Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

അടിപിടി കേസിൽ ഒളിത്താമസം; പൊലീസിന് ഭയന്ന് ഓടിയ രണ്ടു പേർക്ക് വൈദ്യുത കെണിയിൽ ഷോക്കടിച്ചു; ആരും ഒന്നും അറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടത് സ്ഥലം ഉടമ? പോസ്റ്റ്‌മോർട്ടം നിർണ്ണായകം; കൊടുമ്പ് കരിങ്കരപ്പുള്ളിക്കാർ ഞെട്ടലിൽ

അടിപിടി കേസിൽ ഒളിത്താമസം; പൊലീസിന് ഭയന്ന് ഓടിയ രണ്ടു പേർക്ക് വൈദ്യുത കെണിയിൽ ഷോക്കടിച്ചു; ആരും ഒന്നും അറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടത് സ്ഥലം ഉടമ? പോസ്റ്റ്‌മോർട്ടം നിർണ്ണായകം; കൊടുമ്പ് കരിങ്കരപ്പുള്ളിക്കാർ ഞെട്ടലിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ടു യുവാക്കൾ മരിച്ചത് വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റാണു യുവാക്കൾ മരിച്ചതെന്നാണു സൂചന. എന്നാൽ പോസ്റ്റ് മോർട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്ത വരൂ. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് സൂചന. ഇക്കാര്യം ആനന്ദ് കുമാറും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്.

തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. ഈ ഓട്ടത്തിനിടെ വൈദ്യുത കമ്പിയിൽ ഇവർ തട്ടി മരിച്ചുവെന്നാണ് സംശയം. അഭിനും അജിത്തും കൂട്ടുകാരെ അന്വേഷിച്ചിറങ്ങി. ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. കസബ പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്തു തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. തുടർന്ന് സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സ്ഥലം ഉടമയെ പൊലീസ് ചോദ്യം ചെയ്തു. ഇതോടെ പൊലീസിന് കാര്യങ്ങൾ വ്യക്തമായി.

കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നാണ് മൊഴി. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്‌തെന്നാണു നിഗമനം. മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും. അതിന് ശേഷം മരണ കാരണം തെളിയും. സ്ഥലം ഉടമയെ അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്. കൊലക്കുറ്റവും ചുമത്തും. അനുമതിയില്ലാതെ വൈദ്യുതിക്കെണി വച്ചതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും സ്ഥലം ഉടമയെ ജയിലിലാക്കും.

പ്രദേശത്ത് രക്തം തളംകെട്ടിയതിന്റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്താൽ മാത്രമേ ആരുടേതാണെന്ന് വ്യക്തമാകൂ. ബുധൻ രാവിലെ ഏഴിന് ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കും. തുടർന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടം നടത്തും. വിരലടയാള വിദഗ്ധരും ഡ്വാഗ് സ്‌ക്വാഡും രാവിലെ എത്തും. സംഭവസ്ഥലം കെട്ടിയടച്ചു. രണ്ടുപേരെ കാണാതായ പരാതിയിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രദേശത്ത് എത്തിച്ചേർന്നത്.

സതീഷ്, ഷിജിത്ത് എന്നിവരെ കഴിഞ്ഞദിവസം കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് നാലുപേരെ അന്വേഷിച്ച് പൊലീസ് എത്തിയിരുന്നു. സതീഷിന്റെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നവരെ തേടിയാണ് പൊലീസ് എത്തിയത്. തുടർന്ന് ഇവർ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. രണ്ടുപേർ ഒരുവഴിക്കും മറ്റുരണ്ടുപേർ മറ്റൊരു വഴിയിലുമായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്.

ഇവരിൽ രണ്ടുപേരെ കാണാനില്ലെന്നു കാണിച്ച് ലഭിച്ച പരാതിയിൽ പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവനും പരിശോധന നടത്തി. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കരിങ്കരപ്പുള്ളിയിലെ പാടത്തേക്ക് കൂടെ തിരച്ചിൽ വ്യാപിച്ചപ്പോഴായിരുന്നു മണ്ണ് ഇളകിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മണ്ണ് മാറ്റിയപ്പോൾ ഒരാളുടെ കാൽ കിട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP