Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

അയൽവക്കത്തെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന അടിവസ്ത്രം എടുത്തു കൊണ്ടു പോകുന്ന മാനസിക വൈകൃതം; സ്‌കൂൾ പഠനം കഴിഞ്ഞ് വീടുവിട്ട് പോയി പൂജാരിയായത് വീട്ടുകാർക്ക് തലവേദന മാത്രം നൽകിയ മകൻ; ഭക്തരിൽ വിശ്വാസത്തിളക്കം ഊട്ടിയുറപ്പിച്ചത് വാക്ചാതുര്യവും വേഷഭൂഷാദികളും കൊണ്ടും; പീഡനക്കേസിൽ പിടിയിലായ ഷാൻ കരുനാഗപ്പള്ളിയിലെ പ്രശ്‌നക്കാരൻ

അയൽവക്കത്തെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന അടിവസ്ത്രം എടുത്തു കൊണ്ടു പോകുന്ന മാനസിക വൈകൃതം; സ്‌കൂൾ പഠനം കഴിഞ്ഞ് വീടുവിട്ട് പോയി പൂജാരിയായത് വീട്ടുകാർക്ക് തലവേദന മാത്രം നൽകിയ മകൻ; ഭക്തരിൽ വിശ്വാസത്തിളക്കം ഊട്ടിയുറപ്പിച്ചത് വാക്ചാതുര്യവും വേഷഭൂഷാദികളും കൊണ്ടും; പീഡനക്കേസിൽ പിടിയിലായ ഷാൻ കരുനാഗപ്പള്ളിയിലെ പ്രശ്‌നക്കാരൻ

ആർ പീയൂഷ്

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യാജ പൂജാരി ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി ഷാൻനിവാസിൽ ഷാൻ(37) പണ്ടു മുതലേ നാട്ടുകാർക്ക് തലവേദയായിരുന്നു എന്ന് അയൽവാസികൾ. അടുത്ത് വീടുകളിലെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുക, അടിവസ്ത്രം എടുത്തു കൊണ്ടു പോകുക തുടങ്ങീ മാനസിക വൈകൃതങ്ങൾ ഉള്ളയാളായിരുന്നു.

പലവട്ടം നാട്ടുകാർ ഷാനെ പിടികൂടി താക്കീത് നൽകി പറഞ്ഞയക്കുകയാണ് ചെയ്തിരുന്നത്. കാരണം, ഷാന്റെ കുടുംബക്കാരെല്ലാം മാന്യമായി ജീവിക്കുന്നവരായിരുന്നു. എന്നാൽ മകന്റെ സ്വഭാവ ദൂഷ്യം മൂലം വീട്ടുകാർ ഏറെ നാണക്കേട് അനുഭവിക്കേണ്ടി വന്നു. സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ തന്നെ വീട്ടിൽ നിന്നും ഷാൻ പോയി. പിന്നെ സ്വയം പൂജാരിയുടെ മേലങ്കി അണിയുകയായിരുന്നു.

കോതമംഗലം വടാട്ടുപാറയിലെ മഹാദേവ ക്ഷേത്രത്തിൽ ശ്യാം എന്ന വ്യാജ പേരിൽ പൂജാരിയായി ജോലി ചെയ്യവെയാണ് കിളിമാനൂരിലെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് കൂട്ടിക്കൊണ്ടു പോകുമ്പോഴും ഷാൻ വടാട്ടുപാറക്കാർക്ക് പ്രിയങ്കരനായ ശ്യാം പൂജാരിയായിരുന്നു. പൂജാകാര്യങ്ങളിൽ തന്ത്രിയോടൊപ്പം പിടിച്ചുനിൽക്കുന്ന മികവ്. ഒപ്പം ഭക്തരിൽ വിശ്വാസത്തിളക്കം ഊട്ടിയുറപ്പിക്കുന്ന വാക്ചാതുര്യവും വേഷഭൂഷാദികളും. നോട്ടം കൊണ്ടുപോലും സ്ത്രീകളെ ശല്യപ്പെടുത്താത്ത വ്യക്തിപ്രഭാവം. ശ്യം പൂജാരിയെക്കുറിച്ച് വടാട്ടുപാറക്കാരുടെ ധാരണ ഇതൊക്കെയായിരുന്നു. എന്നാൽ അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശ്യാം പൂജാരി ഷാൻ ആണെന്നും തട്ടിപ്പുകാരനാണെന്നും അറിയുന്നത്.

കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജ നടത്തിവന്നയാളാണ് ഷാൻ. 2018-ലാണ് കേസിനാസ്പദമായ സംഭവം. ശ്യാം എന്ന വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ യുവതിയുമായി പരിചയത്തിലാവുകയും അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. അവിടെ ശ്യാം എന്ന പേരിൽ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു.

2018 ൽ പതിനൊന്നുകാരിയുടെ മാതാവുമായുള്ള അവിഹിത ബന്ധം നാട്ടുകാർ കയ്യോടെ പിടിച്ചിരുന്നു. അന്ന് നാട്ടുകാർ നന്നായി കൈകാര്യം ചെയ്യുകയും താക്കീത് നൽകി പറഞ്ഞയക്കുകയുമായിരുന്നു. ഭർത്താവും യുവതിയോട് ക്ഷമിക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാവിന്റെ സ്വഭാവ ദൂഷ്യം പറഞ്ഞ് മകൾ വഴക്കടിക്കുകയും തുടർന്ന് തന്നെ ഉപദ്രവിച്ച വിവരം പിതാവിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇയാളെ അന്വേഷിച്ചെങ്കിലും ക്ഷേത്രത്തിൽ നൽകിയിരുന്ന വിലാസത്തിൽ അങ്ങനെ ഒരാളില്ല എന്ന് മനസ്സിലായി. തുടർന്ന് ഇയാൾ ഉപയോഗിച്ചിരുന്ന സിംകാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താൻ കഴിഞ്ഞത്.

കിളിമാനൂരിൽ നിന്നും പോയ ശേഷം മറ്റു ചില ക്ഷേത്രങ്ങളിൽ ജോലി ചെയ്ത ശേഷം ഒരു വർഷം നുൻപാണ് ഇയാൾ വടാട്ടുപാറയിലെ ക്ഷേത്രത്തിലെത്തിയത്. പത്ര പരസ്യം കണ്ട് എത്തിയ ഇയാൾ ശ്യാം എന്ന പേരാണ് പറഞ്ഞിരുന്നത്. വളരെ സൗമ്യ സ്വഭാവക്കാരനായിരുന്നു ഇയാൾ. ബ്രാഹ്മണരെ വെല്ലുന്ന രീതിയിലുള്ള അനുഷ്ടാനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. അതിനാൽ നാട്ടുകാർക്കിടയിൽ വലിയ മതിപ്പുളവാക്കിയിരുന്നു. എന്നാൽ പീഡനക്കേസിൽ അകത്തായി എന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടലിലാണ്.

അറസ്റ്റിലായ ഷാനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് കിളിമാനൂർ പൊലീസ് പറഞ്ഞത്. കൂടുതൽ സ്ത്രീകളും പെൺകുട്ടികളും ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ട് എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP