Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഓട്ടോ കുറച്ചുദൂരം പോയി കഴിഞ്ഞപ്പോൾ പെട്ടെന്ന് നിന്നു; കേടായി എന്നുയാത്രക്കാരിയെ വിശ്വസിപ്പിച്ചു; ഓട്ടോയുടെ പുറകിലെത്തി കഴുത്തിൽ തുണി കൊണ്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം ക്രൂരപീഡനം; കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ കൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി; പ്രതി അപകടകാരിയായ ക്രിമിനലെന്ന് പൊലീസ്

ഓട്ടോ കുറച്ചുദൂരം പോയി കഴിഞ്ഞപ്പോൾ പെട്ടെന്ന് നിന്നു; കേടായി എന്നുയാത്രക്കാരിയെ വിശ്വസിപ്പിച്ചു; ഓട്ടോയുടെ പുറകിലെത്തി കഴുത്തിൽ തുണി കൊണ്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം ക്രൂരപീഡനം; കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിൽ കൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി; പ്രതി അപകടകാരിയായ ക്രിമിനലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കം മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ആക്രമണത്തിനും ബലാത്സംഗത്തിനുമിരയായ കേസിൽ കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. വളരെ ശാസ്ത്രീയമായ അന്വേഷണത്തെ തുടർന്നാണ് എളുപ്പത്തിൽ തുമ്പുലഭിച്ചതെന്ന് അന്വേഷണ വിഭാഗം വ്യക്തമാക്കി.

സംഭവം നടന്ന സ്ഥലവുമായി അടുത്തബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ അടുത്ത കൂട്ടാളിയുമായിരുന്ന മുജീബ് റഹ്മാനെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഈ മാസം രണ്ടാം തീയതി രാവിലെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടന്നത്. ഓമശ്ശേരിയിലുള്ള ഹോട്ടലിൽ ജോലിക്കു പോകാനായി രാവിലെ മുത്തേരിയിൽ നിന്നും ഓട്ടോയിൽ കയറിയ വയോധികയെ കുറച്ചു ദൂരം മുന്നോട്ടുപോയതിനു ശേഷം ഓട്ടോറിക്ഷ കേടായി എന്നു വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് ഓട്ടോറിക്ഷയുടെ പുറകിലെത്തി വയോധികയുടെ കഴുത്തിൽ തുണികൊണ്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടിലെത്തിച്ചു. ക്രൂരമായി പീഡിപ്പിച്ച ശേഷം രക്ഷപ്പെടാതിരിക്കാനായി വസ്ത്രങ്ങളെല്ലാം കീറിമുറിച്ച്, കൈയും കാലും കെട്ടിയിട്ട് രക്ഷപ്പെടുകയാണ് പ്രതി ചെയ്തത്. പഴുതടച്ച അന്വേഷണത്തിലൂടെയാണ് മുക്കം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഓമശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചു. കൃത്യം നടത്തി രക്ഷപ്പെടുന്നതിനിടെ വയോധികയുടെ ഉപേക്ഷിക്കപ്പെട്ട മൈബൈൽ ഫോൺ തെളിവെടുപ്പിനിടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്താതിരിക്കാൻ പ്രതി പലതവണ കള്ളം പറഞ്ഞു. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേവരമ്പലത്തും പരിസരപ്രദേശങ്ങളിലും അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിൽ തൊണ്ടയാട് മേൽപ്പാലത്തിനടിയിൽ നിന്നും കെ എൽ 11 38 ഡി 8185 നമ്പർ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ ഈ ഓട്ടോയുടെ നമ്പർ വ്യാജമാണെന്നും ഇത് ജൂൺമാസം 23നു ചോമ്പാല അഴിയൂരിൽ നിന്നും മോഷണം പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ടുവർഷം മുൻപ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ വീട്ടിൽ പുലർച്ചെ നാലുമണിക്ക് വാതിൽ പൊളിച്ചു അകത്തുകയറി കവർച്ച നടത്തുന്നതിനിടെ വീട്ടമ്മയെ കൊടുവാൾ കൊണ്ട് തലക്കടിച്ചും കുത്തിയും പരിക്കേൽപ്പിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇതേ വർഷം ഡിസംബർ മാസത്തിൽ തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ നിർത്തിയിട്ടിരുന്ന കെ എൽ 58 എം 2884 നമ്പർ ഓട്ടോറിക്ഷ മോഷ്ടിക്കുകയും, ഇതേ ഓട്ടോറിക്ഷയിൽ വ്യാജ നമ്പർ ഒട്ടിച്ചു ഫറോക്കിൽ വെച്ച് ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ കയർമുറുക്കി മൊബൈൽ ഫോണും 3000 രൂപയും അടങ്ങിയ ബാഗ് പിടിച്ചു പറിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഇതേ ഓട്ടോറിക്ഷ ഉപയോഗിച്ച് കഴിഞ്ഞ വർഷം മഞ്ചേരി കരുവമ്പ്രത്ത് വെച്ചു സഹോദരന്റെ വീട്ടിലേക്കു പോകുന്നവഴി 68 വയസ്സുകാരിയുടെ ഏഴ് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കൊണ്ട് പോയതും താൻ തന്നെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതു കൂടാതെ പരപ്പനങ്ങാടിയിലുള്ള ജൂവലറിക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇയാൾ താമസിച്ചിരുന്ന ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജനമ്പർ പ്‌ളേറ്റുകളും റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസിന്റെ തുടരന്വേഷണത്തിനായി അഞ്ചു ദിവസത്തേക്ക് മുക്കം പൊലീസിനു കസ്റ്റഡിയിൽ വിട്ടു നൽകിയിട്ടുണ്ട്. സംഭവം നടന്ന മുത്തേരിയിലും പരിസരപ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

പ്രത്യേക അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ മുക്കം എസ് ഐ ഷാജിദ് കെ, എഎസ്‌ഐമാരായ സലീം മുട്ടത്ത്, ഷാജു, സിവിൽ പൊലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന, കാസിം, ലിനേഷ്, ശ്രീജേഷ്, ഉജേഷ്, സിൻജിത്, ശ്രീകാന്ത്, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് തെളിവെടുപ്പ് തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP