഴി അറിയാതിരിക്കാനാണ് പറഞ്ഞുവിടുന്നതെന്നും അതിനനുസരിച്ചു പണം കിട്ടിയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഈ പണം സൂക്ഷിക്കാനാണു തന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണ് മൊഴി. ഇതിൽ കോൺസുലേറ്റിലെ തിരിമറിയിൽ അറിവുണ്ടായിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാത്തത് ശിവശങ്കറിന് കുരുക്കാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിട്ടും നിയമ വിരുദ്ധ പണം ഒളിപ്പിക്കാൻ ശിവശങ്കർ ശ്രമിച്ചുവെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനമികവ് കണ്ടിട്ടാണു സ്‌പേസ് പാർക്കിലെ ജോലിക്കു ശ്രമിക്കാൻ സ്വപ്നയെ ഉപദേശിച്ചത്. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിന്നീടാണ് ഞെട്ടലോടെ അറിഞ്ഞത്. ചാർട്ടേഡ് അക്കൗണ്ടന്റിന് ഒന്നര വർഷം മുൻപയച്ച വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ചു ഫോൺ പരിശോധിക്കാതെ ഓർത്തു പറയാൻ കഴിയില്ലെന്നും മൊഴി നൽകി. യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥർ നിയമവിരുദ്ധ ബിസിനസുകൾ നടത്തുന്നതായി സ്വപ്ന മുൻപേ വെളിപ്പെടുത്തിയിരുന്നതായി ശിവശങ്കർ നൽകിയ മൊഴി അതിനിർണ്ണായകമാണ്.

ഇത്തരം ഇടപാടുകളെക്കുറിച്ച് 'കോൺസൽ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് വാചകം ഉപയോഗിച്ചാണു ജീവനക്കാർ സംസാരിച്ചിരുന്നത്. നയതന്ത്ര പാഴ്‌സൽ വഴിയെത്തിക്കുന്ന സൗന്ദര്യവർധന വസ്തുക്കൾ മറിച്ചുവിറ്റു ലാഭമുണ്ടാക്കുന്നതു പോലുള്ള ബിസിനസുകളാണ് പലരും ചെയ്തിരുന്നത്. സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്തം കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെമേൽ കെട്ടിവയ്ക്കാനുള്ള സ്വപ്നയടക്കമുള്ള പ്രതികളുടെ ശ്രമങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്നും ശിവശങ്കർ പറഞ്ഞു.

യുഎഇയിൽ നിന്നു കോൺസുലേറ്റിലേക്കുള്ള ചില നയതന്ത്ര പാഴ്‌സലുകൾ കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ അതു വിട്ടുകിട്ടാനായി ജൂലൈ ഒന്നിനു സ്വപ്ന സഹായം അഭ്യർത്ഥിച്ചതായി ശിവശങ്കർ സമ്മതിച്ചു. അസി. കമ്മിഷണറെ വിളിച്ച് ഇതു വിട്ടുതരാൻ പറയണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്. അപ്പോഴൊന്നും സ്വർണക്കടത്തിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ലെന്നാണു മൊഴി. സ്‌പേസ് പാർക്ക് പദ്ധതിയിൽ ജോലി ലഭിച്ചതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ മൊഴി ശിവശങ്കർ തള്ളിപ്പറഞ്ഞു. ചെറിയ കാലയളവിലേക്കുള്ള ഇത്തരം കരാർ നിയമനങ്ങൾ ബന്ധപ്പെട്ട ഗവൺമെന്റ് സെക്രട്ടറി പോലും അപൂർവമായേ അറിയാറുള്ളൂവെന്നാണ് ശിവശങ്കർ പറഞ്ഞത്.

ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച് യുഎഇ റെഡ് ക്രസന്റുമായി താൻ ചർച്ച നടത്തിയ ശേഷം അതിലെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. 2018ലെ പ്രളയബാധിതർക്കു വീടു നിർമ്മിക്കാൻ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ ആശയം തന്റേതാണ്. റെഡ് ക്രസന്റിനെ കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള അനുമതി വാങ്ങിയതെന്നും പറയുന്നു. പ്രളയ സഹായത്തിന് വേണ്ടിയാണ് റെഡ്ക്രസന്റുമായി ചർച്ച നടത്തിയത്. എന്നാൽ അതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് ലൈഫായി അതുമാറിയെന്നും ശിവശങ്കർ പറയുന്നു.

കോൺസുലേറ്റിൽ വച്ചാണ് റെഡ് ക്രസന്റുമായി ആദ്യം ചർച്ച നടത്തിയത്. ഇതിന് മിനിട്‌സൊന്നുമില്ല. ലൈഫ് മിഷനിൽ അവർ പണമുടക്കാമെന്ന് സമ്മതിച്ച കാര്യം താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം സമ്മതിച്ചുവെന്നാണ് ശിവശങ്കർ നൽകിയ മൊഴി. മുഖ്യമന്ത്രിക്ക് ഇടപാടുകളിൽ പങ്കില്ലെന്ന് വിശദീകരിക്കുകയാണ് കേസിൽ കുടുങ്ങുന്ന സാഹചര്യത്തിലും ശിവശങ്കർ. സർക്കാരിനെതിരെ ഒന്നും മൊഴികളിൽ ഇല്ല. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ആരേയോ രക്ഷിക്കാനാണെന്ന് ഇഡി കരുതുന്നു. അതിനിടെയാണ് ഡോളർ കടത്തിൽ നിർണ്ണായക തെളിവുകൾ കസ്റ്റംസ് കണ്ടെത്തുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. നടുവേദയിൽ വിദഗ്ദ ചികിത്സക്കുവേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ശിവശങ്കറിനെ തീവ്രപരിചണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം.

ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിന്റെ നീക്കവും. അതേ സമയം ശിവശങ്കർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർജാമ്യാമപേക്ഷ സമർപ്പിക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP