Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

എന്റെ കൺമുന്നിലിട്ട് നാണിയെ അവർ തല്ലിച്ചതച്ചു; എല്ലാരും നോക്കിനിന്നതേയുള്ളൂ; ആരുമെത്തിയില്ല ഓനെ രക്ഷിക്കാൻ; വീട്ടിലെത്തി ഷർട്ട് ഊരിയപ്പോഴാണ് മർദിച്ച പാടുകൾ കാണുന്നത്; ഇനി ജീവിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് അവൻ വിഷം കഴിച്ചതെന്ന് നെഞ്ചു പൊട്ടി വിലപിക്കുന്ന അമ്മ; ടോർച്ച് ഉപയോഗിച്ചു മർദിച്ചെന്നും നഗ്‌നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നും അനുജന്റെ മൊഴി; പ്രണയത്തിന് ഷാഹിർ ജീവതം വില കൊടുത്തിട്ടും ക്രൂരന്മാരെ പിടിക്കാതെ പൊലീസ്; മലപ്പുറത്തെ ആൾക്കൂട്ടക്കൊലയിൽ പ്രതിഷേധം ശക്തം

എന്റെ കൺമുന്നിലിട്ട് നാണിയെ അവർ തല്ലിച്ചതച്ചു; എല്ലാരും നോക്കിനിന്നതേയുള്ളൂ; ആരുമെത്തിയില്ല ഓനെ രക്ഷിക്കാൻ; വീട്ടിലെത്തി ഷർട്ട് ഊരിയപ്പോഴാണ് മർദിച്ച പാടുകൾ കാണുന്നത്; ഇനി ജീവിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് അവൻ വിഷം കഴിച്ചതെന്ന് നെഞ്ചു പൊട്ടി വിലപിക്കുന്ന അമ്മ; ടോർച്ച് ഉപയോഗിച്ചു മർദിച്ചെന്നും നഗ്‌നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നും അനുജന്റെ മൊഴി; പ്രണയത്തിന് ഷാഹിർ ജീവതം വില കൊടുത്തിട്ടും ക്രൂരന്മാരെ പിടിക്കാതെ പൊലീസ്; മലപ്പുറത്തെ ആൾക്കൂട്ടക്കൊലയിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയ്ക്കൽ: ''എന്റെ കൺമുന്നിലിട്ട് നാണിയെ അവർ തല്ലിച്ചതച്ചു. എല്ലാരും നോക്കിനിന്നതേയുള്ളൂ. ആരുമെത്തിയില്ല ഓനെ രക്ഷിക്കാൻ... തടയാൻ ചെന്ന ചെറിയമോനെയും അവർ തല്ലി. പെറ്റമ്മയുടെ കണ്ണീർ കണ്ടിട്ടുപോലും അവരുടെ മനസ്സ് അലിഞ്ഞില്ല. ഞാൻ എത്തുമ്പോൾ മുന്നൂറോളം ആളുകൾ എന്റെ നാണിയെ തല്ലിച്ചതയ്ക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. കരഞ്ഞുപറഞ്ഞിട്ടും ആർക്കും തടയാൻ തോന്നിയില്ലല്ലോ റബ്ബേ...'- ഷാഹിറിന്റെ മാതാവ് ഷൈലജയുടെ കണ്ണിനീരിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Stories you may Like

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് വിഷം കഴിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഷാഹിർ ആത്മഹത്യ ചെയ്തത് അറിഞ്ഞതിനു പിന്നാലെ പെൺസുഹൃത്തും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവഗുരുതമായി തുടരുകയാണ്. ഇതിനിടെയാണ് ഉണ്ടായ ക്രൂരത ഷാഹിറിന്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പങ്കുവയ്ക്കുന്നത്. ഞായറാഴ്ച രാത്രി ബൈക്കിൽ പോകുകയായിരുന്ന ഷാഹിറിനെ സുഹൃത്തായ പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നെന്ന് പൊലീസും സമ്മതിക്കുന്നു. വിവരം അറിഞ്ഞ് അമ്മ ഷൈലജയോടൊപ്പം സ്ഥലത്തെത്തിയ അനുജൻ ഷിബിലിനെയും അവർ മർദ്ദിച്ചു. രാത്രി ഒൻപതുമുതൽ പന്ത്രണ്ടുമണിവരെ മർദിച്ചതായാണ് പരാതി. മൊബൈൽഫോൺ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

രാത്രി പത്തുമണിയായിട്ടും വീട്ടിൽ എത്താത്തതിനെത്തുടർന്നാണ് അവർ ഫോണിൽ വിളിച്ചത്. ഫോൺ കട്ട്‌ചെയ്തപ്പോൾത്തന്നെ പേടി തോന്നിയിരുന്നുവെന്ന് ഷൈലജ പറയുന്നു. സാധാരണ അങ്ങനെ ചെയ്യാറില്ല. ഫോൺ അക്രമികളുടെ കൈവശമായിരുന്നു. പത്തുമണിക്കും മോനെ കാണാത്തതിനെത്തുടർന്നാണ് പിതാവും മറ്റുള്ളവരും അവനെ തിരഞ്ഞ് ഇറങ്ങിയത്. ആക്രമണം കണ്ട ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് വീട്ടുകാർ മർദനവിവരം അറിഞ്ഞത്. ഷാഹിറിനെയും കൂട്ടി വീട്ടിലെത്തി ഷർട്ട് ഊരിയപ്പോഴാണ് മർദിച്ച പാടുകൾ കാണുന്നത്. വലിയ ടോർച്ച്‌കൊണ്ടും മറ്റും അവർ തല്ലിയെന്ന് ഷാഹിർ പറഞ്ഞതായും ഷൈലജ പറഞ്ഞു. ഇനി ജീവിക്കാൻ കഴിയില്ലെന്നുപറഞ്ഞാണ് അവൻ വിഷംകഴിച്ചത്. അപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മകനെ രക്ഷിക്കാൻ കഴിയാത്തതിന്റെ സങ്കടം അവരുടെ വാക്കുകളിൽ നിറഞ്ഞു.

കാമുകിയുടെ മർദനത്തിൽ മനംനൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഷിബിലിന്റെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസെടുത്തതായി കോട്ടയ്ക്കൽ പൊലീസ് അറിയിച്ചു. മർദ്ദനം കാരണമല്ല ഷാഹിർ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇൻക്വസ്റ്റ് നടപടികളിലും മരണത്തിന് കാരണമാകുന്ന തരത്തിലുള്ള മർദ്ദനമേറ്റ പാടുകൾ കണ്ടെത്താനായിട്ടില്ല. വിഷം അകത്ത് ചെന്നാണോ, മർദ്ദനമേറ്റത് കാരണമാണോ മരണം സംഭവിച്ചത് എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തത വരും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടർ നടപടികൾ.

അതേസമയം ഷാഹിറിനെ മർദ്ദിച്ചവരിൽ, തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെയുള്ള 15 പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാരിയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇതിൽ മനംനൊന്ത് ഷാഹിർ അന്നു രാത്രി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അതിനിടെ, യുവാവിന്റെ മരണവാർത്തയറിഞ്ഞ് പെൺകുട്ടിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. പെൺകുട്ടിയുമായി ഷാഹിർ സൗഹൃദത്തിലായിരുന്നെന്നും ഇതു ബന്ധുക്കൾ എതിർത്തിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വീട്ടുപരിസരത്തുകൂടി ഷാഹിർ ബൈക്കിൽ പോകുന്നതു കണ്ട ബന്ധുക്കൾ യുവാവിനെ മർദിച്ചെന്നാണു കേസ്.

ടോർച്ച് ഉപയോഗിച്ചു മർദിച്ചെന്നും നഗ്‌നചിത്രം എടുത്തു ഭീഷണിപ്പെടുത്തിയെന്നുമാണു ഷാഹിറിന്റെ സഹോദരൻ ഷിബിൽ പൊലീസിനു നൽകിയ മൊഴി. ഇതു തടയാൻ ശ്രമിച്ചപ്പോഴാണു ഷിബിലിനു മർദനമേറ്റത്. പരുക്കേറ്റ ഷിബിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP