Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ഒപി ടിക്കറ്റിന്റെ പുറകിലായിരുന്നില്ല ആ ആത്മഹത്യാ കുറിപ്പ്; എ ഫോർ സൈസിലുള്ള നാല് പേപ്പറിൽ എല്ലാം വ്യക്തമായി എഴുതി ജീവനൊടുക്കിയ ഡോ ഷഹ്ന; ആ കത്ത് കൈയിൽ കിട്ടിയിട്ടും രഹസ്യമാക്കാൻ താൽപ്പര്യം കാട്ടിയ ലോക്കൽ പൊലീസ്; ഡിസിപിയുടെ വാക്കുകളും അട്ടിമറിക്കുള്ള സൂചന; റുവൈസിനെ രക്ഷിക്കാൻ ശ്രമിച്ചത് ആര്?

ഒപി ടിക്കറ്റിന്റെ പുറകിലായിരുന്നില്ല ആ ആത്മഹത്യാ കുറിപ്പ്; എ ഫോർ സൈസിലുള്ള നാല് പേപ്പറിൽ എല്ലാം വ്യക്തമായി എഴുതി ജീവനൊടുക്കിയ ഡോ ഷഹ്ന; ആ കത്ത് കൈയിൽ കിട്ടിയിട്ടും രഹസ്യമാക്കാൻ താൽപ്പര്യം കാട്ടിയ ലോക്കൽ പൊലീസ്; ഡിസിപിയുടെ വാക്കുകളും അട്ടിമറിക്കുള്ള സൂചന; റുവൈസിനെ രക്ഷിക്കാൻ ശ്രമിച്ചത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ. ഷഹ്നയുടെ മുറിയിൽ നിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് 4 പേജുള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചമച്ചതെല്ലാം കഥയോ? ഗുരുതരമായ അനാസ്ഥ പൊലീസിന് കേസന്വേഷണത്തിലുണ്ടായി. ആരെയോ രക്ഷിക്കാൻ ബോധപൂർവ്വമായി ശ്രമിച്ചു. എന്തിനായിരുന്നു ഇതെന്ന് പൊലീസിലെ ഉന്നതർക്കും മനസ്സിലാകുന്നില്ല. മാധ്യമ കരുതൽ ഒന്നു കൊണ്ടു മാത്രമാണ് കേസ് തെളിയുന്നത്. ഡോ റുവൈസിനെ രക്ഷിക്കാൻ പൊലീസ് എല്ലാ അർത്ഥത്തിലും ശ്രമിച്ചു. തെറ്റിധരിപ്പിക്കുന്ന വാർത്തകളാണ് പൊലീസ് നൽകിയത്.

'എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്...' എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്. സ്ത്രീധന പ്രശ്‌നത്തെക്കുറിച്ചു പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ കുറിപ്പിൽ ഇല്ലെന്നും തിങ്കളാഴ്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ പറഞ്ഞിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുകായണ് മനോരമ. എന്നാൽ ഇതിനൊപ്പം ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ പുതിയ വിശദീകരണവും മനോരമ തന്നെ ഇന്ന് നൽകുന്നു. ഈ രണ്ടു പ്രതികരണങ്ങളും തെളിയിക്കുന്നത് അട്ടിമറി സൂചനകളാണ്. എന്തിനാണ് പൊലീസ് ഇത്തരമൊരു കേസിൽ ഇങ്ങനെ പറഞ്ഞതെന്ന് ആർക്കും അറിയില്ല. ഇതാണ് ദുരൂഹമായി തുടരുന്നത്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ പിന്നിലാണു കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, 4 പേജുള്ള കുറിപ്പാണ് ഷഹ്നയുടെ താമസസ്ഥലത്തു നിന്നു കണ്ടെടുത്തതെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ നിതിൻരാജ് 'മനോരമ'യോടു പറഞ്ഞു. എ 4 സൈസിലുള്ള കടലാസിലാണ് കുറിപ്പെഴുതിയത്. ചിലരെക്കുറിച്ചു ഗുരുതര പരാമർശങ്ങൾ കുറിപ്പിലുണ്ടെന്നും ഇതു വെളിപ്പെടുത്താൻ കഴിയില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ വാക്കുകൾ തുടക്കത്തിലെ അന്വേഷണ വീഴ്ചയ്ക്കും ഗൂഢാലോചനയ്ക്കും തെളിവാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം. മന്ത്രി വീണാ ജോർജിന്റെ ഇടപെടലാണ് ഇതിനെല്ലാം കാരണമായത്. സ്ത്രീധന പീഡനത്തെ വിസ്മയ കേസിന് സമാനമായി മന്ത്രി കണ്ടു. കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ബോധിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളേജ് പൊലീസിന് സത്യം പറയേണ്ട അവസ്ഥ വന്നു. സ്‌പെഷ്യൽ ബ്രാഞ്ചും വീഴ്ച തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഡോ റുവൈസിനെതിരെ അന്വേഷണം എത്തിയത്. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹരിലാൽ തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈബർ സിറ്റി അസി.കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. എസിപി വന്നതോടെ അന്വേഷണം ശരിയായ ദിശയിലായി.

''സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്....'' കുറിപ്പിൽ ഇങ്ങനെ പറയുന്നതായി എസ്എച്ച്ഒയുടെ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഷഹ്നയുടെ മരണ ദിവസം പൊലീസിനെ വിളിച്ച മാധ്യമ പ്രവർത്തകരിൽ നിന്നും ഈ വാചകങ്ങൾ മനപ്പൂർവ്വം പൊലീസ് മറച്ചു വച്ചുവെന്നത് യാഥാർത്ഥ്യമാണ്.

റുവൈസുമായുള്ള അടുപ്പം, വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടത്, ആ കുടുംബത്തിന്റെ അവഗണന തുടങ്ങിയവ കത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ടെന്നാണു സൂചന. ആപൽഘട്ടം വന്നപ്പോൾ ചിലർ തനിക്കൊപ്പം നിന്നില്ലെന്നും കത്തിൽ പറയുന്നതായി അറിയുന്നു. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഷഹ്നയുടെ കുറിപ്പും കോടതിക്കു കൈമാറി. ഫൊറൻസിക് ലബോറട്ടറിയിലെ ഡോക്യുമെന്റേഷൻ വിഭാഗത്തിൽ ഇതു പരിശോധിക്കും. ഉന്നത പൊലീസ് നേതൃത്വത്തിന്റെ ഇടപെടൽ ഫലമാണ് ഇത്.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ലഭിക്കാനുള്ളതുകൊണ്ടാണു റുവൈസിനെ പ്രതിയാക്കി തുടക്കത്തിൽ കേസെടുക്കാഞ്ഞതെന്നും നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂവെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. ഷഹ്നയുടെ സഹോദരി സറീന, മാതാവ് ജലീല ബീവി എന്നിവരുടെ മൊഴിയെ തുടർന്നാണ് സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും റുവൈസിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP