Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകളുടെ ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളിക പണിതു; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരിയായി; ഡിവൈഎഫ്ഐ നേതാവിനെ അഴിക്കുള്ളിലാക്കി താരമായി; ജപ്തിയായ വീട് പണയം വെച്ച് പണം തട്ടിയപ്പോൾ ആദ്യ അറസ്റ്റ്; കൊടുങ്ങല്ലൂരിലെ വാറണ്ടിൽ വീണ്ടും അഴിക്കുള്ളിൽ; സാന്ദ്രാ തോമസിന്റെ തട്ടിപ്പുകൾ വീണ്ടും ചർച്ചയാകുമ്പോൾ

ജനനം സാധാരണ വീട്ടിൽ; 26 വയസ്സായപ്പോൾ നിരവധി ആഡംബരക്കാറുകളുടെ ഉടമ; ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളിക പണിതു; മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരിയായി; ഡിവൈഎഫ്ഐ നേതാവിനെ അഴിക്കുള്ളിലാക്കി താരമായി; ജപ്തിയായ വീട് പണയം വെച്ച് പണം തട്ടിയപ്പോൾ ആദ്യ അറസ്റ്റ്; കൊടുങ്ങല്ലൂരിലെ വാറണ്ടിൽ വീണ്ടും അഴിക്കുള്ളിൽ; സാന്ദ്രാ തോമസിന്റെ തട്ടിപ്പുകൾ വീണ്ടും ചർച്ചയാകുമ്പോൾ

ആർ പീയൂഷ്

കൊച്ചി: നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ യുവ സംരംഭക പച്ചാളം പള്ളിച്ചാൻപറമ്പിൽ സാന്ദ്ര തോമസിനെ (29) കൊച്ചി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 20 ലക്ഷം രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ചുവെന്ന കൊടുങ്ങല്ലൂർ സ്വദേശിയുടെ പരാതിയിൽ കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പുതിയ അറസ്റ്റ്. കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ സാന്ദ്രയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി. പുതിയ സംരംഭം പാർട്ട്ണർ ഷിപ്പിൽ തുടങ്ങാനെന്ന പേരിലാണ് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും 20 ലക്ഷം രൂപ വാങ്ങിയത്. അതിന് പകരമാണ് ചെക്ക് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും സംരംഭം തുടങ്ങാതിരുന്നതിനെതുടർന്നാണ് തട്ടിപ്പാണ് എന്ന് മനസ്സിലായത്. ഇതിനെ തുടർന്ന് കൊടുങ്ങല്ലൂർ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ടിന്മേൽ എറണാകുളം ടൗണ്ട നോർത്ത് പൊലീസാണ് സാന്ദ്രാ തോമസിനെ അറസ്റ്റ് ചെയ്തത്.

എറണാകുളം ചിറ്റൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്ന കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. വരുമാനം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളിൽ വൻതുക തട്ടിയെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നേരത്തെ ഇവർ പരാതി നൽകിയിരുന്നു. ഇത് വ്യാജമാണെന്ന ആരോപണത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി വരികയാണ്. അളവിൽ കവിഞ്ഞ തോതിൽ സമ്പത്ത് സാന്ദ്രക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ നോട്ടപുള്ളിയായിരുന്നു. 26 വയസുള്ള യുവതി കൊച്ചി നഗരത്തിൽ ആസ്തികൾ വാങ്ങിക്കൂട്ടുന്നതും കോടികൾ വിലമതിക്കുന്ന കാറുകൾ സ്വന്തമാക്കുന്നതുമാണ് കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ടാക്കിയത്. കൊച്ചി ബ്രോഡ് വേയിൽ കൃത്രിമ പൂക്കളുടെ വിൽപ്പനയ്ക്കായി സാന്ദ്ര ആൻഡ് കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കട കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തിക വർഷം 58 ലക്ഷത്തിന്റെ വരുമാനമാണ് സാന്ദ്രയുടെ ബാലൻസ് ഷീറ്റിലുള്ളത്. എന്നാൽ രണ്ടുവർഷത്തിനുശേഷം ഇത് പതിന്മടങ്ങ് കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതി-ഇറക്കുമതി വഴിയാണ് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ബാലൻസ് ഷീറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ നാളിതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ് നടത്തിയിട്ടില്ലെന്ന് ഡി.ആർ.ഐ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.

ഇതോടെയാണ് പെരുപ്പിച്ച് കാട്ടിയ ബാലൻസ് ഷീറ്റും ഐ.ടി റിട്ടേണുമായിരുന്നു സമർപ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. പെരുപ്പിച്ചെടുത്ത ബാലൻസ് ഷീറ്റിന് കൃത്യമായ ആദായനികുതിയും നൽകി. ഇതുകാണിച്ച് ബാങ്കുകളിൽ നിന്ന് കോടികൾ ലോണെടുത്ത് കാറുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങൾക്കുശേഷം ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തി വീണ്ടും പണം വാങ്ങി. അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ് വേയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സാന്ദ്രതോമസിനെ ഫോണിലും ലഭ്യമല്ല. പെരുപ്പിച്ച ബാലൻസ് ഷീറ്റുപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന സമർഥമായ തട്ടിപ്പെന്നാണ് ഡി.ആർ.ഐ കേന്ദ്ര ഏജൻസികളെയും റിസർവ് ബാങ്കിനേയും അറിയിച്ചിരിക്കുന്നത്. സാന്ദ്രയുടെ ഇടപാടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.

2018ൽ പുരയിടം ബാങ്ക് ജപ്തിചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി പച്ചാളം സ്വദേശിയെ വഞ്ചിച്ചെന്ന കേസിൽ സാന്ദ്ര അറസ്റ്റിലായിരുന്നു പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസായിരുന്നു അറസ്റ്റ് ചെയ്തത്. വടുതല തട്ടാഴം റോഡിൽ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കർ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയിൽ കുഞ്ഞുമൊയ്തീനിൽനിന്നു വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം മറച്ചുവച്ചു. രണ്ടുകോടിയോളം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സർഫാസി നിയമപ്രകാരമാണു ജപ്തി ചെയ്തത്. പണയത്തിനെടുത്ത വീട്ടിൽ താമസിച്ച കുഞ്ഞുമൊയ്തീനെ ഒരാഴ്ചയ്ക്കു ശേഷം ബാങ്ക് അധികൃതരെത്തി ഒഴിപ്പിച്ചു. കുഞ്ഞുമൊയ്തീൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സാന്ദ്ര തോമസ് ഇതിനു തയാറായില്ല. ഇതേത്തുടർന്നാണു പരാതിയുമായി കോടതിയിലെത്തിയത്.

മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു മുൻ ഡിവൈഎഫ്ഐ നേതാവും സംഘവും കാറും വീടിന്റെ രേഖകളും കൈവശപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി കൂടിയാണ് സാന്ദ്ര തോമസ്. എറണാകുളം ബ്രോഡ്വേയിൽ ജൂവലറി നടത്തുന്ന കമാലുദ്ദീന്റെ അഞ്ചു സെന്റ് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വില നിശ്ചയിച്ചു തനിക്കു രജിസ്റ്റർ ചെയ്തു നൽകിയശേഷം കൂടുതൽ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും തന്റെ വീടിന്റെ രേഖകളും കാറും കൈവശപ്പെടുത്തുകയും ചെയ്തെന്നാണു സാന്ദ്ര ഡിജിപിക്കു നൽകിയ പരാതി. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നു പറഞ്ഞു കറുകപ്പിള്ളി സിദ്ദീഖിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു. 2016 ഒക്ടോബറിലാണ് മുൻ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളി പോണേക്കരയിൽ അഞ്ച് സെന്റ് ഭൂമിയും മൂന്ന് നിലയുള്ള കെട്ടിടവും 1.75 കോടി രൂപക്ക് സാന്ദ്ര തോമസിന് നൽകാൻ കരാർ ഉറപ്പിക്കുകയും പരസ്പര വിശ്വാസത്തിൽ ആധാരം ചെയ്തുനൽകിയെങ്കിലും തുക കൈമാറിയില്ല. ബാങ്ക് വായ്പയായി എടുക്കുന്ന തുക സ്ഥലം ഇടപാടിന് നൽകാം എന്ന സാന്ദ്ര തോമസിന്റെയും ഭർത്താവിന്റെയും വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു ഇതെന്നും എന്നാൽ, പറഞ്ഞ തീയതിയിൽ തുക നൽകാതെ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയുമായിരുന്നെന്നുംഈ കേസിൽ പ്രതികളാക്കപ്പെട്ട എറണാകുളം ബ്രോഡ് വേയിലെ തനിമ ഫാഷൻ ജൂവലറി ഉടമ കമാലുദ്ദീനും ഭാര്യ സജിനയും പറഞ്ഞിരുന്നു..

കരാർ പ്രകാരം 2016 ഓഗസ്റ്റ് 24ന് തുക നൽകാമെന്ന് സാന്ദ്ര തോമസ് സമ്മതിച്ചിരുന്നു. പലവട്ടം വാക്ക് തെറ്റിച്ച ശേഷം ഒക്ടോബർ 22വരെ കരാർ കാലാവധി നീട്ടിനൽകണമെന്ന ആവശ്യവുമായി അവർക്കുവേണ്ടി പൊതുപ്രവർത്തകനായ കറുകപ്പിള്ളി സിദ്ദീഖ് സമീപിച്ചു. ഒടുവിൽ സമ്മർദത്തിന് വഴങ്ങി 20ാം തീയതിയെന്ന് നിശ്ചയിച്ചു. പണം നൽകാമെന്ന് പറഞ്ഞ സാന്ദ്ര എന്നാൽ, 18ന് തങ്ങൾക്കെതിരെ പരാതി നൽകുകയായിരുന്നെന്ന് കമാലുദ്ദീൻ പറഞ്ഞു. ഈ പരാതി ഒടുവിൽ വ്യാജമാണെന്നും കണ്ടെത്തുകയും സാന്ദ്രക്കെതിരെ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി വരികയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP