Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചി പഴയ കൊച്ചിയല്ല.. നിന്റെ കാലുതല്ലിയൊടിക്കുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നും ഭീഷണി; മൊബൈൽ റെക്കോഡ് മോദിലിട്ടപ്പോൾ തട്ടിപ്പറിക്കാൻ നോക്കിയിട്ട് എന്റെ മാറിടത്തിൽ മൂന്നുതവണ ആഞ്ഞിടിച്ചു; ലൈംഗികാതിക്രമവും തെറിവിളിയും ഏറിയപ്പോൾ എന്നെ രക്ഷിച്ചത് താജ് ഗേറ്റ് വേ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ; വാടക കുടിശിക പ്രശ്‌നം തീർക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയിട്ട് എന്നെ തീർക്കുമെന്നും ഭീഷണി; ലേക്‌ഷോർ ആശുപത്രി ഡയറക്ടർ കെ.എൻ.പ്രഭാകരൻ നായർക്കും മകനുമെതിരെ വനിതാ ഡോക്ടറുടെ പരാതി

കൊച്ചി പഴയ കൊച്ചിയല്ല.. നിന്റെ കാലുതല്ലിയൊടിക്കുമെന്നും കുടുംബത്തെ നശിപ്പിക്കുമെന്നും ഭീഷണി; മൊബൈൽ റെക്കോഡ് മോദിലിട്ടപ്പോൾ തട്ടിപ്പറിക്കാൻ നോക്കിയിട്ട് എന്റെ മാറിടത്തിൽ മൂന്നുതവണ ആഞ്ഞിടിച്ചു; ലൈംഗികാതിക്രമവും തെറിവിളിയും ഏറിയപ്പോൾ എന്നെ രക്ഷിച്ചത് താജ് ഗേറ്റ് വേ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാർ; വാടക കുടിശിക പ്രശ്‌നം തീർക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയിട്ട് എന്നെ തീർക്കുമെന്നും ഭീഷണി; ലേക്‌ഷോർ ആശുപത്രി ഡയറക്ടർ കെ.എൻ.പ്രഭാകരൻ നായർക്കും മകനുമെതിരെ വനിതാ ഡോക്ടറുടെ പരാതി

എം മനോജ് കുമാർ

 കൊച്ചി: വാടകകുടിശിക പ്രശ്‌നം പരിഹരിക്കാൻ എന്ന വ്യാജേനെ കൊച്ചിയിലെ വനിതാ ഡോക്ടറെ താജ് ഗേറ്റ് വേ ഹോട്ടലിൽ വിളിച്ചുവരുത്തി ദേഹോപദ്രവമേല്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പരാതിയിൽ ലേക്ക് ഷോർ ആശുപത്രി ഡയറക്ടർ കെ.എൻ.പ്രഭാകരൻ നായർക്കും അഭിഭാഷകനായ ജോൺ ടി സെബാസ്റ്റ്യനുമെതിരെ കൊച്ചി സെൻട്രൽ പൊലീസിൽ പരാതി. വാടകകുടിശിക പ്രശ്‌നവും പ്രഭാകരൻ നായരുടെ മകന്റെ പേരിൽ വനിതാ ഡോക്ടർ നൽകിയ വിവിധ പരാതികളും ഒത്തുതീർക്കാൻ വേണ്ടി എത്തിയ വനിതാ ഡോക്ടർക്കാണ് ഗേറ്റ് വേ ഹോട്ടലിൽ ലൈംഗിക അതിക്രമവും തെറിവിളിയും നേരിടേണ്ടി വന്നത്. പ്രഭാകരൻ നായരും അഭിഭാഷകനും കൂടെയുള്ളവരും നടത്തിയ ലൈംഗിക അതിക്രമത്തിൽ നിന്നും കയ്യേറ്റത്തിൽ നിന്നും വനിതാ ഡോക്ടറെ രക്ഷപ്പെടുത്തിയത് താജ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും. താജ് പോലുള്ള ഒരു ഹോട്ടലിൽ ഒരു കൂട്ടം ആളുകൾ ഒരു വനിതയെ കയ്യേറ്റം ചെയ്യുന്നത് കണ്ടു അമ്പരന്നു ഓടിവന്ന സെക്യൂരിറ്റി ജീവനക്കാർ വലയം തീർത്താണ് വനിതയെ രക്ഷിച്ചത്. ഡോക്ടറുടെ മൊബൈൽ ഫോൺ ആക്രമിച്ചവരുടെ കയ്യിൽ നിന്ന് തിരികെ വാങ്ങി നൽകി അലർച്ചയോടെ സെക്യൂരിറ്റി ജീവനക്കാർ പ്രഭാകരൻ നായർക്കും കൂട്ടർക്കും എതിരെ തിരിഞ്ഞപ്പോൾ ഇവർ വന്ന വണ്ടിയിൽ ധൃതിയിൽ പുറത്തേക്ക് രക്ഷപ്പെടുകയും ചെയ്തു.

നിനച്ചിരിക്കാതെ പ്രഭാകരൻ നായരെപ്പോലെ ഒരാളിൽ നിന്നും വന്ന കയ്യേറ്റത്തിലും അവമതിയിലും തകർന്നു പോയ വനിതാ ഡോക്ടറോട് പൊലീസിൽ റിപ്പോർട്ട് ചെയ്യാനും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകാമെന്നും താജ് ജീവനക്കാർ പറഞ്ഞത് പ്രകാരമാണ് വനിതാ ഡോക്ടർ കൊച്ചി സെൻട്രൽ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. താജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊച്ചി പൊലീസ് അതേ ദിവസം രാത്രി തന്നെ എഫ്‌ഐആർ ഫയൽ ചെയ്തു. ലൈംഗിക അതിക്രമവും കയ്യേറ്റവും നടത്തിയതിനാൽ അറസ്റ്റ് ഭയന്ന് പ്രഭാകരൻ നായരും കൂട്ടുപ്രതികളും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. വർഷങ്ങളായി വൈറ്റിലയിലെ ഡോക്ടറുടെ ഇരുപതിലധികം സെന്റ് സ്ഥലവും കെട്ടിടം പ്രഭാകരൻ നായരുടെയും മകന്റെയും കൈവശമാണ്. വൈറ്റിലയിലെ രണ്ടു നില കെട്ടിടത്തിൽ ഇവർ ഹോട്ടൽ നടത്തുകയായിരുന്നു.

എന്നാൽ കഴിഞ്ഞകുറെ മാസങ്ങളായി ഇവർക്ക് വാടക കുടിശിക വരുത്തിയിരുന്നു. ഇത് ചോദിച്ചപ്പോൾ പ്രഭാകരൻ നായരുടെ മകൻ അഭിഷേക് നായർ അവിവാഹിതയായ ഈ വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഹോട്ടൽ കെട്ടിടം ഒഴിഞ്ഞു കൊടുത്തുമില്ല. അഭിഷേക് നായരുടെ ശല്യപ്പെടുത്തലിനെ തുടർന്ന് ഇവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലുമായി നിരവധി പരാതികൾ നൽകിയിരുന്നു. ഈ നിരന്തര പരാതികൾക്ക് ഒടുവിലായാണ് വനിതാ ഡോക്ടർക്ക് അഭിഷേക് നായർ കെട്ടിടം ഒഴിഞ്ഞു കൊടുത്തത്. പക്ഷെ വാടക കുടിശിക ബാക്കിയായിരുന്നു. പൊലീസ് സ്റ്റേഷനുകളിലെ പരാതിയും വാടക കുടിശികയും നിലനിൽക്കെയാണ് പ്രഭാകരൻ നായർ അത് പരിഹരിക്കാൻ എന്ന വ്യാജേനെ വനിതാ ഡോക്ടറെ താജിലേക്ക് വിളിച്ചു വരുത്തുന്നത്. ഒരു സ്ത്രീയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളും പൊതു സ്ഥലത്ത് വെച്ച് മാറിടം നോക്കിയുള്ള ആക്രമണവുമാണ് പ്രഭാകരൻ നായർ അടക്കമുള്ള സംഘത്തിൽ നിന്ന് നേരിടേണ്ടി വന്നത്-വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.

വനിതാ ഡോക്ടറുടെ അനുഭവം മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:

കൊച്ചി വൈറ്റിലയിൽ എന്റെ പിതാവിന് ഒരു ഇരുനില കെട്ടിടവും സ്ഥലവുമുണ്ട്. അഭിലാഷ് നായർ അവിടെ റെസ്റ്റോറന്റ് നടത്തുകയാണ്. ഇവിടുത്തെ ഭക്ഷണത്തിന്റെ പേരിൽ പരാതി വന്നിരുന്നു. ഫുഡ് ഇൻസ്പെക്ടർ വന്നു റെസ്റ്റോറന്റ് പൂട്ടിച്ചു. കഴിഞ്ഞ അഞ്ചാറു മാസമായി വാടക തന്നിട്ടുമില്ല. ഇലക്ട്രിസിറ്റി ബിൽ കുടിശികയുമാണ്. എഴുപതിനായിരത്തോളം രൂപ എന്റെ കയ്യിൽ നിന്നാണ് അടച്ചത്. വാടക ചോദിച്ചത് അഭിഷേക് നായർക്ക് ഇഷ്ടപ്പെട്ടില്ല. അവർക്ക് ഞങ്ങളുടെ സ്ഥലത്തിലും കെട്ടിടത്തിലും ഒരു കണ്ണുണ്ടായിരുന്നു. ഏതു വിധേനയും അത് സ്വന്തമാക്കാനാണ് അവർ ശ്രമിച്ചത്. എന്റെ അച്ഛൻ കിടപ്പിലാണ്. സഹോദരങ്ങൾ ഒന്നും ഇന്ത്യയിലില്ല. ഈ അവസരമാണ് മുതലെടുക്കാൻ അവർ നോക്കിയത്.

അഭിഷേകിനെതിരെ പാലാരിവട്ടം സ്റ്റേഷൻ, വനിതാ സ്റ്റേഷൻ, കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിൽ ഞാൻ വിവിധ പരാതികൾ നൽകിയിട്ടുണ്ട്. കെട്ടിടം ഒഴിയുന്ന ഘട്ടത്തിൽ കെട്ടിടത്തിന്റെ സാധനങ്ങൾ മുഴുവൻ അഭിഷേക് നായർ എടുത്തുകൊണ്ടുപോയി. ഇത് കേസായി മാറിയപ്പോൾ പൊലീസ് അഭിഷേകിനെതിരെ മോഷണം ഫയൽ ചെയ്യുമെന്ന് പറഞ്ഞിരുന്നു. തേക്ക് മരത്തിന്റെ വാതിലുകൾ അടക്കമുള്ളവയാണ് കെട്ടിടത്തിൽ നിന്നും അഭിഷേക് അടിച്ചു മാറ്റിയത്. ഇതെല്ലാം പൊലീസ് നിർദ്ദേശ പ്രകാരം തിരികെ നൽകുകയും ചെയ്തു. ഹോട്ടൽ സ്റ്റാഫിനെ ഉപയോഗിച്ച് വരെ അഭിഷേക് എനിക്കെ നേർക്ക് ആക്രമണം നടത്തിയിട്ടുണ്ട്. ഇതെല്ലാം അതെ ഘട്ടത്തിൽ തന്നെ ഞാൻ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ താജിലേക്ക് എത്തണമെന്ന് ക്ഷണം

വാടക കുടിശികയും അഭിഷേക് നായർക്കുമെതിരെയുള്ള പൊലീസ് പരാതികളും നിലനിൽക്കുന്നതിനാൽ അത് തീർക്കാൻ സംസാരിക്കാൻ വരണമെന്നാണ് പ്രഭാകരൻ നായർ എന്നോട് പറഞ്ഞത്. വാടക തരാം. പ്രശ്‌നങ്ങൾ ഇല്ലാതെ എല്ലാം നമുക്കവസാനിപ്പിക്കാം. പക്ഷെ പ്രഭാകരൻ നായരുടെ കണ്ണ് ഞങ്ങളുടെ വൈറ്റിലയിലെ കെട്ടിടത്തിലും സ്ഥലത്തിലുമായിരുന്നു. ഞാൻ പറഞ്ഞു. അങ്കിളേ അത് ഞങ്ങളുടെ പ്രോപ്പർട്ടിയാണ്. അത് വിൽക്കാൻ ഉദ്ദേശ്യമില്ല. ഗുണ്ടായിസം കാണിക്കുക ശരിയല്ല. വാടകയും തന്നിട്ടില്ല. അപ്പോൾ പ്രഭാകരൻ നായർ പറഞ്ഞു. ഇനി പൊലീസ് സ്റ്റേഷനിലും ഒന്നും പോകേണ്ട ഞാൻ വിളിക്കുന്ന സ്ഥലത്ത് വന്നാൽ മതി. എന്റെ മകൻ നിങ്ങളെ ശല്യപ്പെടുത്തില്ല. അങ്ങിനെ ഞാൻ ഇത് അവസാനിപ്പിച്ചു തരാം എന്ന് പറഞ്ഞു. എന്നോട് താജ് ഗേറ്റ് വേ ഹോട്ടലിൽ എത്താൻ പറഞ്ഞു. എനിക്കും ഈ സംഭവം ഒന്ന് അവസാനിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അഭിഷേക് നായർ ഇതിന്നിടയിൽ കോടതിയിൽ എനിക്ക് എതിരെ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. എന്റെ വസ്തുവിൽ ഞാൻ പ്രവേശിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ ഹർജി നൽകിയത്. അതിന്റെ അവസാന വാദം മാർച്ച് 20 നാണ്. ഇതിനു തൊട്ടു മുൻപേ 19 ആം തീയതിയാണ് പ്രഭാകരൻ നായർ എന്നെ സംസാരിക്കാൻ ക്ഷണിച്ചത്. പ്രഭാകരൻ നായർ മുതിർന്ന ആളാണ്. എല്ലാം അദ്ദേഹം തീർക്കും എന്ന് ഞാനും കരുതി. വാടക തരും. അഭിഷേകിന്റെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കും എന്നൊക്കെയാണ്. എന്റെ മനസിലുണ്ടായത്. പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ നടന്നത്.

വൈകീട്ട് നാല് മണിക്ക് എത്താനാണ് പറഞ്ഞത്. ഞാൻ നാലുമണിക്ക് തന്നെ എത്തി. പക്ഷെ പ്രഭാകരൻ നായർ എത്താൻ വൈകി. എത്താൻ വൈകും എന്ന് എന്നോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതിനനുസരിച്ച് ഞാൻ കാത്തു നിന്നും. അഞ്ചു മണിയും കഴിഞ്ഞ ശേഷമാണ് പ്രഭാകരൻ നായർ എത്തിയത്. നാലഞ്ചുപേർ പ്രഭാകരൻ നായർക്ക് ഒപ്പമുണ്ടായിരുന്നു. അഭിഭാഷകൻ അടക്കമുള്ള ആളുകളുമായാണ് പ്രഭാകരൻ നായർ എത്തിയത്. ഇവരെ എല്ലാം ഞാൻ ആദ്യമായാണ് കാണുന്നതും. വന്നയുടൻ പറഞ്ഞത് നീ നാളെ കോടതിയിൽ ഹാജരാകരുത് എന്നാണ്. കേസ് പിൻവലിക്കണം. ഞാൻ പറഞ്ഞു. ഞാൻ നൽകിയ കേസ് അല്ല. നിങ്ങൾ നൽകിയ കേസ് ആണ്. ഞാൻ അല്ല കേസ് പിൻവലിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ നൽകിയ കേസ് ഞാൻ എങ്ങിനെ പിൻവലിക്കും. അതോടെ ഭീഷണിയായി. എന്റെ കാലു തല്ലിയൊടിക്കും എന്ന് പറഞ്ഞു. ഞങ്ങൾക്ക് ആ പ്രോപ്പർട്ടി വേണം. അതിനുള്ള പണം നൽകും. പക്ഷെ ഞാൻ പറഞ്ഞു. പ്രോപ്പർട്ടി വിൽക്കാനുള്ളതല്ല. പ്രഭാകരൻ നായർ പറഞ്ഞത് ഞങ്ങൾക്ക് തന്നില്ലെങ്കിൽ വേറെയാർക്കും ഈ പ്രോപ്പർട്ടി വിൽക്കാൻ പറ്റില്ല. ആരും വാങ്ങാൻ വരില്ല. ഇതുമാതിരിയുള്ള ഭീഷണിയായി.

കേട്ടാലറയ്ക്കുന്ന തെറിയും ഭീഷണിയും മാത്രമുള്ള രണ്ടു മൂന്നു മണിക്കൂറുകൾ

രണ്ടു മൂന്നു മണിക്കൂറായുള്ള ഭീഷണി തുടർന്നപ്പോൾ ഞാൻ കരയാൻ തുടങ്ങി. ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. ഹോട്ടലിലെ അതിഥികളും കാണുന്നുണ്ട്. അതിനാൽ ഈ സംസാരവും പ്രശ്‌നങ്ങളും അവസാനിപ്പിക്കണം-അവർ പറഞ്ഞു. അതുകൊണ്ടൊന്നും പ്രഭാകരൻ നായരും കൂട്ടരും അടങ്ങിയില്ല. ഇതുകൊച്ചിയാണ്. കാലു തല്ലിയൊടിക്കും... പിന്നെ പറഞ്ഞത് എഴുതാൻ കൊള്ളാത്ത ഭാഷയാണ്. വക്കീൽ പറഞ്ഞു. നിന്റെ പ്രോപ്പർട്ടി നിനക്ക് ഒരിക്കലൂം ലഭിക്കില്ല. നിന്നെ എങ്ങിനെ ഫിക്‌സ് ചെയ്യാം എന്ന് എനിക്ക് അറിയാം. അവരുടെ കൂടെയുള്ള സ്ത്രീ പറഞ്ഞത് നീയൊക്കെ പട്ടിയുടെ ജന്മമാണ് എന്നാണ്. നീയും കുടുംബവും അനുഭവിക്കും. നിങ്ങൾക്ക് ആ സ്ഥലം ഒരിക്കലും തിരികെ ലഭിക്കില്ല-ഇതോടെ ജീവനക്കാർ വീണ്ടും ഇടപെട്ടു. നിങ്ങൾ മുഖം കഴുകി ഇരിക്കണം. ബഹളം ഒഴിവാക്കണം. ഇതോടെ ഞാൻ പറഞ്ഞു. എനിക്ക് വീട്ടിൽ പോകണം. ഞാൻ പോയി മുഖം കഴുകി വന്നു. പക്ഷെ ഇവർ വിടാനുള്ള ഭാവമില്ലായിരുന്നു. ഞങ്ങൾ കൊച്ചിയിലെ ബിസിനസുകാരനാണ്. ഞങ്ങൾക്ക് എന്തും വേണമെങ്കിലും ചെയ്യാം. പാർട്ടിയിൽ പിടിപാടുണ്ട്. പൊലീസിലും പിടിപാടുണ്ട്. ഞങ്ങളെ ആരും ഒന്നും ചെയ്യില്ല. നിന്നെ ഞങ്ങൾ ശാരീരികമായി ഉപദ്രവിക്കും. നിന്റെ അച്ഛനെയും അമ്മയെയും വിടില്ല. നീ ജീവിച്ചിരിക്കില്ല. പിന്നെയും ഭീഷണി വന്നു. പ്രശ്‌നം തീരുന്നില്ലെന്ന് കണ്ട താജ് ജീവനക്കാർ അവരോടു അവിടെനിന്നും ഇറങ്ങാൻ പറഞ്ഞു.

മാറു നോക്കി ആഞ്ഞിടിച്ചു; കൈപിടിച്ചു തിരിച്ചു ഫോൺ തട്ടിപ്പറിക്കാനും ശ്രമം

ഇവർ ഭീഷണിപ്പെടുത്തുന്നത് കണ്ട ഞാൻ ഫോൺ റെക്കോർഡ് മോദിലിട്ടു. പ്രഭാകരൻ നായരുടെ കയ്യിലുള്ള ഒരാൾ അത് കണ്ടുപിടിച്ചു. എന്റെ കയ്യിൽ കയറിപിടിച്ചു. ഫോൺ തട്ടിപ്പറിക്കാൻ നോക്കി. എന്റെ മുലകളിൽ രണ്ടും മൂന്നു തവണ ആഞ്ഞിടിച്ചു. എന്റെ കൈ പിടിച്ചു തിരിച്ചു. ആ പിടി വിട്ടില്ല. എന്റെ കയ്യിൽ നിന്നും ഫോൺ കൈക്കലാക്കാൻ ശ്രമിച്ചു. എന്റെ മാറു നോക്കി ആഞ്ഞിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ലൈംഗിക അതിക്രമ ശ്രമം കണ്ടു സെക്യൂരിറ്റി സ്റ്റാഫ് ഓടി വന്നു.അവരാണ് എന്നെ ലൈംഗിക അതിക്രമത്തിൽ നിന്നും രക്ഷിച്ചത്. എന്റെ പ്രഭാകരൻ നായരുടെ ഗുണ്ടകളിൽ നിന്നും മോചിപ്പിച്ചു തന്നത് സെക്യൂരിറ്റി ജീവനക്കാരാണ്. കൈ തിരിച്ചു പിടിച്ചു എന്നെ മർദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ ഗർജ്ജനം കേട്ടു പ്രഭാകരൻ നായരും സംഘവും വന്ന കാറിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെ നിർദ്ദേശമനുസരിച്ച് ഞാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി.

തുണയായതുകൊച്ചി സെൻട്രൽ പൊലീസ് കാണിച്ച അതീവ ജാഗ്രത

കൊച്ചി സെൻട്രൽ പൊലീസ് വളരെ ശ്രദ്ധയോടെ, ജാഗ്രതയോടെ ഈ കേസിൽ ഇടപെട്ടു. പൊലീസ് അന്ന് രാത്രി തന്നെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് എഫ്‌ഐആർ ഫയൽ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ എന്നെ കാണിച്ച് ആളുകളെ തിരിച്ചറിയാൻ പറഞ്ഞു. എല്ലാം പൊലീസ് ചോദിച്ചു മനസിലാക്കി. ഞാൻ പൊലീസ് സ്റ്റേഷനിൽ തന്നെ കുത്തിയിരുന്നു. രാത്രി ഒരു മണിയായി. അതായത് പിറ്റേദിവസമായി. ഞാൻ കോടതിയിൽ കേസിനു ഹാജരാകേണ്ട ദിവസം. ഒരു മണിയായതിനാൽ പൊലീസ് എന്നെ വീട്ടിൽ പോകുന്നതിൽ നിന്നും തടഞ്ഞു. എന്റെ കാർ സ്റ്റേഷനിൽ പാർക്ക് ചെയ്യാൻ പറഞ്ഞു. എന്നിട്ടു എന്നെ ചൈൽഡ് കെയർ ഷെൽട്ടർ ഹോമിലാക്കി. കോടതിയിൽ പൊലീസ് കൂടിവന്നു. എന്റെ സ്വന്തം വസ്തുവിൽ കയറരുത് എന്ന് പറഞ്ഞു എന്റെ വാടകക്കാരൻ നൽകിയ ഹർജി കോടതി കയ്യോടെ തള്ളി. രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ ഞാൻ മജിസ്ട്രട്ടിനോട് പറയുകയും ചെയ്തു. എന്റെ നേരെ നടന്ന അതിക്രമത്തിൽ പ്രഭാകരൻ നായർ അടക്കം അറസ്റ്റിലാകും എന്ന ഘട്ടം വന്നപ്പോൾ പ്രഭാകരൻ നായർ ആളുകളെ വെളിപ്പെടുത്തി. പക്ഷെ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തപ്പോഴാണ് ആരൊക്കെ എന്ന് മുഴുവൻ പ്രതികളെയും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞത്. കേസ് ഇപ്പോൾ കോടതിയിലാണ്.

ഇപ്പോൾ കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി എനിക്ക് മടുത്തിരിക്കുകയാണ്. നിരന്തര ഭീഷണികളാണ് ഈ കേസിന്റെ പേരിൽ വന്നുകൊണ്ടിരിക്കുകയാണ്. മാനസികമായി തകർക്കാനാണ് പ്രഭാകരൻ നായരുടെയും കൂട്ടരുടെയും ശ്രമം-വനിതാ ഡോക്ടർ പറയുന്നു. വനിതാ ഡോക്ടർക്ക് നേരെ നടന്ന ലൈംഗിക ആക്രമണവും പ്രഭാകരൻ നായർക്കും മറ്റും എതിരെ വന്ന പൊലീസും കേസും കൊച്ചിയിലെ ബിസിനസ് വൃത്തങ്ങളെ നടുക്കിയിട്ടുണ്ട്. കൊച്ചിയിലെ അറിയപ്പെടുന്ന വ്യവസായിയാണ് പ്രഭാകരൻ നായർ. പക്ഷെ ഡോക്ടറുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ശക്തമായി നീങ്ങിയതിനാൽ ഈ കേസിൽ ഊരിപ്പോരുക പ്രയാസമാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP