Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്‌സിനെ വീഴ്‌ത്തിയത് വില കുറച്ച് വിറ്റ്; കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി; അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ അന്വേഷണം

പൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്‌സിനെ വീഴ്‌ത്തിയത് വില കുറച്ച് വിറ്റ്;  കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി;  അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ അന്വേഷണം

ആർ പീയൂഷ്

കൊച്ചി: സനു മോഹന്റെ ദുരൂഹതകൾ കീറിമുറിച്ച് പരിശോധിക്കാൻ കൊച്ചി ഡി.സി.പി ഐശ്വര്യാ ഡോങ്റെ ഐ.പി.എസ് മുംബൈയിലും പൂണെയിലും അന്വേഷണം തുടങ്ങി. സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിനു പുറമേ മറ്റെന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ഇന്ന് രാവിലെ മുംബൈയിലെ ഉയർന്ന പൊലീസുദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തി. മുംബൈയിലുള്ള സ്ഥാപനങ്ങളുടെ പരാതിയിലാണ് നിലവിൽ സനു മോഹനെതിരെ സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് കേസ് നിലനിൽക്കുന്നത്. ഇവിടെ നിന്നും തട്ടിയെടുത്ത കോടിക്കണക്കിന് രൂപയുമായാണ് ഇയൾ എറണാകുളത്തെത്തി ഒളിവിൽ താമസിച്ചിരുന്നത്. അഞ്ച് വർഷം മുൻപുള്ള കേസിന്റെ വിശദാംശങ്ങൾ വിശദമായി അന്വേഷിക്കുകയാണ് ഡി.സി.പി ഐശ്വര്യാ ഡോങ്റെ.

പൂണെയിൽ ഉണ്ടായിരുന്ന ബന്ധുക്കളെയും ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയെയും ചോദ്യം ചെയ്യും. സ്ഥാപനത്തിലുണ്ടായിരുന്ന ഒൻപതോളം ജീവനക്കാരെ കണ്ടെത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. 5 വർഷം മുൻപ് ജോലി ചെയ്തവരെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്. എങ്കിലും ലോക്കൽ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവരിൽ നിന്നും നിർണ്ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ വിശ്വാസം. തട്ടിപ്പിനിരയായവരെ നേരിൽ കാണാനും ഡി.സി.പി ശ്രമിക്കുന്നുണ്ട്. അവരിൽ ആരെങ്കിലും അടുത്തിടെ കേരളത്തിലേക്ക് വന്നിരുന്നോ എന്നും സനു മോഹനെ ബന്ധപ്പെട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്രാ സൈബർ സെല്ലിന്റെ സഹായത്തോടെ ടെലഫോൺ രേഖകളും പരിശോധിക്കും.

പൂെണയിൽ ശ്രീ സായി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് സനു മോഹൻ തട്ടിപ്പ് നടത്തിയത്. വിവിധ തരം ലോഹങ്ങളുടെ ഉൽപ്പന്നങ്ങൾ ഹോൾസെയിൽ വിൽപ്പന നടത്തുന്ന സ്ഥാപനമായിരുന്നു ഇത്. മുംബൈയിലെ വിവിധ ഉൽപ്പാദകരിൽ നിന്നും സാധനങ്ങൾ വാങ്ങി പൂണെയിൽ എത്തിച്ച് വിലകുറച്ച് വിൽക്കുന്നതായിരുന്നു രീതി. പൂെണയിൽ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലാണ് സാധനങ്ങൾ വിറ്റിരുന്നത്. അതിനാൽ വലിയ കച്ചവടമായിരുന്നു ഇവിടെ നടന്നിരുന്നത്. വലിയ വിലക്കുറവിൽ സാധനം വിൽക്കുന്നതിനാൽ ഉടനടി തന്നെ പണം വാങ്ങിയിരുന്നു. ആർക്കും കടം കൊടുക്കുന്ന ഏർപ്പാട് ഇല്ലായിരുന്നു. എന്നാൽ സനു മോഹൻ സാധനം എടുത്തിരുന്നത് മൂന്ന് മാസം വരെ അവധി പറഞ്ഞായിരുന്നു. വിലക്കുറവായതിനാൽ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വിറ്റു പോകുകയും ചെയ്തിരുന്നു. പതിയെ പൂെണയിലെ അറിയപ്പെടുന്ന സ്ഥാപനമായി ശ്രീ സായി എന്റർപ്രൈസസ് മാറി. ഇതോടെ സനുമോഹന് സാധനങ്ങൾ കൊടുത്തിരുന്നവർ കൂടുതൽ ക്രെഡിറ്റിൽ സാധനങ്ങൾ ഇറക്കി കൊടുക്കാൻ തുടങ്ങി.

എന്നാൽ പതിയെ പതിയെ ഇയാൾ സാധനങ്ങൾ ഇറക്കി കൊടുത്തിരുന്നവർക്ക് പണം കൊടുക്കാതിരുന്നു. അങ്ങനെ 11.5 കോടി രൂപയോളം കൈവശം വന്നതോടെ ഇയാൾ കുടുംബ സമേതം പൂണെയിൽ നിന്നും ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയതോടു കൂടി പണം കിട്ടാനുള്ളവർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം പലതവണ കേരളത്തിലെത്തിയെങ്കിലും സനു മോഹനെ കണ്ടെത്താൻ കഴിഞ്ഞില്ല. പണം കിട്ടാനുള്ളവർ പൊലീസിനെ വീണ്ടും സമീപിക്കുകയും അന്വേഷണം ഊർജ്ജിതമാക്കാനും ആവശ്യപ്പെട്ടതിനിടയിലാണ് വൈഗയുടെ മരണവും സനു മോഹന്റെ തിരോധാനവും ഉണ്ടാകുന്നത്.

അതേ സമയം കൊച്ചി സിറ്റി പൊലീസിന് ലഭ്യമായ വിവരമനുസരിച്ച് 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന ഒരു കേസ് മാത്രമേയുള്ളൂ എന്നാണ് പത്ര സമ്മേളനത്തിൽ അറിയിച്ചത്. 3 കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും ഡി.സി.പി അന്വേഷിക്കും. മഹാ രാഷ്ട്രാ ക്രൈംബ്രാഞ്ച് നേരത്തെ മറുനാടനോട് പറഞ്ഞിരുന്നത് 11.5 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. ഡി.സി.പിയുടെ അന്വേഷണ റിപ്പോർട്ട് കൂടി ലഭിച്ചതിന് ശേഷമാകും തുടരന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP