Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന്

ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: സന്ദീപ് വധക്കേസിൽ അഞ്ചാംപ്രതി വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുനെക്കുറിച്ചും പൊലീസ് അന്വേഷണം. കൊലപാതകം നടന്ന രാത്രിയിലാണ് വിഷ്ണു സുഹൃത്തുമായി ഫോൺ സംഭാഷണം നടത്തിയത്. ഈ സംഭാണത്തിലാണ് മിഥുൻ ചേട്ടൻ കടന്നു വരുന്നത്. അയ്മനം കല്ലുമട കോട്ടമല മിഥുൻ തോമസിന് നേരെയാണ് സംശയം ഉയരുന്നത്. മിഥുൻ വധശ്രമം അടക്കം എട്ടുകേസുകളിൽ പ്രതിയാണ്. ഇയാൾ നേരത്തെ കാപ്പ പ്രകാരം ആറുമാസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

തങ്ങൾ അഞ്ചുപേർ ചേർന്നാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ട്. ജിഷ്ണു ഒഴിച്ച് പ്രതികളിലെ മൂന്നുപേർക്ക് പകരം ഡമ്മി ആൾക്കാരെ നൽകാമെന്ന് മിഥുൻചേട്ടൻ ഏറ്റിട്ടുണ്ടെന്ന് വിഷ്ണു സംഭാഷണത്തിനിടയ്ക്ക് പറഞ്ഞിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് മിഥുൻ എന്നാണ് സൂചന. ഇയാളുടെ സഹോദരൻ റോജനൊപ്പം ജിഷ്ണുവും മറ്റും ജയിലിൽ കിടന്നിട്ടുണ്ട്. ഗൂഢാലോചനയിൽ മിഥുൻ പങ്കാളിയാണോയെന്ന് അന്വേഷിക്കും.

പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ഒന്നാംപ്രതി ജിഷ്ണു കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മൻസൂർ, വിഷ്ണു എന്നിവരെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തിനിടയിൽ പത്തുമിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂർത്തിയായി. സന്ദീപിനെ ആക്രമിച്ച വൈപ്പിനാരിൽ പുഞ്ചയിലെ കലുങ്കും വെള്ളക്കെട്ടും പ്രതികൾ കാട്ടിക്കൊടുത്തു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളിൽ ഒന്നായ കഠാര മൂന്നുപ്രതികൾ ഒളിവിൽ താമസിച്ചിരുന്ന കരുവാറ്റയിലെ വീട്ടിൽനിന്ന് കണ്ടെത്തി. വടിവാൾ അഞ്ചാംപ്രതി വിഷ്ണുവിന്റെ നിരണം ഇരതോടിന് അടുത്തുള്ള ബന്ധുവീട്ടിൽനിന്നാണ് കണ്ടെത്തിയത്.

ഇതിനിടെയാണ് മിഥുനിലേക്കും സംശയം എത്തുന്നത്. ചങ്ങനാശ്ശേരി പൊലീസ് സ്‌റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 11ഓളം കേസുകളുണ്ട്. മാരകായുധങ്ങളുമായി വാടകവീട്ടിൽ ഇരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയായിരുന്ന മിഥുനേയും സംഘത്തെ സാഹസികമായാണ് 2017ൽ പൊലീസ് കീഴടങ്ങിയത്. അന്ന് വാകത്താനം നാലുന്നാക്കൽ കടുവാക്കുഴിയിലെ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട് വളഞ്ഞാണ് പൊലീസ്സംഘം പ്രതികളെ പിടികൂടിയത്. മിഥുൻ ജയിൽ വാർഡനെ ആക്രമിച്ചതടക്കം കേസിൽ അന്ന് പ്രതിയായിരുന്നു. പിന്നീട് ചങ്ങനാശ്ശേരിയിലെ ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റുതും ചർച്ചകളിൽ എത്തി. ഇതിന് പിന്നിലും മിഥുനായിരുന്നു.

2018ലായിരുന്നു ഈ കേസ് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ബാറിൽ ഇരുന്ന് മദ്യപിച്ച പ്രതികൾ സമയം കഴിഞ്ഞിട്ടും പോകാൻ തയ്യാറായില്ല. പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട ജീവനക്കാരുമായി സംഘം വാക്കുതർക്കവും കൈയാങ്കളിയുമായി. വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതികൾ വാഹനം ഉപേക്ഷിച്ച് ടി.ബി റോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ പുഴവാത് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന റാഫിയെ പിടികൂടി. ഒരു കിലോമീറ്റർ അകലെ നിന്നു മിഥുനെ കണ്ടെത്തിയെങ്കിലും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒടുവിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

തിരുവല്ല കൊലപാതകത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മടിക്കുന്ന മാധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി നേരത്തെ രംഗത്തു വന്നിരുന്നു. തന്റെ അന്വേഷണത്തിൽ കൊലപാതകം നടന്ന സ്ഥലവുമായും പ്രതികളുമായും ബന്ധമുള്ള മിഥുൻ എന്ന പേരിൽ 2 പേരുണ്ടെന്ന് സന്ദീപ് പറയുന്നു. ഒരാൾ സിപിഎം കുറ്റൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ഇയാളും കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സഞ്ജുവും അടുത്ത സുഹൃത്തുക്കളുമാണ്. നിലം നികത്തലുമായി ബന്ധപ്പെട്ട് ഇവരും കൊല്ലപ്പെട്ട സന്ദീപുമായി ഉരസലിൽ ആയിരുന്നു. ഇക്കാര്യം പ്രദേശത്തെ എല്ലാവർക്കും അറിവുള്ളതാണ്. പ്രതികളെ സംരക്ഷിക്കാം എന്ന് വാക്ക് നൽകിയത് ഈ മിഥുൻ ആണോ എന്ന് പരിശോധിക്കണമെന്ന് സന്ദീപ് പറഞ്ഞിരുന്നു.

മറ്റൊരു മിഥുൻ ചങ്ങനാശേരി ഭാഗത്തെ അറിയപ്പെടുന്ന ഗുണ്ടാ നേതാവാണ്. ഇയാളുടെ സഹോദരന്റെ സംഘത്തിലുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രമോദും കൂട്ടുകാരും. പ്രമോദിന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണത്തിൽ പരാമർശിക്കുന്ന മിഥുൻ ഇയാളാണോ എന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണത്തിലെ മിഥുൻ രണ്ടാമനാണെന്നാണ് മറുനാടൻ ലഭിക്കുന്ന സൂചനകൾ. ഇതാണ് പൊലീസും അനൗദ്യോഗികമായി നൽകുന്ന സൂചനകളിലുള്ളത്. എന്തിന് വേണ്ടിയാണ് ഈ കൊലയിൽ മിഥുൻ ഇടപെട്ടതെന്ന സംശയമാണ് സജീവമാകുന്നത്.

സന്ദീപ് വധക്കേസിലെ പ്രധാനിയായ ജിഷ്ണു കോട്ടയം ഏറ്റുമാനൂരിലെ പിടിച്ചുപറിക്കേസിൽ പ്രതിയാണ്. ആഗസ്റ്റിൽ ഏറ്റുമാനൂരിൽ നടന്ന പിടിച്ചുപറിക്കേസിൽ പ്രതിയായ ജിഷ്ണു ഒളിവിൽ കഴിയുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. തിരുവല്ല യുവമോർച്ചയുടെ മുൻഭാരവാഹിയായ ജിഷ്ണു കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ആഗസ്റ്റിൽ ഏറ്റുമാനൂരിൽ റിട്ട.പ്രഫസറെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു സംഘം. വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രഫസറിന്റെ പക്കൽ നിന്നും 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം. ആറു പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ പ്രധാനപ്രതിയായ ജിഷ്ണു ഒളിവിൽ പോകുകയായിരുന്നു.

ഈ കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ജിഷ്ണു ഇപ്പോൾ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരിക്കുന്നത്. കോട്ടയത്തെതും, ചങ്ങനാശേരിയിലെയും അടക്കമുള്ള ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ജിഷ്ണുവിന് ഉള്ളതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ ബിജെപിയും യുവമോർച്ചയും പുറത്താക്കിയത്. ഇതേ ഗുണ്ടാ സംഘങ്ങളുടെ സഹായം തന്നെയാണ് പ്രതിക്ക് ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP