Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ സംഭവത്തിനു ശേഷം സ്‌കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം

ആ സംഭവത്തിനു ശേഷം സ്‌കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശേരി താലൂക്കിലെ അരുംകൊല രാഷ്ട്രീയത്തിന് മറ്റൊരു ഇരകൂടിയായ യുവതി ജീവൻ വെടിഞ്ഞു. 1999-ൽ യുവമോർച്ച നേതാവ് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ മൊകേരി യു.പി സ്‌കൂളിലെ ക്ളാസ് മുറിയിൽ കയറി വെട്ടിക്കൊല്ലുന്നതു കാണേണ്ടി വന്ന അന്നത്തെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ കൂരാറ മണ്ടമുള്ളയിൽ വീട്ടിൽ ഷെസീനയാ(31)ണ് വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ജീവനൊടുക്കിയത്.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റും ഗണിത അദ്ധ്യാപകനുമായ കെ.ടി ജയകൃഷ്ണൻ മാസ്്റ്ററെ ഡിസംബർ ഒന്നിന് കുട്ടികൾക്ക് ക്ളാസെടുത്തു കൊണ്ടിരിക്കെയാണ് സി.പി. എം പ്രവർത്തകർ വെട്ടിക്കൊന്നത്. കുട്ടികൾ കണ്ടു നിൽക്കവെയാണ് അരും കൊല നടത്തിയത്.
കേരളത്തിന്റെ മന:സാക്ഷിയെ തന്നെ ഞെട്ടിച്ച കൊടുംക്രൂരകൃത്യമായിരുന്നു അദ്ധ്യാപകന്റെ കൊലപാതകം. കൊലപാതകത്തിന് ദൃക്സാക്ഷികളായ ഒട്ടേറെ കുട്ടികൾ ഇതിനു ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

സ്‌കൂൾ അധികൃതർ കൗൺസിലിങ് നടത്തിയാണ് ഇവരിൽ പലരെയും സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. എന്നാൽ അഞ്ചാം ക്ളാസ് കാരിയായ ഷിൽനയുടെ കളിചിരികൾ മായുകയും അതികഠിനമായ മാനസിക വൈഷമ്യത്താലും മുഖത്തേക്ക് ചോരതെറിച്ചുവീണ കാഴ്ചയും അവളെ പേക്കിനാവുപോലെ വേട്ടയാടുകയായിരുന്നു.

ആ സംഭവത്തിനു ശേഷം അവൾ സ്‌കൂളിലേക്ക് പോയിട്ടില്ല. പാഠപുസ്തകം കാണുന്നതു പോലും പേടിയായി. ആംബുലൻസിന്റെ ശബ്ദം കേട്ടാൽ വീട്ടിനകത്തേക്ക് ഓടിയൊളിക്കും. രക്ഷിതാക്കൾ സ്‌കൂൾ മാറ്റി ചേർത്തെങ്കിലും പഠനം തുടരാൻ കഴിഞ്ഞില്ല. പിന്നീട് പ്രൈവറ്റായി എസ്. എസ്. എൽ.സി പഠിച്ചു പാസായെങ്കിലും അതികഠിനമായ വിഷാദരോഗം അവളെ പിടികൂടിയിരുന്നു.

പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം പിടികൂടിയ ഷെസീന പലതവണ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ തലശേരി താലൂക്കിൽ സി.പി. എം നടത്തിയ അതിക്രൂരമായ കൊലപാതകങ്ങളിലൊന്നാണ് ഷെസീനയുടെ ഭാവി ഇരുട്ടിലാക്കിയത്. അന്ന് മൊകേരി സ്‌കൂളിൽ പഠിച്ച പലകുട്ടികളും ഇപ്പോഴും കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്നും വിമുക്തരായിട്ടില്ലെന്നു ഷെസീനയുടെ അമ്മാവൻ പാനൂർ സ്വദേശി ഭാഗ്യനാഥ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടത്തിയശേഷം ഷെസീനയുടെ മൃതദേഹം സംസ്‌കരിച്ചു. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ പ്രതികളിലൊരാൾ അതേ സ്‌കൂളിലെ പി.ടി. എ പ്രസിഡന്റായതും ജയിൽ മോചിതരായ പ്രതികൾക്ക് സി.പി. എം സ്വീകരണമൊരുക്കിയതും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP