Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ 'വികൃതി'; ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം

നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ 'വികൃതി'; ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊച്ചി മെട്രോയിൽ അറിയാതെ കിടന്നുറങ്ങി വൈറലായ യുവാവ്. നേരിടേണ്ടി വന്ന അപമാനം. സംഭവിച്ചത് എന്തെന്ന് പിന്നീട് സിനിമയിലൂടെ മലയാളി കണ്ടു. സുരാജ് വെഞ്ഞാറമൂടിന്റെ വികൃതി നമ്മോട് പറഞ്ഞത് ഇനി ആരും ഈ ക്രുരത കാട്ടരുതെന്നായിരുന്നു. വീണ്ടും അത് ആവർത്തിക്കപ്പെട്ടു. ഇത്തവണ ട്രെയിനിലായിരുന്നില്ല. ബസിൽ.

അവശനായി കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്. കൊലക്കേസ് പ്രതികൾ കെ എസ് ആർ ടി സിയിൽ കണ്ടക്ടറായി എത്തുന്നു. ഇതിന്റെ ദുരന്തമാണ് അനിക്കുണ്ടായത്.

ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന രാമഭദ്രൻ 2010 ഏപ്രിൽ 10നാണ് കൊല്ലപ്പെട്ടത്. രാത്രി 10ന് വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിൽ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയവൈരമായിരുന്നു കൊലക്ക് കാരണം. അഞ്ചലിൽ നടന്ന ഡിവൈഎഫ്ഐ പ്രതിരോധ ക്യാമ്പിന് നേതൃത്വം നൽകിയ ഗിരീഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് വിവാദങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം പത്മകുമാർ ഉൾപ്പെടെ പത്തോളംപേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ, രാമഭദ്രന്റെ ഭാര്യ വി എസ്. ബിന്ദു കൊലക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു. തുടർന്ന് നടന്ന അന്വേഷണമാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രബല നേതാക്കളുടെ അറസ്റ്റിൽ കലാശിച്ചത്. ഈ കേസിലാണ് രാജീവ് മാപ്പുസാക്ഷിയായത്. ഈ കൊല നടക്കുമ്പോൾ നെട്ടയം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രാജീവ്. ഈ രാജീവാണ് ബസിലെ വികൃതിയിലൂടെ അനിയുടെ ജീവനെടുത്തത്.

നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്‌തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.

മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു. ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്.

നെട്ടയം രാമഭദ്രനെ കമ്മ്യൂണിസ്റ്റ് കൊലയാളികൾ ഭാര്യയുടേയും പെൺമക്കളുടേയും മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കേസിന്റെ വിചാരണയുടെ കാലതാമസം ചൂണ്ടിക്കാട്ടി രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐക്കോടതിയിൽ ഒക്ടോബർ 19ന് ആരംഭിക്കുകയാണ്. 2010 ഏപ്രിൽ 10ന് രാത്രിയിലാണ് വീടു തല്ലിത്തകർത്ത് അകത്തു കയറിയ കൊലയാളികൾ ഭാര്യക്കും മക്കൾക്കുമൊപ്പം അത്താഴം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ വെട്ടിനുറുക്കിയത്. പ്രദേശത്തെയാകെ പിടിച്ചുകുലുക്കിയ കൊലപാതകം നടത്തിയത് ജില്ലയിലെ കണ്ണൂർ മോഡൽ കൊലയാളി സംഘമായിരുന്നു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് മാക്സൺ, സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.അഫ്സൽ, ഡിവൈഎഫ്.ഐ പുനലൂർ ഏരിയാ നേതാവ് റിയാസ്, ഇളമാട് വില്ലേജ് സെക്രട്ടറി മുനീർ എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി അന്വേക്ഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പത്മകുമാർ, ജില്ലയിലെ പ്രമുഖ നേതാവ് എസ്.ജയമോഹൻ എന്നിവരും ഗൂഢാലോചനയിലും പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതിലും സിബിഐ പിടിയിലായി.

മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ പിഎ അടക്കമുള്ള സിപിഎം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്. 21 പേരുള്ള പ്രതിപ്പട്ടികയിൽ നിന്നും 2 പ്രതികളെ കുറവു ചെയ്ത് കോടതി മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. ഇങ്ങനെ മാപ്പു സാക്ഷിയായ വ്യക്തിയാണ് രാജീവ്. പുനലൂർ, അഞ്ചൽ മേഖലകളിലെ സിപിഎം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ, സംശുദ്ധ രാഷ്ട്രീയ പ്രവർത്തനഫലമായി സിപിഎം വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. സിപിഎം പാർട്ടിയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കിൽ നിന്നുടലെടുത്ത ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായി സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സിപിഎം കൊല്ലം മുൻ ജില്ലാകമ്മിറ്റി അംഗം ബാബു പണിക്കർ, മുൻ അഞ്ചൽ ഏരിയാ സെക്രട്ടറി പി.എസ്. സുമൻ, ഡിവൈഎഫ്ഐ നേതാവ് പുനലൂർ റിയാസ്, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗം കുണ്ടറ മാർക്സൺ യേശുദാസ്, സിപിഎമ്മുകാരായ ഗിരീഷ് കുമാർ, ജെ. പത്മൻ, ടി.അഫ്സൽ, നജുമൽ ഹുസൈൻ, ഷിബു, വി. വിമൽ, എസ്. സുധീഷ്, ഷാൻ, രതീഷ്, ബിജു, ജി. രഞ്ജിത്, കൊച്ചുണ്ണി എന്ന സാലി, മുനീർ എന്ന റിയാസ്, ജയമോഹൻ, റോയിക്കുട്ടി എന്നിവരാണ് 19 പ്രതികൾ. ഇവരടക്കം 21 സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികൾ.

2010ൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പുനലൂരിൽ വെച്ച് പ്രതിരോധ സംഗമം നടത്തിയിരുന്നു. അന്നുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഗിരീഷിന് പരിക്കേറ്റിരുന്നു. ആ കേസിലെ പ്രതികളെ കോൺഗ്രസ് നേതാവായ രാമഭദ്രൻ പുറത്തിറക്കിയാതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. രാമഭദ്രന് ഒരു പണികൊടുക്കണമെന്ന് ഗിരീഷ് പാർട്ടി നേതാക്കളുടെ മുന്നിൽ വച്ച് പറഞ്ഞെന്നും മൊഴിയിൽ പറയുന്നു. നെട്ടയം ബ്രാഞ്ച് സെക്രട്ടറി രാജീവ്, ഏരൂർ ലോക്കൽ സെക്രട്ടറി ജെ പത്മൻ എന്നിവരുടെ മുന്നിൽ വച്ചാണ് ഗിരീഷ് പ്രതികാരം ചെയ്യണമെന്ന് പറയുന്നത് എന്നായിരുന്നു മൊഴി. സിബിഐയ്ക്ക് മുമ്പിൽ ഇത് ഏറ്റു പറഞ്ഞാണ് രാജീവ് മാപ്പുസാക്ഷിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP