Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വധ ഭീഷണിയുണ്ട് എന്ന് പറഞ്ഞു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി നൽകിയത് വാട്‌സ് അപ്പ് സന്ദേശങ്ങൾ; തൊട്ടുപിന്നാലെ കല്ലമ്പലത്ത് വെച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണം; പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ കാണാതെയായി; പിന്നീട് കണ്ടത് ശ്രീകാര്യത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിനു പിന്നിൽ തൂങ്ങിമരിച്ച നിലയിലും; വർക്കല റിസോർട്ട് ജീവനക്കാരന്റെ മരണത്തിൽ അടിമുടി ദുരൂഹത; ഷൈജു സത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്ത്

വധ ഭീഷണിയുണ്ട് എന്ന് പറഞ്ഞു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി നൽകിയത് വാട്‌സ് അപ്പ് സന്ദേശങ്ങൾ; തൊട്ടുപിന്നാലെ കല്ലമ്പലത്ത് വെച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണം; പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ കാണാതെയായി; പിന്നീട് കണ്ടത് ശ്രീകാര്യത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിനു പിന്നിൽ തൂങ്ങിമരിച്ച നിലയിലും; വർക്കല റിസോർട്ട് ജീവനക്കാരന്റെ മരണത്തിൽ അടിമുടി ദുരൂഹത; ഷൈജു സത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ രംഗത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീകാര്യത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ട ഷൈജു സത്യന്റെ (41) മരണത്തിൽ അടിമുടി ദുരൂഹത. കല്ലമ്പലത്ത് നിന്ന് ഞായറാഴ്ച അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനു ഇരയായതിനെ തുടർന്നാണ് ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും യുവാവിനെ എത്തിച്ചത്. മുഖത്ത് ഏറ്റ പരുക്കിനെ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും സ്റ്റിച്ച് ഇട്ടിരുന്നു. എക്‌സ്‌റേ എടുക്കാനുണ്ട് പുറത്ത് കാത്ത് നിൽക്കണം എന്ന് പറഞ്ഞു കാത്ത് നിർത്തിയ ഷൈജു ആശുപത്രിയിൽ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു.

കല്ലമ്പലത്ത് നിന്നും തനിക്ക് മർദ്ദനമെറ്റ കാര്യം ഷൈജു വീട്ടിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ഷൈജുവിനെ കാണാൻ കഴിഞ്ഞില്ല. കടയ്ക്കൽ ബന്ധുവീട്ടിൽ പോയിരുന്ന ഷൈജു മൊബൈൽ അവിടെ വെച്ച് മറന്നിരുന്നു. അതിനാൽ മൊബൈലിലും ഷൈജുവിനെ ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ പൊലീസിൽ പരാതി നൽകിയ ശേഷം യുവാവിനായുള്ള അന്വേഷണത്തിലായിരുന്നു. പിന്നീട് ഇന്നലെ രാവിലെയാണ് ശ്രീകാര്യത്ത് ഐസിസിഐ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിന്നിൽ ഷൈജുവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

വർക്കലയിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഷൈജു ജോലി ചെയ്തുകൊണ്ടിരുന്നത്. ഇത് ഏത് റിസോർട്ട് ആണെന്ന് ബന്ധുക്കൾക്കും നിശ്ചയമില്ല. ഷൈജുവിന്റെ മരണത്തിനു പിന്നിലുള്ള ദുരൂഹത ചികഞ്ഞു ശ്രീകാര്യം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ശ്രീകാര്യം പൊലീസ് സംഘം രാവിലെ തന്നെ അന്വേഷണവുമായി ബന്ധപ്പെട്ട് വർക്കലയ്ക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞുമാത്രമേ ആത്മഹത്യയാണോ എന്ന കാര്യത്തിൽ നിഗമനത്തിൽ എത്താൻ കഴിയൂ എന്നാണ് ശ്രീകാര്യം പൊലീസ് മറുനാടനോട് പറഞ്ഞത്. ആദ്യം കോവിഡ് പരിശോധന നടത്തണം. അതിന്റെ റിസൾട്ട് ലഭിച്ചാൽ മാത്രമേ പോസ്റ്റ്മോർട്ടം നടത്താൻ കഴിയൂ. അതിനാൽ പോസ്റ്റ്മോർട്ടത്തിനും താമസം എടുക്കുമെന്നാണ് പൊലീസ് പറഞ്ഞത്.

ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയാണ് ഷൈജു. ഭാര്യവീടാണ് വർക്കലയുള്ളത്. മെഡിക്കൽ കോളേജിൽ നിന്നും അപ്രത്യക്ഷനായ ഷൈജു നേരെ ചാവടിമുക്ക് എത്തി. അതിനു ശേഷമാണ് തൂങ്ങിമരിച്ച നിലയിൽ ഷൈജുവിനെ കാണുന്നത്. വളരെ ബുദ്ധിമുട്ടി മാത്രമേ ഷൈജു തൂങ്ങി നിൽക്കുന്ന ബാങ്ക് കെട്ടിടത്തിനു പിന്നിലേക്ക് എത്താൻ കഴിയൂ. ബാങ്കിന് മുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് തൂങ്ങിയ നിലയിൽ ഷൈജുവിനെ കാണുന്നത്. ഷൈജു തൂങ്ങിമരിച്ച വീടിനു സമീപത്തെ എസിയിൽ ചോരപ്പാടുണ്ട്. മർദ്ദനമേറ്റ ലക്ഷണങ്ങൾ മുഖത്തുമുണ്ട്. അതുകൊണ്ട് തന്നെയാണ് മരണം ആത്മഹത്യ തന്നെയാണോ എന്ന് പൊലീസ് സംശയിക്കുന്നത്.

കടയ്ക്കൽ ഷൈജുവിനു കുടുംബവീടുണ്ട്. അവിടെ പോയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കടയ്ക്കൽ കുടുംബവീട്ടിൽ നിന്നും ഇറങ്ങിയത്. അതിനു ശേഷമാണ് കല്ലമ്പലത്തിൽ എത്തുന്നത്. കല്ലമ്പലത്ത് നിന്നാണ് ഷൈജുവിനു മർദ്ദനം എൽക്കുന്നത്. അവിടെ കാര്യമായി കൂട്ടുകാരും ബന്ധങ്ങളുമൊന്നും ഷൈജുവിനില്ല. അതുകൊണ്ട് തന്നെ കല്ലമ്പലത്ത് വെച്ച് ഏറ്റ മർദ്ദനത്തിൽ ദുരൂഹതയുണ്ട് എന്നാണ് ഷൈജുവിന്റെ ബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചത്. മർദ്ദനമേറ്റതുമായി ബന്ധപ്പെട്ടു കുടുംബത്തിനു ഒരു പാട് സംശയങ്ങളുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് ഷൈജു സന്ദേശം അയച്ചിരുന്നു.

തനിക്ക് ചിലരിൽ നിന്നും വധഭീഷണിയുണ്ട് എന്നാണ് സന്ദേശത്തിൽ പറഞ്ഞത്. പക്ഷെ ആരിൽ നിന്നാണ് വധഭീഷണി എന്നും എന്താണ് പ്രശ്‌നമെന്നും ഷൈജു ആരോടും വെളിപ്പെടുത്തിയില്ലാ എന്നാണ് അടുത്ത ബന്ധുവായ റെക്‌സ് മറുനാടനോട് പറഞ്ഞത്. ബന്ധുക്കൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാക്കുകയാണ്. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP