Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

അന്ന് പ്രോസിക്യൂട്ടർ അറസ്റ്റ് ചെയ്യുന്നില്ലേ എന്ന് ചോദിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചു; കൂളായി കാറിൽ കയറി പോയ പ്രതിക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ്; സെസി സേവ്യറിനെ പിടിക്കാൻ കഴിയാത്ത നാണക്കേടിൽ പൊലീസ്; വ്യാജ അഭിഭാഷക ആലപ്പുഴയിൽ സുഖവാസം തുടരുമ്പോൾ

അന്ന് പ്രോസിക്യൂട്ടർ അറസ്റ്റ് ചെയ്യുന്നില്ലേ എന്ന് ചോദിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചു; കൂളായി കാറിൽ കയറി പോയ പ്രതിക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ്; സെസി സേവ്യറിനെ പിടിക്കാൻ കഴിയാത്ത നാണക്കേടിൽ പൊലീസ്; വ്യാജ അഭിഭാഷക ആലപ്പുഴയിൽ സുഖവാസം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അഭിഭാഷക ചമഞ്ഞ് പ്രവർത്തിച്ചിരുന്ന സെസി സേവ്യറിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഹൈക്കോടതി പൊലീസിന് മുമ്പിൽ കീഴടങ്ങാൻ നിർദ്ദേശിച്ചിട്ട് അതുപോലെ സെസി ചെയ്തിട്ടുമില്ല. അതിനിടെ സെസിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ ജില്ലാ കോടതിയിൽ ഇവർ വ്യാജ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.

നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. എന്നാൽ, നാളുകളായി ഒളിവിലായ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ജാമ്യ ഹർജിയുമായി ബന്ധപ്പെട്ട് സെസി നേരത്തെ ആലപ്പുഴ കോടതിയിൽ എത്തിയിരുന്നു. കോടതി ജാമ്യം അനുവദിച്ചില്ല. അന്ന് പൊലീസിനോട് അറസ്റ്റ് ചെയ്യുന്നില്ലേ എന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ കീഴടങ്ങാനാണ് അന്ന് സെസി എത്തിയത്.

എൽഎൽബി പാസാകാതെ അഭിഭാഷകയായി വിലസിയ സെസി സേവ്യർ അന്ന് ആലപ്പുഴയിലെ കോടതിയിൽ എത്തിയത് തീർത്തും നാടകീയമായിട്ടായിരുന്നു. കോടതിയിൽ കീഴടങ്ങി ജാമ്യം എടുക്കുമെന്നു കരുതിയാണ് അവർ എത്തിയത്. ബാർ അസോസിയേഷൻ എതിർകക്ഷിയായ കേസിൽ ഇവരുടെ ബന്ധുവായ അഭിഭാഷകനായിരുന്നു വക്കാലത്തുമായി എത്തിയത്. അന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സെസി സേവ്യർ കാറിൽ കോടതിയിൽ കീഴടങ്ങാൻ എത്തിയത്.

ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കോടതിയിലാണ് ഇവർ എത്തിയത്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയ വിവരം സെസിയും അറിഞ്ഞിരുന്നില്ല. കോടതിയിൽ എത്തിയ ഇവർ വക്കീലിനൊപ്പം ഹാജരായി. കേസ്പരിഗണിച്ച ജഡ്ജി ഈ കോടതിയിൽ അല്ല അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത് എന്നാണ് ജഡ്ജി പറഞ്ഞത്. ഇതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ വിവരം സെസി മനസിലാക്കിയത്.

കോടതി ഇക്കാര്യം വ്യക്തമാക്കിയതോടെ തനിക്ക് ജാമ്യം കിട്ടാൻ വഴിയില്ലെന്ന് സെസി മനസ്സിലാക്കി. ഇതോടെ കൂളായി തന്നെ കോടതിയിൽ നിന്നും ഇറങ്ങി. ഈ സമയം കോടതിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. എന്നാൽ പരിഭ്രമിച്ചു പോയ പൊലീസുകാരന് എന്തു ചെയ്യണമെന്ന് പോലും ചിന്തിക്കും മുമ്പ് സെസി കാറിൽ കയറിയിരുന്നു. അഭിഭാഷകർക്കൊപ്പം കാറോടിച്ചു പോകുകയായിരുന്നു ഇവർ. ഈ സെസിയെ പിടികൂടാനാണ് ഇപ്പോൾ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നതാണ് വസ്തുത.

മതിയായ യോഗ്യത ഇല്ലാതെയാണ് സെസി രണ്ടരവർഷം കോടതിയിൽ അഭിഭാഷക പ്രാക്ടീസ് ചെയ്തത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്.

2018ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടരവർഷമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു. സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ നൽകിയ എന്റോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോൾമെന്റ് നമ്പർ കാണിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവിൽ പഠനം പൂർത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ ബാർ അസോസിയേഷനിൽ നിന്ന് സെസിയെ പുറത്താക്കി. സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ ഇവർ ആലപ്പുഴയിൽ തന്നെ ഒളിവിൽ കഴിയുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP