Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

അമ്മൂമ്മയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടു പോയി സ്വത്ത് എഴുതി വാങ്ങിയ ചെറുമകനും ഭാര്യയും; മുത്തശ്ശി മരിച്ചപ്പോൾ ബാപ്പയെ കുറുവടിക്ക് അടിച്ചു വീഴ്‌ത്തി ക്രൂര മർദ്ദനം; സ്വത്തിന് വേണ്ടി റഷീദിനെ മകനും മരുമകളും പീഡിപ്പിച്ചത് മനസാക്ഷി ഇല്ലാതെ; ഷാനവാസും ഷീജയും അറസ്റ്റിൽ; തട്ടിപ്പിലൂടെ നേടിയ ഭൂമി പിതാവിന് മടക്കി നൽകേണ്ടി വരും

അമ്മൂമ്മയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടു പോയി സ്വത്ത് എഴുതി വാങ്ങിയ ചെറുമകനും ഭാര്യയും; മുത്തശ്ശി മരിച്ചപ്പോൾ ബാപ്പയെ കുറുവടിക്ക് അടിച്ചു വീഴ്‌ത്തി ക്രൂര മർദ്ദനം; സ്വത്തിന് വേണ്ടി റഷീദിനെ മകനും മരുമകളും പീഡിപ്പിച്ചത് മനസാക്ഷി ഇല്ലാതെ; ഷാനവാസും ഷീജയും അറസ്റ്റിൽ; തട്ടിപ്പിലൂടെ നേടിയ ഭൂമി പിതാവിന് മടക്കി നൽകേണ്ടി വരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വലഞ്ചുഴിയിൽ 75 വയസുള്ള പിതാവിനെ ക്രൂരമായി മർദിച്ച കേസിൽ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വയോധികനെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.

വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനെയാണ് മകൻ ഷാനവാസ്, മരുമകൾ ഷീജ എന്നിവർ ചേർന്ന് മർദിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച മർദനം അരമണിക്കൂർ നീണ്ടു നിന്നു. കുറുവടി ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്‌ത്തിയ ശേഷമാണ് ക്രൂരമർദനം അഴിച്ചു വിട്ടത്. ഷീജ പിടിച്ചു നിർത്തുന്നതും ഷാനവാസ് ക്രൂരമായി പിതാവിനെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം കണ്ടു നിന്ന അയൽവാസികൾ ദൃശ്യം പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് ഇന്നലെ മകനെയും മരുമകളെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടു.

റഷീദിനും ഭാര്യ ഫാത്തിമയ്ക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകൻ സുധീർ മലപ്പുറത്തും ഏറ്റവും ഇളയ മകൾ ഷീജ അടൂരിലുമാണുള്ളത്. രണ്ടാമത്തെ മകനാണ് ഷാനവാസ്. റഷീദിന്റെ വൃദ്ധമാതാവിന്റെ പേരിലുള്ള സ്ഥലം ഷാനവാസും ഷീജയും ചേർന്ന് തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നു. 85 വയസുണ്ടായിരുന്ന വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തു വകകൾ ഷാനവാസിന്റെ പേരിലാക്കി മാറ്റുകയായിരുന്നു.

വൃദ്ധ മരിക്കുന്നതു വരെ ഇവർ ഈ വിവരം വെളിയിൽ വിട്ടില്ല. ഏതെങ്കിലും കാരണവശാൽ പിതാവ് അറിഞ്ഞാൽ സ്വത്ത് തിരികെ നൽകേണ്ടി വരുമെന്നായിരുന്നു ഇത്. വൃദ്ധ മരിച്ച് ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ സ്വത്തുക്കൾ തന്റെ പേരിലാക്കാൻ റഷീദ് വില്ലേജ് ഓഫീസിൽ ചെന്നപ്പോഴാണ് അത് മകൻ വർഷങ്ങൾക്ക് മുൻപ് എഴുതി വാങ്ങിയതെന്ന് അറിയുന്നത്. തകർന്ന ഹൃദയത്തോടെ വീട്ടിലെത്തി മകനോട് വിവരം ചോദിച്ചു. ഇതോടെയാണ് മകനും മരുമകളും ചേർന്ന് മർദനവും അസഭ്യ വർഷവും ആരംഭിച്ചത്. റഷീദും ഭാര്യ ഫാത്തിമയും വീട്ടിൽ നിന്ന് ഇറങ്ങണമെന്നായിരുന്നു ആവശ്യം.

സഹികെട്ട ഫാത്തിമ അടൂരിൽ മകൾക്കൊപ്പം താമസമാക്കി. ഇതോടെ ഷാനവാസും ഷീജയും പിതാവിനെ കടുത്ത മർദനത്തിന് ഇരയാക്കി. പലപ്പോഴും നാട്ടുകാരാണ് തടസം പിടിക്കാൻ ചെന്നത്. ഇവർക്ക് നേരെയും അസഭ്യ വർഷമുണ്ടായി. ഇതിനിടെ റഷീദിനെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനും ഷാനവാസ് ശ്രമിച്ചു. നാട്ടുകാർ ഇത് തടഞ്ഞു. സ്വത്ത് തട്ടിപ്പ് സംബന്ധിച്ച് റഷീദ് ആറുമാസം മുൻപ് അടൂർ ആർഡിഓയ്ക്ക് പരാതി നൽകി. ഷാനവാസിനെയും ഭാര്യയെയും വിളിച്ചു വരുത്തിയ ആർഡിഓ സ്വത്ത് തിരികെ റഷീദിന് നൽകാൻ നിയമം ഉണ്ടെന്ന് ഷാനവാസിനെ അറിയിച്ചുവെന്നും അയൽവാസികൾ പറയുന്നു.

ആറു മാസം റഷീദിനെ കൂടെതാമസിപ്പിക്കാനും ഷാനവാസിന്റെയും ഷീജയുടെയും ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാൽ സ്വത്ത് കൈമാറ്റം മരവിപ്പിക്കാനും ആർഡിഒ നിർദ്ദേശിച്ചു. കഴിഞ്ഞ ആറു മാസമായി വലിയ കുഴപ്പം ഇല്ലായിരുന്നു. ആർഡിഒ നിർദ്ദേശിച്ച കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് മർദനവും പീഡനവും ആരംഭിച്ചത്.

റഷീദിനെ പള്ളി അധികാരികളും പൊലീസും അയൽവാസികളും ചേർന്ന് ഇതേ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റതിനുള്ള ചികിൽസയും നൽകി. ശുശ്രൂഷയും ഭക്ഷണവും നൽകുന്നത് അയൽക്കാരാണ്. ആർഡിഓയെ കണ്ട് വിവരം ധരിപ്പിക്കാനും സ്വത്ത് കൈമാറ്റം റദ്ദാക്കാനുമാണ് റഷീദിന്റെ തീരുമാനം. തനിക്ക് അവകാശപ്പെട്ട കുടുംബസ്വത്ത് താനറിയാതെ മകൻ തട്ടിയെടുത്തതാണ്. അതിൽ മറ്റു മക്കൾക്കും അവകാശം ഉണ്ടെന്ന് റഷീദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP