Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടം കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾ വിളിക്കുക! ചാരിറ്റി തട്ടിപ്പിന് അറസ്റ്റിലായ ആൾക്ക് മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം; പാണക്കാട് കുടുംബത്തിലും ബന്ധമുള്ളയാൾ; മുനവ്വറലി തങ്ങളുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

കടം കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾ വിളിക്കുക! ചാരിറ്റി തട്ടിപ്പിന് അറസ്റ്റിലായ ആൾക്ക് മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം; പാണക്കാട് കുടുംബത്തിലും ബന്ധമുള്ളയാൾ; മുനവ്വറലി തങ്ങളുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം പുറത്ത്

ജാസിം മൊയ്ദീൻ

മലപ്പുറം: കടക്കെണിയിൽ കുടുങ്ങിയവരെ സഹായിക്കാനെന്ന് പേരിൽ ചാരിറ്റി സൊസൈറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തിയതിന് അറസറ്റിലായവർക്ക് പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ ചിത്രങ്ങളും പുറത്ത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇയാൾക്ക് പാണക്കാട് കുടുംബവുമായും മുസ്ലിം ലീഗ് നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ എന്നിവരെല്ലാം സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2019ൽ കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ വെച്ച് നടന്ന സംഘടനയുടെ ഉദ്ഘാടനം മുതൽ പാണക്കാട് കുടുംബത്തിലുള്ളവരും മുസ്ലിം ലീഗ് നേതാക്കന്മാരും ഈ സംഘടനയുമായും സംഘടനയുടെ ജനറൽ സെക്രട്ടറിയും ഇപ്പോൾ അറസ്റ്റിലായിരിക്കുകയും ചെയ്തിരിക്കുന്ന മുഹമ്മദ് റിയാസുമായും ബന്ധം പുലർത്തിയിരുന്നു.

റിയാസ് അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പാണക്കാട് മുനവ്വറലി തങ്ങളും റിയാസും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. വെള്ളിയാഴ്ച നേരിട്ട് കാണാമെന്ന് പറഞ്ഞാണ് റിയാസ് അന്ന് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. എന്നാൽ അതിന് മുമ്പ് തന്നെ റിയാസ് അറസ്റ്റിലായിട്ടുണ്ട്. റിയാസിന്റെ പദ്ധതികളുമായി പാണക്കാട് കുടുംബത്തിൽ നിന്നുള്ളവരും സഹകരിക്കുന്നുണ്ട് എന്ന് അറിഞ്ഞതോടെ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കൾ മുതൽ ദേശിയ നേതാക്കൾ വരെ ഇവരുടെ പദ്ധതികളുമായി സഹകരിച്ചിരുന്നു. കെഎംസിസി നേതാവായിരുന്ന വഴിക്കടവ് സ്വദേശിയായിരുന്നു ഈ സംഘടനയുടെ നിലമ്പൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ റിയാസ് അറസ്റ്റിലായതോടെ ഇയാളും മുങ്ങിയിരിക്കുകയാണ്.

കോവിഡ് കാലത്തും പ്രളയ കാലത്തും സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ദുരിതമനുഭവിക്കുന്നവർ സഹായം നൽകുന്ന ചില പദ്ധതികളും നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌കും സാനിറ്റൈസറുകളും നൽകിയിരുന്നു. ഈപ്രവർത്തനങ്ങൾക്കെല്ലാം പ്രദേശിക തലത്തിൽ നേതൃത്വം നൽകിയിരുന്നത് അതത് മേഖലകളിലെ മുസ്ലിം ലീഗ് നേതാക്കളായിരുന്നു. ഇവയെല്ലാം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ റിയാസ് അറസ്റ്റിലായതോടെ ഇയാളുമായി സഹകരിച്ചിരുന്ന മുസ്ലിം ലീഗ് നേതാക്കളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും നിലമ്പൂർ മുക്കട്ടയിൽ താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് റിയാസിനെ മഞ്ചേരി പന്തല്ലൂർ സ്വദേശിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയതത്. പരാതിക്കാരന്റെ കടങ്ങൾ വീട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പലപ്പോഴും ഒന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാൽ റിയാസ് അറസ്റ്റിലായതിന് പിന്നാലെ നിരവധി പേർ സമാനമായ പരാതിയുമായി രംഗത്തെത്തി. നേരത്തെ ചങ്ങനാശ്ശേരിയിലാണ് സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ പിന്നീട് മലപ്പുറം കണ്ണൂർ ജില്ലകളിലും പ്രവർത്തനം തുടങ്ങിയിരുന്നു. റിയാസ് അറസ്റ്റിലായതിന് പിന്നാലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആദ്യം പരാതികൾ ഉയർന്നിരുന്നത്.

എന്നാൽ ഇന്നലെ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, ഇരിട്ടി മേഖലകളിൽ നിന്നും സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ തട്ടിപ്പിന് ഇരയായവർ പരാതികളുമായി രംഗത്ത് വന്നിരിക്കുകയാണ്. നിലമ്പൂർ, മണ്ണാർക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ടായിരുന്നു. എന്നാൽ റിയാസ് അറസ്റ്റിലായതിന് പിന്നാലെ ഈ ഓഫീസുകളെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.ഓഫീസുകൾക്ക് മുന്നിൽ കടക്കെണിയിലായവർക്ക് പണം നൽകുന്നു എന്ന ബോർഡ് വച്ചാണ് ആളുകളെ സംഘടനയുമായി അടുപ്പിച്ചിരുന്നത്.ഇതിനായി അംഗത്വ ഫീസ് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അംഗത്വമെടുക്കുന്ന കടക്കെണിയിൽ മുങ്ങിയിവർക്ക് സഹായം നൽകുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. അംഗത്വമെടുക്കുന്നവരെ സംഘടനയുടെ പ്രചാരകരാക്കുകയും ചെയ്തിരുന്നു.

ഈ പ്രചാരകർ വഴി നാട്ടിലെ പ്രമാണിമാരെ പരിചയപ്പെടുകയും കടക്കെണിയിൽ മുങ്ങിയവരെ സഹായിക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ സംഭാവന വാങ്ങുകയും ചെയ്തിരുന്നു. അംഗത്വമെടുത്ത് പ്രചാരകരായവരും ആഴ്ചയിൽ 10000 രൂപ വീതം സംഭാവന സംഘടിപ്പിച്ച് കൊടുക്കുയും വേണം. ആഴ്ചയിൽ 10000 രൂപ പിരിക്കാത്തവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. 3 ലക്ഷം രൂപ കടമുള്ള കാളികാവ് സ്വദേശിനിയായ സ്ത്രീ 35000 രൂപയോളം ഇത്തരത്തിൽ ഇയാൾക്ക് പിരിവെടുത്ത് നൽകിയിട്ടുണ്ട്. 16 ലക്ഷം രൂപ കടമുള്ള കാൻസർ രോഗി സംഘടന തന്റെ കടങ്ങൾ വീട്ടാൻ സഹായിക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് ലക്ഷത്തോളം രൂപ വീണ്ടും പലരിൽ നിന്നായി കടം വാങ്ങിയും സംഭാവന വാങ്ങിയരും റിയാസിന് നൽകിയിട്ടുണ്ട്. രസീത് നൽകിയും അല്ലാതെയും പിരിവ് നടത്തിയിട്ടുണ്ട്.

പിരിവെടുത്ത് നൽകിയവർക്ക് ഒരു വർഷം പിന്നിട്ടിട്ടും തങ്ങളുടെ കടം വീട്ടാനുള്ള സംവിധാനം ഒരുക്കാതായതോടെയാണ് സൊസൈറ്റിക്കെതിരയും റിയാസിനെതിരെയും പരാതികൾ ഉയർന്നത്. ആയിരക്കണിന് ആളുകൾ ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് സൊസൈറ്റിയിൽ അംഗങ്ങളായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP