Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രജിസ്റ്റർ ചെയ്തത് ഏഴ് എഫ് ഐ ആർ; ഒന്നിലും അറസ്റ്റില്ല: ചെക്ക് കേസിലെ ലോങ് പെൻഡിങ് വാറന്റിൽ ബംഗളൂരുവിൽ നിന്ന് പൊക്കി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം: പാലക്കാട്ടെ സത്യജയെ തൊടാൻ കഴിയാതെ കേരളാ പൊലീസ്

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രജിസ്റ്റർ ചെയ്തത് ഏഴ് എഫ് ഐ ആർ; ഒന്നിലും അറസ്റ്റില്ല: ചെക്ക് കേസിലെ ലോങ് പെൻഡിങ് വാറന്റിൽ ബംഗളൂരുവിൽ നിന്ന് പൊക്കി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം: പാലക്കാട്ടെ സത്യജയെ തൊടാൻ കഴിയാതെ കേരളാ പൊലീസ്

ശ്രീലാൽ വാസുദേവൻ

തളിപ്പറമ്പ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാൻ കഴിയാതെ പൊലീസ്. വണ്ടിച്ചെക്ക് കേസിൽ ലോങ് പെൻഡിങ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇവരെ ബംഗളൂരുവിലെ ഒളിയിടത്തിൽ നിന്ന് കേരളാ പൊലീസ് പൊക്കിയെങ്കിലും കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിൽ വിട്ടയച്ചു. പാലക്കാട് ശേഖരിപൂരം കൗസ്തുഭത്തിൽ സത്യജ ശങ്കറിനെയാണ് തളിപ്പറമ്പ് കോടതിയിലുള്ള ചെക്ക് കേസിന്റെ ലോങ് പെൻഡിങ് വാറണ്ട് പ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. കാനഡയിലേക്ക് വിസാ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റുകയും പകരം കൊടുത്ത ചെക്ക് മടങ്ങുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

നിലവിൽ ഏഴു വിസാ തട്ടിപ്പു കേസുകളാണ് സത്യജയ്ക്ക് എതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്. കാസർഗോഡ് ജില്ലയിലെ ആദൂർ, പെരുമ്പാവൂർ, ചാലക്കുടി, കരിങ്കുന്നം (ഇടുക്കി), ഇൻഫോപാർക്ക് കൊച്ചി, പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ (രണ്ട് കേസ്) എന്നീ സ്റ്റേഷനുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില കേസുകളിൽ ഇവർ മുൻകൂർ ജാമ്യം നേടിയെന്നാണ് വിവരം. ശേഷിക്കുന്നവയിൽ പൊലീസ് ഒളിവിലിട്ട് കുറ്റപത്രം കൊടുത്ത് തലയൂരിയിരിക്കുകയാണ്. ഫലത്തിൽ ലക്ഷങ്ങൾ നഷ്ടമായവർ കഷ്ടത്തിലായി. എന്നാൽ, 2020 ൽ ആദൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനായ ആദൂർ കുണ്ടാർ പ്രണവം നിലയത്തിൽ കെ.വി. പ്രണവ് ഇവർക്ക് പിന്നാലെയുണ്ട്. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2019 മുതൽ പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും 8,37,500 രൂപയാണ് വാങ്ങിയെടുത്തത്. പണമോ വിസയോ കിട്ടാതെ വന്നപ്പോൾ പ്രണവ് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വി.ഓ.എം എന്ന കൺസൾട്ടൻസി മുഖേനെയാണ് സത്യജയ്ക്ക് പ്രണവ് പണം നൽകിയത്. കേസിൽ സത്യജ, മകൾ ശ്രുതി, കൺസൾട്ടൻസി ജീവനക്കാരി ശ്രീലത എന്നിവരാണ് പ്രതികൾ.

ഈ കേസിൽ മുൻകൂർ ജാമ്യം നേടുന്നതിനായി സത്യജ കീഴ്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എതിർപ്പുമായി പ്രണവും രംഗത്തുണ്ട്. ഒരു കേസിൽ സത്യജയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായില്ല. ഇവരെ തെരഞ്ഞു കണ്ടുപിടിക്കാനും പൊലീസ് ശ്രമിച്ചില്ല. ഒടുവിൽ ഒളിവിലിട്ട് ചാർജ് കൊടുക്കുകയാണ് ചെയ്തത്.

തളിപ്പറമ്പ്, ഹോസ്ദുർഗ് കോടതികളിൽ ഇവർക്കെതിരേ വണ്ടിച്ചെക്ക് കേസും നിലവിലുണ്ട്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ അസർബൈജാനിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്പോർട്ടും കൈക്കലാക്കി. എന്നാൽ, വളരെ കുറച്ച് പരാതികൾ മാത്രമാണ് സ്റ്റേഷനുകളിൽ ചെന്നിരിക്കുന്നത്. കൂടാതെ പോർച്ചുഗൽ, ക്രൊയേഷ്യ, എസ്റ്റോണിയ, മാൾട്ട എന്നീ രാജ്യങ്ങളിലേക്കും വിസ നൽകാമെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു ഏജൻസിയിൽ നിന്നും മാത്രമായി അസർബൈജാൻ, മാൾട്ട എന്നീ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് നൂറോളം പേരിൽ നിന്ന് ഒന്നരക്കോടി രൂപയോളം പണം തട്ടിയെടുത്തിട്ടുണ്ട്. മുംബൈ ആസ്ഥാനമാക്കിയുള്ള ഏഷ്യ ഓറിയ കമ്പനിയുടെ മാനേജിങ് പാർട്ണർ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തട്ടിപ്പുകൾ തുടരുന്നത്. നിരവധി കുട്ടികളുടെ പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും ഇവരുടെ കൈവശം അകപ്പെട്ടു പോയിരിക്കുകയാണ്.

മാൻപവർ കൺസൾട്ടൻസികളെ വാചകമടിയിൽ വീഴ്‌ത്തി തട്ടിപ്പ്

വിവിധ സ്ഥലങ്ങളിലുള്ള ചെറിയ ചെറിയ മാൻപവർ കൺസൾട്ടൻസികളെ വാചകമടിച്ച് വീഴ്‌ത്തിയാണ സത്യജയുടെ ഇരപിടുത്തം. അസർബൈജാൻ, എസ്റ്റോണിയ, പോർച്ചുഗൽ, ഇറ്റലി, കാനഡ എന്നിവിടങ്ങളിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് സമീപിക്കുകയും പത്തോ ഇരുപതോ പേരിടങ്ങുന്ന ഗ്രൂപ്പിനെ പാസ്പോർട്ടുകളും ബിസിനസ് സർവീസ് ചാർജും ഇത്തരത്തിലുള്ള ചെറിയ ഏജന്റുകളിൽ നിന്നും കൈപ്പറ്റും.

സത്യജ പറയുന്ന 45 ദിവസം അല്ലെങ്കിൽ രണ്ടുമാസം സമയം കഴിഞ്ഞിട്ടും വിസ കിട്ടില്ല. സബ് ഏജൻസികൾ സത്യജയെ വിളിക്കും. അപ്പോൾ സത്യജ നേരിട്ട് പണം നൽകിയവരെ വിളിക്കും. അവരുടെ ഏജൻസികൾ തനിക്ക് പണം തന്നിട്ടില്ലെന്ന് പറയും. ഇത് വിശ്വസിക്കുന്ന അപേക്ഷകർ ഏജൻസിക്ക് എതിരാവുകയും സത്യജ രക്ഷപ്പെട്ടു പോവുകയും ചെയ്യും. ഇത്തരത്തിൽ നിരവധി സബ് ഏജൻസികൾ ഇവരുടെ കെണിയിൽ വീണിട്ടുണ്ട്. ടർക്കിയിലെ കോഴിഫാമിൽ ജോലി വാഗ്ദാനം ചെയ്താണ് ഏറ്റവും പുതിയ തട്ടിപ്പ്.

ഏഴ് എഫ്ഐആറുകൾ, ഒന്നിലും അറസ്റ്റില്ല

വിസ തട്ടിപ്പ് കേസിൽ ഏഴ് എഫ്ഐആറുകളാണ് സത്യജയ്ക്കും കൂട്ടാളികൾക്കുമെതിരേ പൊലീസ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ചിലത് തട്ടിപ്പിന് ഇരയായവർ കോടതിയെ സമീപിച്ചതിനെ പൊലീസ് എഫ്ഐആർ ഇട്ടതാണ്.

2021 നവംബർ 24 ന് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവുർ സ്വദേശി പോളിന്റെ മകൻ അഖിലിന് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം തട്ടിയെന്ന പരാതിയിൽ സത്യജയടക്കം മൂന്നു പ്രതികളുണ്ട്. ജിഷ്ണു, ഷിബു, എന്നിവരാണ് മറ്റ് രണ്ടു പേർ. 2019 ജൂണിലാണ് അഖിലിന്റെ എസ്‌ബിഐ അക്കൗണ്ടിൽ നിന്നും ജിഷ്ണുവും ഷിബുവും പണം കൈപ്പറ്റിയത്. സത്യജ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ പണം നൽകിയതെന്നാണ് പോൾ പറയുന്നത്.

2021 ഡിസംബർ 24 ന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ പാലക്കാട് പ്രേംനഗർ സ്വദേശി ദിനൂപ് കുമാറാണ് പരാതിക്കാരൻ. സത്യജ, സുന്ദരി എന്നിവർ പ്രതികൾ. 2019 ഏപ്രിൽ മുതൽ ഡിസംബർ 31 വരെ പരാതിക്കാരന്റെ അനുജന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപ കൈപ്പറ്റി. ജോബ് വിസക്ക് പകരം ടൂറിസം വിസ കൊടുത്തു.

2020 ജനുവരി മൂന്നിന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സത്യജ, ശിവപാണ്ഡ്യ എന്നിവരാണ് പ്രതികൾ. പാലക്കാട് നല്ലേപ്പുള്ളി സ്വദേശി ടി.ജി.ഷെയിനിൽ നിന്ന് കാനഡയിലേക്ക് വിസ കൊടുക്കാമെന്ന് പറഞ്ഞ് 2019, ജൂൺ, ജൂലൈ മാസങ്ങളിൽ 4.75 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസ്.

2021 ജൂൺ 28 ന് ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല സ്വദേശി ഷിജു ഉമ്മൻ, സത്യജ എന്നിവരാണ് പ്രതികൾ. തൃശൂർ കാടാശേരി ചൗക്ക സ്വദേശിനി ലീനയിൽ നിന്ന് ഭർത്താവ് രഞ്ചു ഹാസന് കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് 2019 ജനുവരി മുതൽ മെയ്‌ 15 വരെ 27 ലക്ഷം തട്ടിയെന്നാണ് പരാതി. ചാലക്കുടിയിലെ വിവിധ ബാങ്കുകൾ വഴിയാണ് പണം കൈമാറിയത്. കോടതി നിർദ്ദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2023 ജൂൺ രണ്ടിന് ആലപ്ര സ്വദേശി സി.ജി. അജിത്ത് കോടതിയെ സമീപിച്ചതിനെ തുടർന്ന് കൊച്ചി ഇൻഫോ പാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സത്യജ, ശിവപാണ്ടി, കോട്ടലം സ്വദേശി ജിത്തു എന്നിവരാണ് പ്രതികൾ. കാനഡയിൽ പാക്കിങ് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് 5.50 ലക്ഷം തട്ടിയെന്നാണ് പരാതി.

2019 ഡിസംബർ മൂന്നിന് ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെടുത്ത കേസിൽ സത്യജ, ശിവപാണ്ടി, ജിത്തു എന്നിവരാണ് പ്രതികൾ. കാനഡയിൽ പാർക്കിങ് ജോലി വാഗ്ദാനം ചെയ്ത് 10.84 ലക്ഷം തട്ടിയെന്ന് പരാതി നൽകിയത് കരിങ്കുന്നം സ്വദേശി ആൽബിൻ ജേക്കബാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP