Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവിനെ കൊന്ന കേസിൽ വിനോദ് ജയിലിൽ പോയപ്പോൾ കുഞ്ഞുമോൾ സന്തോഷുമായി അടുത്തു; എല്ലാം അറിഞ്ഞ ഭർത്താവിനായി സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലയ്ക്ക് സൗകര്യം ഒരുക്കി കൊടുത്തതും കുഞ്ഞുമോൾ തന്നെ; കൊല നടത്തിയത് ബുധനാഴ്ച എന്നും മൊഴി:ചോദ്യം ചെയ്തപ്പോൾ പൊലീസിന് മുമ്പിൽ എല്ലാം വെളിപ്പെടുത്തി കുഞ്ഞുമോളുടെ കീഴടങ്ങൽ

പിതാവിനെ കൊന്ന കേസിൽ വിനോദ് ജയിലിൽ പോയപ്പോൾ കുഞ്ഞുമോൾ സന്തോഷുമായി അടുത്തു; എല്ലാം അറിഞ്ഞ ഭർത്താവിനായി സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലയ്ക്ക് സൗകര്യം ഒരുക്കി കൊടുത്തതും കുഞ്ഞുമോൾ തന്നെ; കൊല നടത്തിയത് ബുധനാഴ്ച എന്നും മൊഴി:ചോദ്യം ചെയ്തപ്പോൾ പൊലീസിന് മുമ്പിൽ എല്ലാം വെളിപ്പെടുത്തി കുഞ്ഞുമോളുടെ കീഴടങ്ങൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാങ്ങാനത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരവായി. പയ്യപ്പാടി സ്വദേശി സന്തോഷിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയ പൊലീസ് കേസിന്റ ചുരുളഴിച്ചത് വളരെ വേഗത്തിലായിരുന്നു. കോട്ടയം റെയിൽ വേ കോളനിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ കമ്മൽ വിനോദ് എന്ന ഗുണ്ടയേയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞുമോളുടെ ഫോണിൽ നിന്നും സന്തോഷിന്റ ഫോണിലേക്ക് വന്ന കോളാണ് കേസിൽ വഴിത്തിരവായത്.

ലഭിച്ച തെളിവിന്റ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിനോദിനെയും ഭാര്യയെയും രണ്ട് മുറിയിൽ നിർത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയത് സംബന്ധിച്ച നിർണായക തെളിവ് ലഭിച്ചത്. അതേസമയം സന്തോഷിന്റെ തല മൃതദേഹം കണ്ടെത്തിയതിന് അഞ്ച് കിലോമീറ്റർ അകലൈ തുരുത്തേൽ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. കുഞ്ഞുമോൾ നൽകിയ വിവരം അനുസരിച്ചാണ് തല കണ്ടത്തിയതെന്നും റിപ്പോർട്ട് ഉണ്ട്.

പൊലീസ് ചോദ്യം ചെയ്യലിൽ കുഞ്ഞുമോൾ എല്ലാം തത്ത പറയും പോല പറയുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സന്തോഷിനെ കൊന്നതന്ന് കുഞ്ഞുമോൾ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ചയാണ് കൊലപാതകം നടന്നതെങ്കിൽ പൊലീസ് കരുതുന്നതുപോലെ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം എന്നത് ശരിയാകും. അന്ന് രാത്രി വിനോദ് പറഞ്ഞിട്ട് കുഞ്ഞുമോൾ സന്തോഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കുഞ്ഞുമോൾ വിളിക്കുമ്പോൾ സന്തോഷിന്റെ അച്ഛനായിരുന്നു ഫോൺ എടുത്തത്. വിനോദ് വിട്ടിലില്ലെന്നും ഒന്നു വരണമെന്നുമാണ് കുഞ്ഞുമോൾ അറിയിച്ചത്. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു.

ഇത്രമാത്രമാണ് കുഞ്ഞുമോൾ മൊഴിയിൽ പറഞ്ഞതെങ്കിലും കൊല നടത്തിയത് വിനോദ് ആയിരിക്കാമെന്നും കുഞ്ഞുമോൾ പൊലീസിനോട് പറഞ്ഞു. എന്നാൽ തനിക്ക് കൊലപാതകത്തിൽ പങ്കില്ലന്നാണ് കുഞ്ഞുമോൾ പൊലീസിൽ പറഞ്ഞിരിക്കുന്നത്. കുഞ്ഞുമോൾ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം വീട്ടിൽ കൊല നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്തു വച്ചാകാം വിനോദ് സന്തോഷിനെ കൊന്നതന്ന സംശയവും പൊലീസിലുണ്ട്. കുഞ്ഞുമോൾക്ക് പങ്കില്ലെങ്കിൽ വിനോദ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും കൊലയ്ക്ക് സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കൊല നടത്തിയത് എവിടെ വച്ച് ? എങ്ങനെ ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം കുഞ്ഞുമോളും വിനോദും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിതാവിന കൊലപ്പെടുത്തിയ കേസിൽ അകത്തായ വിനോദ് ജയിലിൽ കഴിയുന്ന സമയത്താണ് സന്തോഷ് കുഞ്ഞുമോളുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുന്നത്. പുറത്തിറങ്ങിയ വിനോദ് ഇതെല്ലാം അറിയുകയും ചെയ്തു. തുടർന്ന് കുഞ്ഞുമോളെക്കൊണ്ട് തന്നെ സന്തോഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊല്ലുകയായിരുന്നു വിനോദ്. അതാണ് വിനോദ് വീട്ടിലില്ലെന്നും വരണമെന്നും കുഞ്ഞുമോൾ ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷ് വന്നതെന്നും കരുതുന്നു.

കോട്ടയം പുതുപ്പള്ളി റോഡിൽ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വന്നതോടൈ പരിസരവാസികൾ നടതക്കതിയ തിരച്ചിലിലാണ് രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലാിരുന്നു. ഒരു ചാക്കിൽ കഴുത്തു മുതൽ അര വരെയുള്ള ഭാഗങ്ങളും അടുത്ത ചാക്കിൽ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്.

കനത്ത ദുർഗന്ധത്തെ തുടർന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകൾ കണ്ടത്. തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസമായി പ്രദേശത്ത് ദുർഗന്ധമുണ്ടെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ദുർഗന്ധം രൂക്ഷമായത്. തുടർന്നാണ് ഇന്നലെ രാവിലെ ഇവിടെ പ്രദേശവാസി പരിശോധന നടത്തിയത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തിൽ ഷർട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. അഴുകിയ ശരീരമായതിനാൽ ദുർഗന്ധം രുക്ഷമായിരുന്നു. കൊല്ലപ്പെട്ടത്് 40 വയസിൽ താഴെ പ്രായമുള്ള പുരുഷനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെഷീൻ വാൾ പോലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്.

കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയിൽ വണ്ടിയിൽ കൊണ്ടുവന്ന് തള്ളിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. നീലവരയൻ ഷർട്ടിന്റെ കൈകൾ മുട്ടിന് മുകളിൽ മടക്കിവച്ചിട്ടുണ്ട്. കാൽഭാഗങ്ങൾ കണ്ടെത്തിയ ചാക്കിനുള്ളിൽ നിന്നും കാവിമുണ്ടും ഒരു വള്ളിചെരുപ്പും ലഭിച്ചു. വലത് കാലിന്റെ കണ്ണയോട് ചേർന്ന് മുറിഞ്ഞപോലെത്തെ പാടുകൾ കാണാം. പൂർണമായും അഴുകിയതിനാൽ മൃതദേഹത്തിലെ മറ്റ് അടയാളങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തിൽ ഉപേക്ഷിച്ചതെന്നും പൊലീസ് കണക്കുകൂട്ടുന്നു. മൃതദേഹ അവശിഷ്ടങ്ങൾ പഴകിയതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആരുടെതാണെന്നു കണ്ടെത്താനാകു.

കോട്ടയം ജില്ലാ പൊലീസ് ചീഫിന്റെ ചുമതലയുള്ള കറുപ്പ് സ്വാമിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന്റെ പഴക്കംമൂലം തെളിവുകൾ ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ തലയ്ക്കായി പ്രദേശത്തിന്റെ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇന്നലെ തന്നെ പൊലീസ് ഇവിടുത്തെ കുറ്റിക്കാടുകൾ പൂർണമായും നീക്കം ചെയ്തു.

വിനോദ് സ്വന്തം പിതാവിനെ കൊന്ന കേസിൽ പ്രതി
സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ഈയിടെ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ എ.ആർ.വിനോദ് കുമാർ എന്ന കമ്മൽ വിനോദ്. ഇയാളുടെ ഭാര്യ കുഞ്ഞുമോൾക്കും കൊലയിൽ പങ്കുണ്ടെന്നാണ് വിവരം.

കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോൾ വിനോദ് സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. ഫെബ്രുവരി അഞ്ചിനായിരുന്നു ഈ കൊലപാതകം. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിൽ വിനോദ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അച്ഛന്റെ വാരിയെല്ലുവരെ തകർത്തായിരുന്നു കൊല. വിനോദിന്റെ അമ്മ നഗരസഭയിൽ പാർട് ടെം ജീവനക്കാരിയായതിനാലാണ് ക്വാർട്ടേഴ്‌സിൽ താമസിച്ചത്. ഇപ്പോൾ മീനടത്താണ് താമസം.

ജാമ്യത്തിലിറങ്ങിയ മെയ്‌ 22 മുതൽ സന്തോഷ് ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടറുടെ മുൻപിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തു. വിനോദിന്റെയും സന്തോഷിന്റെയും ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴും സംശയം ബലപ്പെടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്‌പി സഖറിയാ മാത്യു, സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP