Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഗുരുവായൂരിന് സമീപം വിലകുറഞ്ഞ ഫ്‌ളാറ്റ്; ഭക്തർ ഒഴുകിയെത്തുമെന്നതിനാൽ വാടകക്കാരെ കണ്ടെത്തി കാശ് തരുന്ന കാര്യം ഞങ്ങൾ ഏറ്റു; മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്ത് നാട്ടുകാരെ പിടിച്ച് ശാന്തിമഠം രാധാകൃഷ്ണൻ വീണ്ടും അകത്തായി; 200 സിവിൽ കേസുകളും 170 ക്രിമിനൽ കേസും ഉണ്ടായിട്ടും ഒളിവിലെന്ന് കാണിച്ച് സുഖജീവിതം നയിച്ച രാധാകൃഷ്ണനെ അകത്താക്കുന്നത് കാശുപോയ ഒരാൾ നേരിട്ട് പ്രതിയെ ചൂണ്ടികാട്ടിയപ്പോൾ

ഗുരുവായൂരിന് സമീപം വിലകുറഞ്ഞ ഫ്‌ളാറ്റ്; ഭക്തർ ഒഴുകിയെത്തുമെന്നതിനാൽ വാടകക്കാരെ കണ്ടെത്തി കാശ് തരുന്ന കാര്യം ഞങ്ങൾ ഏറ്റു; മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുത്ത് നാട്ടുകാരെ പിടിച്ച് ശാന്തിമഠം രാധാകൃഷ്ണൻ വീണ്ടും അകത്തായി; 200 സിവിൽ കേസുകളും 170 ക്രിമിനൽ കേസും ഉണ്ടായിട്ടും ഒളിവിലെന്ന് കാണിച്ച് സുഖജീവിതം നയിച്ച രാധാകൃഷ്ണനെ അകത്താക്കുന്നത് കാശുപോയ ഒരാൾ നേരിട്ട് പ്രതിയെ ചൂണ്ടികാട്ടിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് രാധാകൃഷ്ണൻ എന്ന വടക്കൻപറവൂരുകാരൻ ശാന്തിമഠം രാധാകൃഷ്ണനായി വളർന്നത്. എതിരാളികൾക്ക് അത് തട്ടിപ്പിന്റെ പാതയാണെങ്കിൽ അടുപ്പക്കാരുടെ ഭാഷയിൽ പക്ഷേ, ഈ മനുഷ്യൻ വളർന്നത് കഠിനപ്രയത്നത്തിലൂടെയാണ്. പക്ഷേ തട്ടിപ്പുകാരുടെ കണ്ണീരിന്റെ വില ഈ ബിൽഡറെ കുടുക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ വില്ല തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന ശാന്തിമഠം ബിൽഡേഴ്‌സ് ചെയർമാൻ ശാന്തിമഠം രാധാകൃഷ്ണൻ വീണ്ടും അറസ്റ്റിലായി. പൊലീസിന് പിടിക്കാൻ താൽപ്പര്യമില്ലാത്ത മുതലാളിയെ പരാതിക്കാരൻ തന്നെ കണ്ടെത്തിയെന്നതാണ് വസ്തുത. രാധാകൃഷ്ണൻ ഒളിവിൽ കഴിഞ്ഞ 'ലൊക്കേഷൻ' പരാതിക്കാരൻതന്നെ കണ്ടെത്തി കമ്മിഷണർ ജി.എച്ച്.യതീഷ് ചന്ദ്രയെ ഫോണിൽ അറിയിക്കുകയായിരുന്നു. കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ പൊലീസ് കൊടുങ്ങല്ലൂർ പുല്ലൂറ്റിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു ചാവക്കാട് സബ് ജയിലിൽ അടച്ചു.

ഇരിങ്ങപ്പുറം, കണ്ടാണശേരി, മുനിമട, മറ്റം പ്രദേശങ്ങളിൽ വില്ല നിർമ്മിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം വാങ്ങി കബളിപ്പിച്ചെന്നാണു പരാതി. തട്ടിപ്പിന്റെ പേരിൽ 170ൽ ഏറെ ക്രിമിനൽ കേസുകളും 200ൽ ഏറെ സിവിൽ കേസുകളും രാധാകൃഷ്ണനെതിരെ ചുമത്തപ്പെട്ടിരുന്നു. പ്രവാസികളായിരുന്നു തട്ടിപ്പിന് ഇരയായവരിൽ ഏറെയും. തിരുവനന്തപുരം ഉപഭോക്തൃ കോടതി വിധിപ്രകാരം കഴിഞ്ഞ വർഷവും ഇയാൾ അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. തിരുവനന്തപുരത്തു പത്തും തൃശൂരിൽ നാലും വാറന്റുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് അറസ്റ്റ് ഉണ്ടായില്ല. പരാതിക്കാർ ലോക്കൽ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഇയാളും കുടുംബവും ഒളിവിലാണെന്നായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ ഡിക്ടറ്റീവായത്. ഒടുവിൽ പരാതിക്കാരിലൊരാളായ തിരുവനന്തപുരം സ്വദേശി, രാധാകൃഷ്ണൻ താമസിക്കുന്ന സ്ഥലം കണ്ടെത്തി കമ്മിഷണറെ നേരിട്ട് അറിയിക്കുകയായിരുന്നു. രാധാകൃഷ്ണനൊപ്പം കുടുംബാംഗങ്ങളിൽ ചിലരും കേസുകളിൽ പ്രതികളാണ്. എന്നാൽ, പൊലീസ് എത്തുന്നതു മണത്തറിഞ്ഞ് ഇവർ മുങ്ങിയെന്നാണു സൂചന. ഗുരുവായൂരിൽ കുറഞ്ഞ ചെലവിൽ ഫ്‌ളാറ്റ് എന്നതായിരുന്നു ശാന്തിമഠത്തിന്റെ പരസ്യവാചകം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് വാടകയ്ക്ക് നൽകിയ പണം ഫ്‌ളാറ്റ് വാങ്ങുന്നവർക്ക് തിരിച്ചു നൽകുന്ന സ്വപ്‌ന പദ്ധതി. എന്നാൽ ഇത് വെറും തട്ടിപ്പായിരുന്നുവെന്ന് പിന്നീടാണ് തെളിഞ്ഞത്. ഇതോടെയാണ് ശാന്തിമഠത്തിന്റെ തകർച്ച തുടങ്ങുന്നത്.

രാധാകൃഷ്ണൻ ജനിച്ചത് പറവൂർ ചക്കുമരശ്ശേരിയിലാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ നേട്ടമൊന്നും രാധാകൃഷ്ണന് അവകാശപ്പെടാനില്ല. സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത കുടുംബത്തിൽ പിറന്ന രാധാകൃഷ്ണന് പത്താംതരം വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് നാട്ടിലെ ചെറിയ കൂലിപ്പണിപോലും ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഉപജീവനത്തിനായി സ്വന്തമായി ചായക്കടയും രാധാകൃഷ്ണൻ നടത്തിയിട്ടുണ്ട്. നാട്ടിലെ ജീവിതസാഹചര്യം മോശമായതിനാൽ ആന്ധ്രാപ്രദേശിലേക്ക് ചേക്കേറി. എന്നാൽ അവിടെയും രാധാകൃഷ്ണൻ ഉറച്ചുനിന്നില്ല. തിരിച്ച് വടക്കൻ പറവൂരിലെത്തി. പിന്നീട് തപാലിലൂടെ ഹോമിയോപഠനം തുടങ്ങി. എന്നാൽ ഇത് പൂർത്തിയാക്കാനായില്ല.

ഇതിനെല്ലാം ശേഷമാണ് ശാന്തിമഠം എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനകം രാധാകൃഷ്ണന്റെ വിവാഹവും കഴിഞ്ഞിരുന്നു. ശാന്തിമഠം ദാഹശമനി എന്ന ഉല്പന്നമാണ് രാധാകൃഷ്ണൻ ആദ്യം പുറത്തിറക്കിയത്. വിപണിയിൽ ചെറിയ തോതിലാണെങ്കിലും പ്രതികരണം ഉണ്ടാക്കിയെടുക്കാൻ ദാഹശമനിക്കായെന്ന് അഡ്വ. പ്രദീപ് പറഞ്ഞു. ദാഹശമനിയുടെ ചുവടുപറ്റിആയുർവേദ ഹെയർടോണിക് പുറത്തിറക്കാനും ശാന്തിമഠത്തിനായി. കുറെക്കാലം വടക്കൻപറവൂർ കേന്ദ്രീകരിച്ച് ശാന്തിമഠം ഉല്പന്നങ്ങൾ വിപണിയിലെത്തിച്ചുവെങ്കിലും പിന്നീട് ഉല്പാദനവും വിതരണവും പൂർണ്ണമായും അവസാനിപ്പിക്കുകയായിരുന്നു. വസ്തു വാങ്ങുകയും വിൽക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ് രംഗത്തേക്കുള്ള കടന്നുവരവാണ് ശാന്തിമഠം രാധാകൃഷ്ണനെന്ന ബിൽഡറെ വളർത്തിയത്. വടക്കൻ പറവൂരിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര, എറണാംകുളത്തും തൃശൂരും പാലക്കാട്ടും ഭൂമി വാങ്ങിക്കൂട്ടുന്നതിൽ എത്തി.

നല്ല കണ്ണായസ്ഥലം പണംകൊടുത്ത് വാങ്ങിയ ശേഷം ലാഭാടിസ്ഥാനത്തിൽ മറിച്ചുവിൽക്കുന്ന കച്ചവടത്തിൽ രാധാകൃഷ്ണൻ ഏറെ ശോഭിച്ചു. വിദ്യാഭ്യാസത്തിൽ പിന്നിലാണെങ്കിലും മകൻ രാകേഷ് മനുവും ശാന്തിമഠം ഗ്രൂപ്പിന്റെ അമരത്ത് അച്ഛനെ സഹായിക്കാനെത്തി. ഒമ്പതാം ക്ലാസുകാരനായ രാകേഷ് ബിസിനസ്സ് രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പിന്നീട് ശാന്തിമഠം ട്രസ്റ്റ് രൂപീകരിച്ചാണ് വില്ല നിർമ്മാണത്തിലേക്ക് തിരിയുന്നത്. ഗുരുവായൂരിലെ വിപണിസാധ്യത മുന്നിൽ കണ്ട രാധാകൃഷ്ണൻ വടക്കൻ പറവൂരിൽ നിന്ന് തന്റെ പ്രവർത്തന മേഖല ഗുരുവായൂരിലേക്ക് മാറ്റി. 14 വീടുകളുള്ള മമ്മിയൂരിലെ വില്ലാ പദ്ധതി വിജയകരമായി പൂർത്തിയാക്കിയായിരുന്നു ഈ രംഗത്തേക്കുള്ള ശാന്തിമഠത്തിന്റെ ഉറച്ച ചുവടുവയ്‌പ്പ്. ഇതിലൂടെ സമ്പാദിച്ച വിശ്വാസ്യതയും പരസ്യവിപണിയും രാധാകൃഷ്ണൻ സമർത്ഥമായി ഉപയോഗിച്ചു. കൈരളി അടക്കമുള്ള ചാനലുകളിൽ കവിയൂർ പൊന്നമ്മ ഉൾപ്പെടെയുള്ളവർ ശാന്തിമഠത്തിനായി മേക്കപ്പിട്ടു. കേരളത്തിൽതീർത്ഥാടനടൂറിസം രംഗത്തുള്ള അനന്തമായ ബിസിനസ്സ് സാധ്യതകളുണ്ടെന്ന് തെളിയിച്ചത് ശാന്തിമഠം രാധാകൃഷ്ണനാണെന്ന് നിസ്സംശയം പറയാം.

പദ്ധതികളുടെ ആദ്യകാലത്ത് ശാന്തിമഠം രാധാകൃഷ്ണനോടൊപ്പം നിന്നവർ തന്നെയാണ് പിന്നീട് രാധാകൃഷ്ണന്റെ ബദ്ധശത്രുക്കളായി മാറിയത്. രാധാകൃഷ്ണന്റെ രഹസ്യങ്ങൾ പൂർണ്ണമായറിയുന്ന മകൾ മഞ്ജുഷയുടെ മുൻഭർത്താവ് സുരേഷ്‌കുമാറും, ശാന്തിമഠത്തിലെ ജീവനക്കാരനായിരുന്ന പ്രഭിലാഷും തെറ്റിപ്പിരിഞ്ഞതാണ് പലരഹസ്യങ്ങളും പിന്നീട് പരാതികളുടെ രൂപത്തിൽ പുറത്തുവരാൻ കാരണമായത്. ശാന്തിമഠത്തിന്റെ ജീവനക്കാരൻകൂടിയായ സുരേഷ്, രാധാകൃഷ്ണനും മകൾ മഞ്ജുഷയുമായി പിന്നീട് തെറ്റുകയായിരുന്നു. മഞ്ജുഷയുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളും ഇയാൾക്കുണ്ട്. തട്ടിപ്പിന്റെ വലിയൊരു ചീട്ടുകൊട്ടാരത്തിന്റെ മുകളിലാണ് ശാന്തിമഠം തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. രാധാകൃഷ്ണന്റെ ജന്മദേശമായ വടക്കൻ പറവൂരിൽ നിന്നുതന്നെയായിരുന്നു തട്ടിപ്പുകളുടെ ആരംഭം.

പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങൾ നൽകിയും അതുവഴി ധനസമാഹരണം നടത്തിയ ശാന്തിമഠം വൻകിട ബിൽഡറായത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ കേരളത്തിൽ കുതിച്ചുചാട്ടമുണ്ടായ വേളയിലായിരുന്നു ശാന്തിമഠത്തിന്റെ വളർച്ചയും. അതുകൊണ്ട് തന്നെ അതിവേഗം കേരളത്തിലെ മുതിർന്ന ബിൽഡർമാരുടെ സ്ഥാനത്തെത്തി. ഇതിനെതിരെ ചിലരൊക്കെ പരാതിയുമായി വന്നപ്പോൾ അധികാരവും പണവും കൊണ്ട് കേസുകൾ ഒതുക്കി. ഒടുവിൽ കൈരളി ചാനലിന്റെ റിയാലിറ്റി ഷോയിൽ അന്ധഗായകർക്ക് സമ്മാനമായി പ്രഖ്യാപിച്ച വില്ല കിട്ടാതെ വന്നതോടെയാണ് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് ചെയ്തപ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ പണത്തിന്റെ മറവിൽ മിണ്ടാതിരുന്നു. ഒടുവിൽ മുഖ്യധാരാ മാധ്യമങ്ങൾക്കും ശാന്തിമഠത്തിന്റെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടി വന്നു.

തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടി ആഡംബര വില്ലകൾ നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന പരാതിയാണ് ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിനും അതിന്റെ ഉടമയായ രാധാകൃഷ്ണനുമെതിരെ നിലനിൽക്കുന്നത്. ഗുരുവായൂർ കുന്നംകുളം പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മാത്രമായി ഏകദേശം 140 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ മാറി കുന്നംകുളം റൂട്ടിലുള്ള കോട്ടപ്പടിയിലും, 7 കിലോമീറ്റർ അകലെ ഇരിങ്ങപ്പുറം പഞ്ചായത്തിൽ ഉൾപ്പെട്ട ഇരിങ്ങപ്പുറം പഞ്ചായത്തിലുൾപ്പെട്ട മുനിമടയിലും മാത്രമാണ് പ്രധാനമായും വില്ലകൾ നിർമ്മിക്കാനുദ്ദേശിച്ചിരുന്നത്. 180 വീടുകൾ കോട്ടപ്പടിയിലും ബാക്കിയുള്ളവ മുനിമടയിലുമായി നിർമ്മിക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. എന്നാൽ പരസ്യത്തിൽ ഫുൾഫർണിഷ്ഡ് വില്ലകൾ എന്ന് കേട്ട് വീട് വാങ്ങിയവരെല്ലാം പിന്നീട് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP