Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമങ്കരിക്കാരെ കള്ളക്കേസിൽ കുടുക്കിയ അത്യാഡംബരക്കാരി; പ്രമുഖന്റെ ജൂനിയറായത് എംഎൽഎയുടെ ശുപാർശയിൽ; രണ്ടരക്കൊല്ലം കോടതിയെ കബളിപ്പിച്ചത് തന്ത്രപരമായി; വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യം ഇല്ല; കീഴടങ്ങാൻ നിർദ്ദേശം നൽകി ഹൈക്കോടതി; സെസി സേവ്യറിന് ഇനി ജയിൽവാസം

രാമങ്കരിക്കാരെ കള്ളക്കേസിൽ കുടുക്കിയ അത്യാഡംബരക്കാരി; പ്രമുഖന്റെ ജൂനിയറായത് എംഎൽഎയുടെ ശുപാർശയിൽ; രണ്ടരക്കൊല്ലം കോടതിയെ കബളിപ്പിച്ചത് തന്ത്രപരമായി; വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യം ഇല്ല; കീഴടങ്ങാൻ നിർദ്ദേശം നൽകി ഹൈക്കോടതി; സെസി സേവ്യറിന് ഇനി ജയിൽവാസം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പരീക്ഷ പാസാവാതെ വക്കീലായി പ്രാക്ടീസ് നടത്തിയ ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്ന സെസി സേവ്യർ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. സെസി സേവ്യറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി മുമ്പിലുള്ളത് സുപ്രീംകോടതിയെന്ന ഏക വഴിയാണ്. എന്നാൽ അവിടേയും സെസിക്ക് ജാമ്യം കിട്ടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ.

ഹൈക്കോടതിയിൽ തനിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കിലെന്ന് സെസി സേവ്യർ വാദിച്ചു. മനഃപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. അസോസിയേഷൻ അംഗമല്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല.

ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവർ ജയിച്ചിരുന്നു. അതിനു പുറമേ അഭിഭാഷക വേഷത്തിൽ ലീഗൽ സർവീസ് അഥോറിറ്റിയിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവർ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നാണു വിവരം. യോഗ്യത ഇല്ലാത്ത ഒരാൾ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയിൽ വരുമെന്നാണു വിലയിരുത്തൽ. ഇത്ര ഗുരുതര കുറ്റം ചെയ്തിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നത് വലിയ വിവാദമായിരുന്നു.

താനൊരിക്കലും അഡ്വക്കേറ്റായി മാറിയിരുന്നില്ലെന്ന വാദമാണ് ജാമ്യ ഹർജിയിൽ സെസി ഉയർത്തുന്നത്. എന്നാൽ തെറ്റാണെന്ന് ആലപ്പുഴയിലെ അഭിഭാഷകരും പറയുന്നു. ഫോട്ടോയും പൊലീസ് എഫ് ഐ ആറുമെല്ലാം തെളിവായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. താൻ മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി സേവ്യർ വിശദീകരിക്കുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിയമ ബിരുദ കോഴ്‌സ് പൂർത്തിയാക്കാൻ ആയില്ല. ആലപ്പുഴ ബാർ അസോസിയേഷൻ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി, മുൻകൂർ ജാമ്യാപേക്ഷയിൽ സെസി കോടതിയെ അറിയിച്ചു. എന്നാൽ ഇത് ശരിയല്ലെന്നാണ് മറുനാടന് ലഭിച്ച ഫോട്ടോകളിലും രേഖകളിലും വ്യക്തമാണ്. അഡ്വക്കേറ്റ് എന്ന പദവി സെസി ഉപയോഗിച്ചിരുന്നു.

നേരത്തെ സെസിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ രാമങ്കരിയിലെ ഇവരുടെ അയൽവാസികളും നാട്ടുകാരും പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. ഇവർ നാട്ടുകാർക്ക് സ്ഥിരം തലവേദനയായിരുന്നു. അഭിഭാഷകയായി ജോലിക്ക് പ്രവേശിച്ചതുമുതൽ അയൽവാസികൾക്കും നാട്ടുകാർക്കുമെതിരെ സ്ഥിരമായി കോടതിയിൽ കേസ് ഫയൽ ചെയ്ത് അവരെ ബുദ്ധിമുട്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന വിനോദം. ഇവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. സ്ത്രീകളടക്കമുള്ള നാട്ടുകാർ ഇവരെ കയ്യിൽകിട്ടിയാൽ കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇതിന് സമാനമായ ആഘോഷമാണ് ആലപ്പുഴ ബാർ അസോസിയേഷനിൽ ഹൈക്കോടതി വിധി വന്ന ശേഷവും നടക്കാൻ പോകുന്നത്. സെസിയെ അഴിക്കുള്ളിലാക്കണമെന്ന നിലപാട് എടുത്ത അഭിഭാഷകരുടെ വിജയമാണ് ഇത്.

അതേ സമയം സെസി സേവ്യറിനെ പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യാൻ അവസരം വാങ്ങിക്കൊടുത്തത് ഒരു മുൻ എംഎൽഎ ആണെന്ന് വിവരമുണ്ട്. ഇവർ പരീക്ഷ പാസ്സാകാതെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് ചിലർക്ക് അറിയാമായിരുന്നു. പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകന്റെ ഓഫീസിലെ പ്രധാന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നയാളായി മാറാൻ സെസിക്ക് താമസമുണ്ടായില്ല. സെസിയുടെ സാമ്പത്തിക വളർച്ചയിലും നാട്ടുകാർക്ക് സംശയമുണ്ട്. സാധാരണ കുടുംബത്തിലെ അംഗമാണ്. വളരെവേഗമാണ് ഉയർന്ന് സാമ്പത്തിക നിലയിലേക്ക് എത്തിയത്. ആലപ്പുഴ മുന്തിയ ബ്യൂട്ടീ പാർലറിലെ സ്ഥിരം സന്ദർശകയുമായിരുന്നു. ഏറെ ദുരൂഹത നിറഞ്ഞ ജീവിതമാണ് സെസിയുടേതെന്നാണ് നാട്ടുകാർ പറയുന്നത്. അഭിഭാഷകർക്കും ജുഡീഷ്യറിക്കും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ആലപ്പുഴ ബാർ കൗൺസിലിലെ അഭിഭാഷകരെല്ലാം ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.

രണ്ടരവർഷം ജില്ലാക്കോടതിയെ ഉൾപ്പെടെ കബളിപ്പിച്ച ഇവർക്കു മുൻകൂർജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. കേസിലെ വാദിഭാഗം ബാർ അസോസിയേഷനാണ്. കേസിന്റെ തെളിവുകൾ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാർ അസോസിയേഷൻ ഭാരവാഹികൾ ജില്ലാജഡ്ജിയെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുൻസുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യർ കോടതിയിൽ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാൾ കത്തയക്കുകയായിരുന്നെന്നു പറയുന്നു. ഇവർതമ്മിൽ തെറ്റിയതാണു കാരണം. പേരുവെക്കാതെ നൽകിയ കത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ നോർത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്. ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നൽകിയിരിക്കുന്നത്. യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP