Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് കാറിന് തീയിട്ട അക്രമികൾ ആശ്രമത്തിന് പുറത്ത് വച്ചത് 'പികെ ഷിബു' എന്നെഴുതിയ റീത്ത്; തീ ആളിപടരുന്നത് കണ്ട് അയൽവാസികൾ ഉണർന്നതു കൊണ്ട് ആശ്രമത്തിലേക്ക് അഗ്നിയെത്തിയില്ല; അർദ്ധരാത്രിയുടെ മറവിലെ ആക്രമണം ആസൂത്രണം ചെയ്തത് താഴമൺ തന്ത്രികുടുംബവും പന്തളം കൊട്ടാരവും ബിജെപിയും ചേർന്നെന്ന് ആരോപിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; അക്രമത്തിന് പിന്നിൽ ആത്മീയതയെ ദുർവ്യാഖ്യാനം ചെയ്യുന്നവരെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് കമ്മീഷണറെ നിയോഗിച്ച് ഡിജിപി

രണ്ട് കാറിന് തീയിട്ട അക്രമികൾ ആശ്രമത്തിന് പുറത്ത് വച്ചത് 'പികെ ഷിബു' എന്നെഴുതിയ റീത്ത്; തീ ആളിപടരുന്നത് കണ്ട് അയൽവാസികൾ ഉണർന്നതു കൊണ്ട് ആശ്രമത്തിലേക്ക് അഗ്നിയെത്തിയില്ല; അർദ്ധരാത്രിയുടെ മറവിലെ ആക്രമണം ആസൂത്രണം ചെയ്തത് താഴമൺ തന്ത്രികുടുംബവും പന്തളം കൊട്ടാരവും ബിജെപിയും ചേർന്നെന്ന് ആരോപിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; അക്രമത്തിന് പിന്നിൽ ആത്മീയതയെ ദുർവ്യാഖ്യാനം ചെയ്യുന്നവരെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് കമ്മീഷണറെ നിയോഗിച്ച് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണത്തിലെ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല സ്ത്രീ വിഷയത്തിലെ അഭിപ്രായ പ്രകടനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയിലെടുക്കാൻ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുർവ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേർക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ അംഗീകരിക്കാൻ കഴിയാത്തകാര്യമാണ് സംഭവിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും ബെഹ്‌റ വ്യക്തമാക്കി. അതേസമയം സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദേഹം പറഞ്ഞു

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ ആശ്രമത്തിനെതിരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെയെത്തിയ അക്രമികൾ രണ്ടുകാറുകൾ തീയിട്ടു നശിപ്പിച്ചു. അക്രമികൾ ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചു. സംഭവത്തിന് പിന്നിൽ സംഘപരിവാറെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു പുലർച്ചെ രണ്ടുമണിക്കാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരേ ആക്രമണം ഉണ്ടായത്. മുറ്റത്ത് കിടന്ന് രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് ആശ്രമത്തിൽ ഉറങ്ങുകയായിരുന്ന സന്ദീപാനന്ദ ഗിരിയേ വിളിച്ചുണർത്തുന്നത്. ആശ്രമത്തിന് കേടുപാടുകളുണ്ടായി. പി കെ ഷിബു എന്ന് എഴുതിയ റീത്തും സമർപ്പിച്ചിരുന്നു. സന്ദീപാനന്ദ ഗിരിയെ കളിയാക്കാൻ സംഘപരിവാർ ഉപയോഗിക്കുന്ന പേരാണ് പികെ ശശി എന്നത്. ചാനൽ ചർച്ചയിലും മറ്റും അങ്ങനെ വിളിക്കാറുമുണ്ടായിരുന്നു.

സംഘപരിവാറാണ് ആക്രമണത്തിന് പിന്നില്ലെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബവും ഉത്തരവാദിളാണെന്ന് അദ്ദേഹം ആരോപിച്ചു. ഫയർഫോഴ്‌സും പൊലീസും എത്തിയാണ് തീ അണച്ചത് . ആക്രമണത്തേപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ഉണ്ടെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശത്തിൽ അനുകൂല നിലപാടി എടുത്തതിന് കഴിഞ്ഞാഴ്ച ആശ്രമത്തിലേക്ക് പ്രതിഷേധവും നടന്നിരുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതിന് സ്വാമിക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിലയിരുത്തൽ. കുണ്ടമൺകടവിലെ അക്രമം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച കാറുകളിലെ തീയണച്ചത് ഫയർഫോഴ്സ് എത്തിയാണ്. സമീപത്തെ സിസിടിവികളും മറ്റും പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള നടപടി പൊലീസ് തുടങ്ങി കഴിഞ്ഞു. കോഴിക്കോട് ജനിച്ച സന്ദീപാനന്ദഗിരി ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് പ്രവർത്തിക്കുകയായിരുന്നു. സ്‌കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള സന്ദീപാനന്ദഗിരിക്ക് ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകനാണ്. എന്നാൽ വിശ്വാസ പ്രശ്നങ്ങൾക്ക് പലപ്പോഴും പുരോഗമന ചിന്തയിലൂന്നിയ മറുപടികളാണ് സന്ദീപാനന്ദഗിരി നൽകാറ്. ഇത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ ഇത് നിഴലിച്ചു.

ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ചു സമരം നടത്തുന്നത് ഭക്തിയും വിശ്വാസവും ലവലേശമില്ലാത്തവരാണെന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ വിശ്വാസികൾക്കെതിരായി യാതൊരു നിർദ്ദേശവും നൽകാതിരിക്കേ സമരം തുടരുന്നതിന് പിന്നിൽ സവർണ താൽപര്യങ്ങളുടെ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയെ ചൊല്ലി കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സമരം നടത്തുന്നതിന് പിന്നിലുള്ള അജണ്ട വേറെയാണ്. ശബരിമല അയ്യപ്പനോടുള്ള വിശ്വാസവും ഭക്തിയും കൊണ്ടൊന്നുമല്ല ഈ സമര കോലാഹലം. ഇതിന്റെ പേരിൽ ഹിന്ദുമതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ സമരമെന്നും ആരോപിച്ചു. ഇതിനൊപ്പം ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വറിന്റെ ഭാര്യയുമായി നടത്തി സംവാദവും വിവാദങ്ങൾക്ക് കാരണമായി. നേരത്തേയും സന്ദീപനാനന്ദ ഗിരിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

അമൃതാനന്ദമയീ മഠത്തിനെതിരെ നടത്തിയ പ്രസ്താവനയായിരുന്നു ഇതിന് കാരണം. ശബരിമല വിഷയത്തിൽ നടത്തുന്ന ഈ വിവാദങ്ങളുടെയും സമരങ്ങളുടെയും പിന്നിൽ വലിയ രാഷ്ട്രീയ ശക്തി സമാഹരണത്തിനുള്ള ദുഷ്ട ലാക്കുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും വലിയ മാനങ്ങളുള്ള സുപ്രീം കോടതി വിധിയെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും ശബരിമല വിഷയത്തിലും സ്വാമി നിലപാട് എടുത്തതോടെ വീണ്ടും വിവാദ പരുഷനായി. യുക്തിക്ക് നിരക്കാത്തതും ഹിന്ദുമത സനാതന ധർമ്മങ്ങൾക്കും എതിരാണ് ഈ സമരമെന്നും അയ്യപ്പനെയും ഹിന്ദുമതത്തെയും അവഹേളിക്കുന്ന വിവാദങ്ങളും സമരവും അവസാനിപ്പിക്കണമെന്നായിരുന്നു നിലപാട്.

സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് കേസരിയിലും ബിജെപി മുഖപത്രത്തിലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ലേഖനവും മുഖപ്രസംഗവും എഴുതിയിട്ടുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. ചാനൽ ചർച്ചയിലും മറ്റും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടുമായി നിറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP