Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടേക്കാട്ടെ ഷാജഹാന്റെ കൊലയിൽ സിപിഎം അടിച്ചത് സെൽഫ് ഗോളോ? എകെജി സെന്ററിലെ പടക്കം ഏറിൽ പറഞ്ഞതിന് സമാനമായ മറ്റൊരു അബദ്ധമാണ് പരിവാറിനെ കുറ്റപ്പെടുത്തൽ എന്ന വാദം ശക്തം; മന്ത്രി റിയാസ് ആർ എസ് എസിനെ കുറ്റപ്പെടുത്തുമ്പോൾ കടന്നാക്രമണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി; തലവേദനയാകുന്നത് ദൃക്സാക്ഷിയുടെ ചാനൽ വെളിപ്പെടുത്തൽ; കൊലയ്ക്ക് കാരണം 'പാർട്ടി ശത്രുത' തന്നെ

കോട്ടേക്കാട്ടെ ഷാജഹാന്റെ കൊലയിൽ സിപിഎം അടിച്ചത് സെൽഫ് ഗോളോ? എകെജി സെന്ററിലെ പടക്കം ഏറിൽ പറഞ്ഞതിന് സമാനമായ മറ്റൊരു അബദ്ധമാണ് പരിവാറിനെ കുറ്റപ്പെടുത്തൽ എന്ന വാദം ശക്തം; മന്ത്രി റിയാസ് ആർ എസ് എസിനെ കുറ്റപ്പെടുത്തുമ്പോൾ കടന്നാക്രമണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി; തലവേദനയാകുന്നത് ദൃക്സാക്ഷിയുടെ ചാനൽ വെളിപ്പെടുത്തൽ; കൊലയ്ക്ക് കാരണം 'പാർട്ടി ശത്രുത' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോട്ടേക്കാട്ട് ഷാജഹാന്റെ കൊലയ്ക്കു പിന്നിൽ ബിജെപിയാണെന്ന വാദം വിവാദത്തിലേക്ക് കൊലപാാതകത്തിന് പിന്നിൽ എട്ടംഗ സംഘമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്. കൊലപാതക കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്‌പി വി.കെ.രാജുവിനാണ് മേൽനോട്ടച്ചുമതല. നാലു സിഐമാരും പ്രത്യേക സംഘത്തിലുണ്ടാകും. എകെജി സെന്ററിൽ പടക്കം എറിഞ്ഞ ആളിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. അത് കോൺഗ്രസുകാരാണെന്നാണ് സിപിഎം ആദ്യം ആരോപിച്ചത്. പിന്നീട് സംശയം സിപിഎം പ്രവർത്തകരിലേക്ക് തന്നെ നീണ്ടു. കേസിൽ പ്ര്തിയെ പിടിച്ചുമില്ല. ഇതിനിടെയാണ് ഷാജഹാൻ കൊലയിലെ ആർഎസ്എസ് ബന്ധത്തിലും സിപിഎമ്മിന് അടി തെറ്റുന്നത്.

ഷാജഹാനും കൊലക്കേസ് പ്രതിയായിരുന്നു. ഷാജഹാന്റെ കൂട്ടുപ്രതികളും ഇതേ കൊലക്കേസിൽ പ്രതികൾ. അന്ന് എല്ലാവരും സിപിഎമ്മുകാർ. അതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളിലുണ്ടായ പ്രശ്‌നമാണ് ഇപ്പോഴത്തെ കൊലയ്ക്ക് കാരണമെന്ന് വ്യക്തമാണ്. ഈ മേഖലയിൽ ചിലർ സിപിഎമ്മുമായി തെറ്റി പിരിഞ്ഞ് ആർ എസ് എസിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ ഷാജഹാന്റെ കൊലയിൽ പ്രാദേശികവും വ്യക്തിപരവുമായി ബന്ധമുള്ള പ്രശ്‌നങ്ങൾക്ക് അപ്പുറം രാഷ്ട്രീയ വിഷയങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് നിഗമനവും. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാതിരിക്കാൻ പൊലീസ് തൽക്കാലം വിഷയത്തിൽ മൗനം തുടരും.

അതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലും തുടർന്ന് ഷാജഹാന്റെ വീട്ടിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ സംസ്‌കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഷാജഹാന്റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിലെത്തിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീട്ടിലും അന്തിമോപചാരമർപ്പിച്ചു. മൂന്ന് മണിയോടെ കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഷാജഹാന്റെ മൃതദേഹം സംസ്‌കരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലേപ്പുള്ളിയിലും കൊട്ടേക്കാട്ടും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിച്ചു. സിപിഎം സെക്രട്ടേറിയറ്റാണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 'ഇന്നലെ രാത്രി എസ്‌പി പറഞ്ഞതുകൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ്. എന്നാൽ പൊലീസ് എഫ്‌ഐആറിൽ രാഷ്ട്രീയമായ പ്രശ്‌നം ഉണ്ടെന്നു പറയുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് ദൃക്‌സാക്ഷി പറഞ്ഞത്. പൊലീസ് അത് കൃത്യമായി അന്വേഷിച്ച് ആരാണ് കുറ്റവാളികളെന്ന് പുറത്തുകൊണ്ടുവരണം. എസ്‌പി പറഞ്ഞതിനോട് സാമ്യമുള്ളതും എന്നാൽ എഫ്‌ഐആറിൽ പറഞ്ഞതിനു വിരുദ്ധവുമായാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം പല കാര്യത്തിലും സെൽഫ് ഗോൾ അടിക്കുകയാണ്. അതുകൊണ്ട് ബാക്കിയുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സാധാരണ ശ്രമിക്കുന്നത്. അത് പൊതുവായി പറഞ്ഞതാണ്. സിപിഎമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്‌സാക്ഷി പറഞ്ഞരിക്കുന്നത്, അതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ.' സതീശൻ പറഞ്ഞു.

ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. അതിനിടെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഫേസ്‌ബുക്ക് പോസ്റ്റിൽ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല. എന്നാൽ ആർഎസ് എസാണ് കൊലപാതകത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അതു പറയുന്നുമില്ല. ''പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.''മുഖ്യമന്ത്രി കുറിച്ചു.

ഷാജഹാൻ കൊലപാതക കേസിലേക്ക് നയിച്ചത് പാർട്ടിക്കുള്ളിൽ രൂപം കൊണ്ട് പ്രശ്നങ്ങളെന്ന സൂചനയുമായി കുടുംബവും രംഗത്തു വന്നു. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായത് മുതൽ ഒരു വർഷമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാാണ് ഷാജഹാന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.കൊലയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഷാജഹാന്റെ കുടുംബം ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചു. ഇക്കഴിഞ്ഞ ഞ്ച്രാഞ്ച് സമ്മേളനത്തിൽ ഷാജഹാൻ കുന്നംക്കാട് ഞ്ച്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ കഴിയാതിരുന്ന പ്രതികൾ സിപിഐഎം ബന്ധം ഉപേക്ഷിച്ചിരുന്നു. ഇവർ ആർഎസ്എസിൽ ചേർന്നുവെന്നുമാണ് ആരോപണം. ഇതിന് ശേഷമാണ് പ്രതികൾക്ക് ഷാജഹാനുമായി വൈരാഗ്യം ഉണ്ടായതെന്ന് ഷാജഹാന്റെ കുടുംബം വ്യക്തമാക്കി.

ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഇതും പ്രതികളിൽ വൈര്യാഗ്യം ഉയർത്തി. പിന്നീട് ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് മാറ്റി പ്രതികൾ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്‌ളക്‌സ് വെക്കാൻ ശ്രമിച്ചത് ഷാജഹാനും മറ്റു സിപിഐഎമ്മും പ്രവർത്തകരും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. പ്രതികളിൽ ഒരാളായ നവീന്റെ നേതൃത്വത്തിലാണ് ഷാജഹാനെ പ്രതികൾ ആക്രമിച്ചതെന്നും, ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുടെണ്ടെന്നും കുടുംബം പറയുന്നു. മാത്രമല്ല സംഭവ സമയത്ത് ഷാജഹാനൊപ്പം ഉണ്ടായിരുന്ന സുരേഷ് പ്രതികളിൽ ഒരാളുടെ അച്ഛനായതുകൊണ്ട് മാത്രമാണ് ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഇവർ പറയുന്നു.

രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാൻ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിന്റെ നിലപാട്.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതുകൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നതുകൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാജഹാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആർഎസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP