Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സതീഷ് ആചാര്യയുടെ മുഹമ്മദ് മുഷ്താഖിലേക്കുള്ള മാറ്റം നടന്നത് കോഴിക്കോട്ട്; കല്ലായിയിലെ സലഫി കേന്ദ്രം കർണ്ണാടക പൊലീസിന്റെ നിരീക്ഷണത്തിൽ; മതം മാറിയ ശേഷമുള്ള രണ്ട് കന്നഡ യുവാക്കളുടെ തിരോധാനത്തിൽ ദുരൂഹത

സതീഷ് ആചാര്യയുടെ മുഹമ്മദ് മുഷ്താഖിലേക്കുള്ള മാറ്റം നടന്നത് കോഴിക്കോട്ട്; കല്ലായിയിലെ സലഫി കേന്ദ്രം കർണ്ണാടക പൊലീസിന്റെ നിരീക്ഷണത്തിൽ; മതം മാറിയ ശേഷമുള്ള രണ്ട് കന്നഡ യുവാക്കളുടെ തിരോധാനത്തിൽ ദുരൂഹത

രഞ്ജിത് ബാബു

മംഗളൂരു: ദക്ഷിണ കർണാടകത്തിലെ യുവാക്കളെ മതം മാറ്റിയത് കോഴിക്കോട്ടെ കല്ലായിയിൽ വച്ചെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കർണാടകത്തിലെ സുള്ള്യക്കടുത്ത അരമ്പൂർ പാലടുക്കയിലെ ജനാർദ്ദന ഗൗഡയുടെ മകൻ 19 കാരനായ ദീക്ഷിതാണ് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതോടെ കാണാതായത്.

നേരത്തെ സുള്ള്യ സ്വദേശി സതീഷ് ആചാര്യ ഇസ്ലാം മതം സ്വീകരിച്ചശേഷം തിരോധാനം ചെയ്യപ്പെട്ടിരുന്നു. ഇതോടെ ഭീകര പ്രവർത്തനം ലക്ഷ്യം വച്ച് മതം മാറ്റാൻ പ്രേരിപ്പിക്കുന്ന കേന്ദ്രം കോഴിക്കോടാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കയാണ് കർണ്ണാടകത്തിലെ രഹസ്യാന്വേഷണ ഏജൻസികൾ. ഈ മാസം ഏഴാം തീയതിയാണു ദീക്ഷിതിന്റെ തിരോധാനം. ഒരാഴ്ച മുമ്പാണ് മണ്ടേകൊലു ഗ്രാമത്തിലെ സതീഷ് ആചാര്യയെന്ന 25 കാരൻ മതം മാറ്റം ചെയ്യപ്പെട്ടത്.

നാലുമാസം മുമ്പ് കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തിൽ പരിശീലനത്തിനെന്നു പറഞ്ഞാണ് കാണാതായ ദീക്ഷിത് വീടുവിട്ടത്. അതുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ ഇയാളിൽ പ്രകടമായ മാറ്റം ഉണ്ടായെന്ന് അച്ഛൻ ജനാർദ്ദന ഗൗഡ പറയുന്നു. അമ്മയുമായി വലിയ അടുപ്പമുണ്ടായിരുന്ന ദീക്ഷിത് അവരോട് പോലും കൂടുതൽ അകൽച്ച കാട്ടി. വീടിനകത്ത് തനിച്ചിരിക്കുന്ന സ്വഭാവക്കാരനായി മാറി. അതോടെ അച്ഛൻ ഗൗഡ ഇയാളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. സമീപത്തെ മുസ്ലിം പള്ളിയിൽ നിന്നും ബാങ്കുവിളി ഉയർന്നപ്പോൾ വീടിനുള്ളിൽ വച്ച് നിസ്‌ക്കരിക്കുന്നതായി കണ്ടു. ഇത് ചോദ്യം ചെയ്തപ്പോൾ താൻ യോഗ ചെയ്യുകയാണെന്നാണ് പറഞ്ഞത്. മനോരോഗം ബാധിച്ച നിലയിലുള്ള പെരുമാറ്റമാണ് പിന്നീട് ദീക്ഷിതിൽ നിന്നും ഉണ്ടായത്. അച്ഛൻ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

അടുത്ത ദിവസം താൻ ജോലിക്കു പോവുകയാണെന്നും ഒരാഴ്‌ച്ചക്കകം തിരിച്ചു വീട്ടിലേക്കെത്തുമെന്നും ദീക്ഷിത് ഫോൺ വിളിച്ച് വീട്ടിലറിയിച്ചു. കൂടുതൽ സംസാരിക്കാൻ തയ്യാറാവാതെ ഫോൺ ബന്ധം അവസാനിക്കുകയും ചെയ്തു. അടുത്ത ദിവസം അമ്മയുടെ ഫോണിലേക്കും വിളിയുണ്ടായി. താൻ ചെന്നൈയിലാണ് ഉള്ളതെന്നറിയിച്ചശേഷം പഴയതു പോലെ ഫോൺ കട്ട് ചെയ്തു. അതോടെ ജനാർദ്ദന ഗൗഡ പൊലീസിൽ പരാതി നൽകി. പൊലീസ് ദീക്ഷിത് വിളിച്ച ഫോൺ ട്രെയ്സ് ചെയ്തപ്പോൾ ചെന്നൈയിൽ നിന്നല്ല വിളിയെന്നും കേരളത്തിലെ തിരൂരിൽ നിന്നാണെന്നും തിരിച്ചറിഞ്ഞു. അതോടെയാണ് ദീക്ഷിത് ഇസ്ലാം തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ടെന്ന സൂചന ലഭിച്ചത്. ദീക്ഷിതിന് മുമ്പ് മതം മാറിയ സതീഷ് ആചാര്യ മുഹമ്മദ് മുഷ്താഖ് എന്ന പേര് സ്വീകരിച്ചിരുന്നു.

കോഴിക്കോട് കല്ലായിയിൽ തീവ്ര സലഫി ആശയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രത്തിൽനിന്നാണ് കർണാടകക്കാരായ രണ്ടു പേരും മതം മാറ്റത്തിന് വിധേയരായതെന്നാണ് സൂചന. സൗദിയിലെ ഷെയ്ക്ക് ഫവ്സാൻ എന്ന തീവ്ര ആശയക്കാരനായ മതപണ്ഡിതന്റെ പിൻതുടർച്ചക്കാരായ സലഫി വിഭാഗമാണ് ഇതിന്റെ പിന്നിലെന്ന് ഏതാണ്ട് വ്യക്തമായിരിക്കയാണ്. സമീപകാലത്തെ ഈ രണ്ടു മതംമാറ്റങ്ങളും ദക്ഷിണ കന്നടയിലെ മതവൈര്യത്തിന് ആക്കം കൂട്ടിയേക്കുമെന്ന സംശയവും ഉയർന്നിട്ടുണ്ട്. നേരത്തെ സതീഷ് ആചാര്യയുടെ മതപരിവർത്തനത്തെ തുടർന്ന് മണ്ടേകൊലു ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

സുള്ള്യയിലും ആലംബൂരിലും ചെറിയ പ്രശ്നങ്ങൾ തന്നെ വലിയ മതസംഘർഷമായി മാറുന്ന അവസ്ഥയാണുള്ളത്. കർണ്ണാടക പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സംഭവങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഒട്ടേറെ മലയാളികൾ അധിവസിക്കുന്ന സുള്ള്യ മേഖലയിൽ ഈ മതംമാറ്റവും തിരോധാനവും തങ്ങളേയും ബാധിക്കുമോ എന്ന സംശയവും ഉടലെടുത്തിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP