Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

തിരുവല്ലയിലും പുളിക്കീഴിലും ഗുണ്ടാസംഘങ്ങൾ വളരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മൂന്നു വർഷത്തിനിടെ റിപ്പോർട്ട് നൽകിയത് ആറു തവണ; ചില പൊലീസുദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളെന്നും പരാമർശം; റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത് ക്വട്ടേഷൻ സംഘങ്ങൾക്ക് തുണയായി; സന്ദീപിന്റെ കൊലപാതകത്തിലും പൊലീസ് വീഴ്‌ച്ച

തിരുവല്ലയിലും പുളിക്കീഴിലും ഗുണ്ടാസംഘങ്ങൾ വളരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മൂന്നു വർഷത്തിനിടെ റിപ്പോർട്ട് നൽകിയത് ആറു തവണ; ചില പൊലീസുദ്യോഗസ്ഥർ ഇതിന്റെ ഗുണഭോക്താക്കളെന്നും പരാമർശം; റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത് ക്വട്ടേഷൻ സംഘങ്ങൾക്ക് തുണയായി; സന്ദീപിന്റെ കൊലപാതകത്തിലും പൊലീസ് വീഴ്‌ച്ച

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് രാഷ്ട്രീയ മാനം നൽകാൻ മത്സരിക്കുമ്പോൾ ഈ അവസ്ഥയിലേക്ക് തിരുവല്ല താലൂക്കിനെ നയിച്ചതിൽ പൊലീസിനും ഒരു പങ്ക് വഹിക്കാനുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. പത്തനംതിട്ട ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെ വളർച്ച ഏറ്റവും ത്വരിത ഗതിയിൽ നടക്കുന്നത് തിരുവല്ല സബ് ഡിവിഷന് കീഴിലുള്ള തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണെന്ന് ജില്ലാ സ്പെഷൽ ബ്രാഞ്ച് മുൻപ് പല തവണ റിപ്പോർട്ട് നൽകിയിരുന്നു. മൂന്നുവ ർഷത്തിനിടെ ആറു തവണയോളം ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം എസ്‌പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് നൽകിയിരുന്നു. മണ്ണു കടത്ത്, നിലംനികത്ത്, കഞ്ചാവ് കടത്ത്, വിൽപ്പന എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ക്വട്ടേഷൻ സംഘം വളരുന്നത്.

പൊലീസിലെ ചില ഉദ്യോഗസ്ഥർ ഇതിന് വെള്ളവും വളവുമേകുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ക്വട്ടേഷൻ സംഘത്തെ കയറൂരി വിടുന്നത് പിന്നീട് പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ റിപ്പോർട്ട് ഉന്നത പൊലീസ് അധികാരികൾ മുഖവിലയ്ക്ക് എടുക്കാതിരുന്നതാണ് ഇപ്പോൾ ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ കൊലപാതകത്തിലെത്തി നിൽക്കുന്നത്. തങ്ങളുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും അംഗത്വം ഇക്കൂട്ടർ മറയാക്കുന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നുവത്രേ.

സന്ദീപിന്റെ കൊലപാതകം കഴിഞ്ഞപ്പോൾ മുഖ്യപ്രതി ജിഷ്ണുവിന്റെ രാഷ്ട്രീയം മാത്രമാണ് സിപിഎം ചികഞ്ഞത്. അതേ സമയം, മറ്റു പ്രതികളായ നന്ദുകുമാർ, വിഷ്ണുകുമാർ എന്നിവർ തങ്ങളുടെ ക്വട്ടേഷൻ പ്രവർത്തനത്തിന് മറയാക്കിയത് ഡിവൈഎഫ്ഐ-സിപിഎം ബാഡ്ജ് ആയിരുന്നു. അനുഭാവികളുടെയും പ്രവർത്തകരുടെയും വേഷം കെട്ടി സംഘടനയിൽ നുഴഞ്ഞു കയറിയ ഇവർക്ക് പല കേസുകളിലും രാഷ്ട്രീയ സ്വാധീനം തുണയായിട്ടുണ്ട്. ജിഷ്ണു അടിക്കടി ക്വട്ടേഷൻ കേസുകളിൽ പ്രതിയായപ്പോൾ പുറത്താക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, അന്നത്തെ ബിജെപിയുടെ ചുമതലക്കാർ ഇതിന് തയാറായിരുന്നില്ല. ഒടുക്കം ജിഷ്ണു സ്വമേധയാ പാർട്ടി വിടുകയായിരുന്നു.

നന്ദുകുമാർ, വിഷ്ണുകുമാർ എന്ന് അറിയപ്പെടുന്ന സാത്താൻ അബി എന്നിവർ മധ്യതിരുവിതാംകൂറിലെ കഞ്ചാവ് കച്ചവടത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്നവരാണ്. നിരവധി യുവാക്കളെ ഈ വഴിയിലേക്ക് തിരിക്കാനും ലഹരി മരുന്ന് ഉപയോഗിക്കാനും ഇവർ പ്രേരിപ്പിച്ചിരുന്നുവത്രേ. പെരിങ്ങര പഞ്ചായത്തിലെ ലഹരി-മാഫിയ സംഘങ്ങൾക്കെതിരേ ശക്തമായ നിലപാടാണ് സന്ദീപ്കുമാർ സ്വീകരിച്ചിരുന്നത്. കഞ്ചാവ് കച്ചവടത്തിനും ഉപയോഗത്തിനുമെതിരേ കടുത്ത നടപടികൾക്ക് സന്ദീപ് നേതൃത്വം നൽകിയിരുന്നു. ഇതു കാരണം സന്ദീപിനോട് ഇതേ പ്രതികൾക്ക് വിരോധമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.

പല കേസുകളിലും ഇവർ പിടിയിലാകുമ്പോൾ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇടപെടുന്ന പതിവുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രതികളുടെ പശ്ചാത്തലം പൊലീസ് ഇതു വരെ പരിശോധിച്ചിട്ടില്ല. മുൻപ് കേസുകളിൽപ്പെട്ടപ്പോൾ ഇവരെ സഹായിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതായുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് അതിന് മുതിരാനുള്ള സാധ്യത കുറവാണ്. പ്രതികളുടെ തുറന്നു പറച്ചിലോടെ രാഷ്ട്രീയ കൊലപാതകമെന്ന പ്രചാരണത്തിൽ നിന്ന് സിപിഎം നൈസായി പിൻവലിയുകയാണ്.

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കിട്ടുന്നതു വരെ വലിയ ആവേശത്തിലാണ് രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം പറഞ്ഞിരുന്നത്. പെരിങ്ങയിലുള്ളവർക്കും ഇതൊരു രാഷ്ട്രീയ കൊലയാണെന്ന അഭിപ്രായമില്ല. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ ആ രീതിയിൽ പ്രതികരിച്ചത് സിപിഎം അനുഭാവികളും പ്രവർത്തകരും മാത്രമായിരുന്നു. നേതാക്കൾ അടക്കം പിൻവലിഞ്ഞിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP