Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്

മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്

ശ്രീലാൽ വാസുദേവൻ

കരുനാഗപ്പള്ളി: മുപ്പതു വർഷമായി ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസിൽ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. പണം നഷ്ടമായ വിഷമത്തിൽ ശാരീരികമായി അവശനായ ഭിക്ഷാടകൻ വൃദ്ധസദനത്തിൽ. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസിൽ സോളാർ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയിൽ മണിലാലിനെ(55)യാണ് എസ്എച്ച്ഓ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ പണച്ചാക്കിൽ ഉപയോഗ യോഗ്യമായ നോട്ടുകൾ എണ്ണിയപ്പോൾ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകൾ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

30 വർഷമായി ക്ഷേത്രനടയിൽ ഭിക്ഷയെടുക്കുന്ന സുകുമാരൻ തനിക്ക് കിട്ടുന്ന പണം മുഴുവൻ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കു കൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയിൽ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകൾ ലോട്ടറിക്കച്ചവടക്കാർ വന്ന് വാങ്ങും. 500, 100 രൂപകൾക്കുള്ള ചില്ലറകളാണ് സുകുമാരൻ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകൾ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതിൽ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.

ഏപ്രിൽ 26 ന് പുലർച്ചെയാണ് സുകുമാരന്റെ പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയ സുകുമാരൻ ശാരീരിക അവശതകൾ കാരണം രാവിലെ ആറിനാണ് തിരിച്ചു വന്നത്. ഈ സമയം പണം അടങ്ങിയ ചാക്ക് ആരോ അറുത്തുകൊണ്ടുപോയതായി മനസിലാക്കി.

750000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച സുകുമാരൻ പണം പോയതിന്റെ വിഷമത്തിൽ മാനസികമായും ശാരീരികമായും തകർന്നു. കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസർജനം നടത്തി. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തു. ജനമൈത്രി പൊലീസ് ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി മാവേലിക്കരയിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റി. നാട്ടുകാർ കൊടുത്ത പരാതി പ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഓ ബിജുവിന്റെ നേതൃത്ത്വത്തിൽ എസ് ഐമാരായ ഷമീർ, ഷാജിമോൻ, എസ് സിപിഓ രാജീവ്, സിപിഓ ഹാഷിം എന്നിവർ ചേർന്ന് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ സംശയിച്ചു ചോദ്യം ചെയ്തെങ്കിലും കൃത്യം നടത്തിയത് അയാളല്ലെന്ന് വ്യക്തമായി. മഹാദേവർ ക്ഷേത്രത്തിന് അടുത്തുള്ള കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷൂ ഇട്ട മുഖം പൂർണമായി കാണാൻ പറ്റാത്ത ഒരാൾ വയോധികന്റെ അടുത്തു ചെന്ന് ശുശ്രൂഷിക്കുന്നത് കാണപ്പെട്ടു. ദൃശ്യങ്ങളിൽ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി സോളാർ ജ്യുവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരൻ പിള്ളയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവർ കുറ്റം നിഷേധിച്ചു.

തുടർന്ന് പല ദിശകളിലായുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രിൽ 26 ന് പുലർച്ചെ അഞ്ചിന് പ്രഭാകരപിള്ള എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടു. എന്നാൽ മണിലാൽ അന്നേ ദിവസം പുലർച്ചെ അഞ്ചിനും 5.30 നും ഇടയ്ക്ക് ഭിക്ഷാടകൻ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടർന്ന് ഇന്ന് (വ്യാഴം) മണിലാലിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യമൊക്കെ നിഷേധിച്ച ഇയാൾ സിസി ടിവി ദൃശ്യങ്ങൾ കാണിച്ച് ചോദിച്ചപ്പോൾ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം അതുപോലെ എടുത്ത് വീട്ടുകാർ അറിയാതെ തെക്കുംഭാഗത്തുള്ള താഴെതൊടിയിൽ വീടിന് പുറത്തുള്ള ചരിപ്പിൽ കൊണ്ടു വച്ചതായി മണിലാൽ മൊഴി നൽകി.

സുകുമാരൻ മാവേലിക്കരയിലെ വൃദ്ധ സദനത്തിൽ നിന്നും എത്തിച്ച് പണം തിരിച്ചറിഞ്ഞു. ഇയാൾക്ക് തീരെ സുഖമില്ലാത്തതിനാൽ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയായ മുരളിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതി മണിലാലുമായി പ്രതിയുടെ വീടായ തെക്കുംഭാഗം താഴെതൊടിയിൽ എത്തി പണമടങ്ങിയ ചാക്ക്കെട്ട് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച് എണ്ണിയപ്പോൾ 215000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു.

ഭിക്ഷാടകനായ സുകുമാരന് തന്റെ കൈയിലുള്ള സമ്പാദ്യം എത്രയെന്ന് തിട്ടമില്ലായിരുന്നു. പൊലീസ് കൊണ്ടു വന്ന് എണ്ണി പണം ഇത്രയുമുണ്ടെന്ന് പറഞ്ഞപ്പോൾ സുകുമാരന് പോലും അവിശ്വനീയമായി തോന്നി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP