Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പ്രോട്ടോകോൾ ഓഫീസിൽ തീപിടിത്തം ഉണ്ടായപ്പോൾ കത്തിയത് ഫയലുകൾ മാത്രം; സാനിറ്റൈസറിന് പോലും ഒന്നും സംഭവിച്ചില്ല! സെക്രട്ടറിയേറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ശേഖരിച്ച 43 വസ്തുക്കളിൽ 21ലും ഷോർട്ട് സക്യൂട്ടിന്റെ സാധ്യതകൾ കണ്ടെത്താനായില്ല; നിറയുന്നത് ദുരൂഹത മാത്രം; കോടതിയിൽ ഫോറൻസിക്കുകാർ നൽകിയ റിപ്പോർട്ട് തള്ളുന്നത് സർക്കാർ വാദങ്ങളെ; ഐ ഫോൺ സമ്മാനം വാങ്ങിയ പ്രോട്ടോകോൾ ഓഫീസർമാർ സംശയ നിഴലിലേക്ക്

പ്രോട്ടോകോൾ ഓഫീസിൽ തീപിടിത്തം ഉണ്ടായപ്പോൾ കത്തിയത് ഫയലുകൾ മാത്രം; സാനിറ്റൈസറിന് പോലും ഒന്നും സംഭവിച്ചില്ല! സെക്രട്ടറിയേറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ശേഖരിച്ച 43 വസ്തുക്കളിൽ 21ലും ഷോർട്ട് സക്യൂട്ടിന്റെ സാധ്യതകൾ കണ്ടെത്താനായില്ല; നിറയുന്നത് ദുരൂഹത മാത്രം; കോടതിയിൽ ഫോറൻസിക്കുകാർ നൽകിയ റിപ്പോർട്ട് തള്ളുന്നത് സർക്കാർ വാദങ്ങളെ; ഐ ഫോൺ സമ്മാനം വാങ്ങിയ പ്രോട്ടോകോൾ ഓഫീസർമാർ സംശയ നിഴലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അസ്വഭാവികമായി ഒന്നും ഇല്ലെന്ന നിഗമനം തള്ളി ഫോറൻസിക് റിപ്പോർട്ട്. ഫാൻ കറങ്ങിയുണ്ടായ ചൂടുകൊണ്ട് പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണു. ഇതേത്തുടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്ന്‌വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ തള്ളിക്കളയുന്നതാണ് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് എന്നാണ് സൂചന.

തീപിടിത്തത്തിൽ കത്തിയത് ഫയലുകൾ മാത്രമായിരുന്നു. ആ മുറിയിൽ ഉണ്ടായിരുന്ന സാനിറ്റൈസർ പോലും കത്തിയില്ല. സ്വിച്ചിൽ നിന്ന് ഫാനിലേക്കുള്ള വയർ വിശദ പരിശോഘധനയ്ക്ക് വിധേയമാക്കി. ഫോറൻസിക് വിഭാഗം മജിസ്‌ട്രേട്ട് കോടതിയിലാണ് റിപ്പോർട്ട് കൊടുത്തത്. ശേഖരിച്ച 43 വസ്തുക്കളിൽ 21ലും ഷോർട്ട് സക്യൂട്ടിന്റെ സാധ്യതകൾ കണ്ടെത്താനായില്ല. ഇതോടെ തീപിടിത്തത്തിന്റെ കാരണം ദുരൂഹമാകുകയാണ്. സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ളവരാണ് പ്രോട്ടോകോൾ ഓഫീസിലെ ഉദ്യോഗസ്ഥർ. കോൺസുലേറ്റിൽ നിന്ന് ഐ ഫോൺ സമ്മാനം കിട്ടിയവർ പോലും ഇക്കൂട്ടത്തിലുണ്ട്.

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഷോട്ട് സർക്യൂട്ട് വാദം തള്ളികളയുന്നത്. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളിൽ ഒന്നിൽ നിന്നു പോലും തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപ്പിടിത്തം നടന്ന മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാൽ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയർ എക്സ്റ്റിഗ്യൂഷർ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സർക്കാർ നിയോഗിച്ചത്. പൊലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ. വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിനെ പാടെ തള്ളുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം എങ്ങനെ തീപ്പിടിത്തമുണ്ടായി എന്ന് ഇതിൽ പറയുന്നില്ല. റിപ്പോർട്ട് ഡിജിപിക്കാണ് ആദ്യം സമർപ്പിച്ചത്. തുടർന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ സർക്കാരിനെതിരേയും ആരോപണം ഉയരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിൽ തന്നെ തീപിടിത്തമുണ്ടാകുന്നത്. ഇതിനെതിരെ അന്വേഷണത്തിനായി സംസ്ഥാന വ്യാപകമായി ആവശ്യം ഉയർന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ സംഘം തീപിടിത്തം ഷോർട്ട് സർക്യൂട്ടാണെന്ന് വിലയിരുത്തി കേസ് അവസാനിപ്പിച്ചു.

രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപിടിത്തത്തിനു കാരണം ഫാനിന്റെ തകരാർ ആണെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ചീഫ് ഇലക്ട്രിക്കൽ എൻജിനീയറാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പൊലീസും നീങ്ങുന്നു എന്നായിരുന്നു സൂചനകൾ. തീപിടിത്തമുണ്ടായ മുറി അടഞ്ഞുകിടക്കുകയായിരുന്നു. അസ്വഭാവികമായി ഒന്നും തന്നെ ഇതിൽ ഇല്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞിരുന്നത്. ഇതാണ് ഫോറൻസിക് ഫലം ചോദ്യം ചെയ്യുന്നത്.

ഇതിനിടെ തീപിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളിൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനും സർക്കാർ തീരുമാനിച്ചു. തീപിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മുറി അടഞ്ഞുകിടക്കുകയായിരുന്നു. അപകടത്തിനു മുമ്പ് അവിടേയ്ക്ക് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങൾ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനം അന്വേഷണ സംഘം കൈക്കൊണ്ട സാഹചര്യത്തിലാണ് മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറായത്.

എന്നാൽ കത്തി നശിച്ചതായി പറയുന്ന ഫയലുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഒന്നും സർക്കാർ ഇതുവരെ പുറത്തുവിടാൻ തയ്യാറായിട്ടില്ല. യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് ഇടപാടുകൾ സംബന്ധിച്ച് രേഖകൾ ഇഫയൽ ആണെന്ന് നേരത്തെ അറിയിച്ചെങ്കിലും അത് പേപ്പർ രേഖകൾ തന്നെ ആയിരുന്നെന്നാണ് സൂചന. എൻഐഎ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പട്ട രേഖകളാണ് ഇത്. പ്രധാനപ്പെട്ട ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥരിൽനിന്ന് ഇപ്പോൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP