Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യു വധക്കേസിൽ എസ്ഡിപിഐ നേതാക്കൾ കസ്റ്റഡിയിൽ; പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയും ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദും അടക്കം ഏഴ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എറണാകളും പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോൾ; കൊലപാതക ഗൂഢാലോചനയിൽ മജീദ് ഫൈസി അടക്കമുള്ള നേതാക്കൾക്കുള്ള പങ്കും അന്വേഷണ പരിധിയിൽ; കൊലയാളി സംഘത്തിൽ പിടിവീണു തുടങ്ങിയപ്പോൾ 'മുസ്ലിം സാമൂദായിക വേട്ട'യെന്ന് പറഞ്ഞ് 'ഇരവാദം' വിളമ്പി നേതാക്കൾ

അഭിമന്യു വധക്കേസിൽ എസ്ഡിപിഐ നേതാക്കൾ കസ്റ്റഡിയിൽ; പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിയും ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദും അടക്കം ഏഴ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എറണാകളും പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോൾ; കൊലപാതക ഗൂഢാലോചനയിൽ  മജീദ് ഫൈസി അടക്കമുള്ള നേതാക്കൾക്കുള്ള പങ്കും അന്വേഷണ പരിധിയിൽ; കൊലയാളി സംഘത്തിൽ പിടിവീണു തുടങ്ങിയപ്പോൾ 'മുസ്ലിം സാമൂദായിക വേട്ട'യെന്ന് പറഞ്ഞ് 'ഇരവാദം' വിളമ്പി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിമന്യു വധക്കേസിൽ എസ്ഡിപിഐ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്, പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവർ പൊലീസ് കസ്റ്റഡിയിൽ. കൊച്ചിയിൽ ഇവർ വാർത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരും അറസ്റ്റിലായി.

രണ്ടാഴ്ച മുൻപാണ് എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് എസ്എഫ്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. അതേസമയം പൊലീസ് എസ്ഡിപിഐ നേതാക്കളെ വിശദമായി തന്നെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ ഇവർക്ക് വാർത്താ സമ്മേളനം നടത്തുന്നതിന് വിലക്കുണ്ടായിരുന്നു. അഭിമന്യു വധത്തിന് ശേഷം വ്യാപകമായിട്ടാണ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളെ പിടികൂടിയത്. ഇതിനതിരെ എസ്ഡിപിഐ സ്വീകരിച്ച നിലപാടുകളാണ് വാർത്താ സമ്മേളനത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത്.

കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തു വൻ പൊലീസ് സന്നാഹം ഉണ്ട്. വലിയ തോതിൽ വ്യാജ പ്രചാരണങ്ങൽ ഇവർ നടതതിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അറസ്റ്റുകളെ എസസ്ഡിപിഐ ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയാണ് പൊലീസ് പറയുന്നത്. കൊലപാതകികളെ പിടികൂടാൻ ശ്രമിച്ചതിനെ പൊലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നു എന്നുൾപ്പടെയായിരുന്നു വിശദീകരണം. എസ്ഡിപിഐയുടെ പ്രചരണം വർഗീയ കലാപത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

നേരത്തെ അഭിമന്യു വധത്തെ ന്യായീകരിച്ചു കൊണ്ടാണ് അബ്ദുൾ മജീദ് ഫൈസി അടക്കമുള്ളവർ രംഗത്തുവന്നിരുന്നത്. കൊലയാളി സംഘത്തിലെ ഒരാൾ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതടക്കം കൊലയാളികൾക്ക് മേൽ പിടിവീഴുന്ന ഘട്ടം വന്നതോടെ ഇരവാദം ഉയർത്തി കേസിൽ നിന്നും രക്ഷപെടാനാണ് എസ്ഡിപിഐക്കാരുടെ ശ്രമം. ഈ മാസം 20ന് ജനസമ്പർക്ക യോഗങ്ങളും കുടുംബ സംഘങ്ങളും നടത്താനും തങ്ങളെ പൊലീസ് പീഡിപ്പിക്കുന്നു എന്നുള്ള രീതിയിൽ പ്രചാരണം നടത്താനുമാണ് സംഘടനയുടെ ശ്രമം.

അതിനിടെ അഭിമന്യു കേസിൽ പൊലീസ് പീഡനം ആരോപിച്ച് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട് ഇക്കൂട്ടർ.പുരുഷന്മാർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാരോപിച്ച് അവരുടെ സ്ത്രീകളെ പൊലിസ് സ്റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്പതു പേരെ പിടികൂടിയിരുന്നുവെങ്കിലും കൊലപാതക സംഘത്തിൽപ്പെട്ട ഒരാൾ പിടിയിലായത് ഇന്നലെയായിരുന്നു. കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗവും ആലുവ സ്വദേശിയുമായ ആദിലായിരുന്നു (20) പിടിയിലായത്.

അതേസമയം, അഭിമന്യു കൊലക്കേസിലെ പ്രതികൾ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. പോപ്പുലർഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം. കേസിന്റെ വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലർഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായുമാണ് പൊലീസിന്റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകൾകയറി രാത്രിയടക്കം പൊലീസ് റെയ്ഡ് തുടരുന്നത്. പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് തുടങ്ങിയതിനെത്തുടർന്ന് പ്രതികളെ മറ്റേതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിയോ എന്നും സംശയിക്കുന്നുണ്ട്. പ്രതികൾ തീവണ്ടിമാർഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോർത്തിക്കൊടുക്കുന്നതിൽ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങൾ നൽകുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാർഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുൻകൂട്ടി പ്ലാൻചെയ്ത കൊലപാതകമായതിനാൽ ഇത്തരം സിം കാർഡുകൾ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവർ തിരച്ചിൽ വിവരങ്ങൾ ചോർത്തിനൽകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവർ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളിൽ 9് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കെടുത്തതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശി ആദിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ആദിൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘം ആദ്യമായാണ് കൊലയാളി സംഘാംഗത്തെ പിടികൂടുന്നത്. നേരത്തെ മൂന്ന് പേരെ എസ്എഫ്ഐക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് പതിനാല് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചില്ലെന്നും കേസന്വേഷണം ഇഴയുകയാണെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന രീതിയിലാണ് മുഖ്യപ്രതിയുടെ അറസ്റ്റ്. പ്രതികൾ വിദേശത്ത് കടന്നെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ കേരളത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികൾക്കായി അതിർത്തി സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ഇവർ വിദേശത്തേക്ക് കടന്നിട്ടുണ്ടൊയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

അഭിമന്യു വധക്കേസിൽ നേരിട്ട് പങ്കെടുത്ത ആറ് നെട്ടൂർ സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ, കൊലപാതകം നടത്തിയ പ്രതികളെ കോളെജിലേക്ക് വിളിച്ചു വരുത്തിയ മുഹമ്മദ് എന്നയാളെയും കണ്ടെത്താനുണ്ട്. എന്നാൽ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP