Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ മദർ കോളജിലെ വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പ് അട്ടിമറിച്ചു; പുറത്താക്കപ്പെട്ട പ്രിൻസിപ്പിൽ സലീമിനെ ഒരു മാസത്തിനകം മാനേജ്‌മെന്റ് മടക്കിയെത്തിച്ചു; വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയിൽ സംസാരിക്കുന്ന പ്രിൻസിപ്പിൽ എത്തിയിരിക്കുന്നത് അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയിൽ; പ്രതികാര നടപടികൾ ഉണ്ടാകുമെന്ന പേടിയിൽ വിദ്യാർത്ഥികൾ

തൃശൂർ മദർ കോളജിലെ വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പ് അട്ടിമറിച്ചു; പുറത്താക്കപ്പെട്ട പ്രിൻസിപ്പിൽ സലീമിനെ ഒരു മാസത്തിനകം മാനേജ്‌മെന്റ് മടക്കിയെത്തിച്ചു; വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയിൽ സംസാരിക്കുന്ന പ്രിൻസിപ്പിൽ എത്തിയിരിക്കുന്നത് അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയിൽ; പ്രതികാര നടപടികൾ ഉണ്ടാകുമെന്ന പേടിയിൽ വിദ്യാർത്ഥികൾ

തൃശൂർ: വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പ് ഒരു മാസത്തിനകം തൃശൂർ മദർ കോളജ് അധികൃതർ അട്ടിമറിച്ചു. വിദ്യാർത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്ന ആരോപണത്തിന്റെ പേരിൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി നിർത്തപ്പെട്ട അബ്ദുൾ സലീമിനെ കോളജ് അധികൃതർ വീണ്ടും തിരികെ എത്തിച്ചിരിക്കുകയാണ്. അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയിലാണ് സലീം വീണ്ടും കോളജിൽ അവരോധിതനായിരിക്കുന്നത്. ഒരു മാസം മുമ്പ് വിദ്യാർത്ഥികൾ ശക്തമായ പ്രക്ഷോഭം നടത്തിയതിനെ തുടർന്നാണ് സലീമിനെ മാറ്റി നിർത്താൻ കോളജ് അധികൃതർ തീരുമാനിച്ചത്. വിദ്യാർത്ഥി സമരം രൂക്ഷമായ സാഹചര്യത്തിൽ ഫെബ്രുവരി 17നാണ് മാനേജ്‌മെന്റ് ഈ തീരുമാനം എടുത്തത്.

എന്നാൽ വിദ്യാർത്ഥികൾ ഒന്നടങ്കം സമരം ചെയ്തു പുറത്താക്കിയ പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുൽ സലിമിനെ അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയിൽ വീണ്ടും കോളേജിൽ തിരിച്ചെത്തിയിരിക്കുകയാണ് മാനേജ്‌മെന്റ്. ഇത് മൂന്നാമത്തെ തവണയാണ് സലീം കോളജിൽനിന്ന് പുറത്താക്കപ്പെട്ടിട്ടു തിരിച്ചുവരുന്നത്. കോളജിനും സ്റ്റാഫിനും സംരക്ഷണം കൊടുക്കണമെന്ന കോടതി ഉത്തരവു തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് സലീം കോളജിൽ മടങ്ങിയെത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി എക്‌സാം നടക്കുന്ന സമയത്താണ് സലീം കോടതി ഉത്തരവുമായി കോളജിൽ മടങ്ങിയെത്തുന്നത്. തിരിച്ചെത്തുന്ന സലീം മുമ്പ് സമരം ചെയ്തവർക്കു നേർക്ക് പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്. സലീമിനു വേണ്ട ഒത്താശ പൊലീസും ചെയ്തുകൊടുക്കുമെന്ന് വിദ്യാർത്ഥികൾ ഭയപ്പെടുന്നു. മുൻ കാലങ്ങളിൽ സലീമിനെതിരെ ശബ്ദിച്ച വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കുന്ന സമീപനമാണ് തൃശൂർ പാവറട്ടി പൊലീസ് സ്വീകരിച്ചിട്ടുള്ളത്. രണ്ടു വർഷം മുന്ന് വിദ്യാർത്ഥികൾ നൽകിയ വധശ്രമക്കേസ് ഒത്തു തീർപ്പാക്കി സലീമിന് തിരിച്ചു കേറാൻ ഒത്താശ ചെയ്തതു പൊലീസാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

പ്രിൻസിപ്പൽ ലൈംഗിക ചുവയോടെ സംസാരിക്കുന്നു എന്നത് അടക്കം നിരവധി പരാതികൾ ഉന്നയിച്ചാണ് കഴിഞ്ഞമാസം മദർ കോളജിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥിനകളെ മുറിയിലേക്കു വിളിച്ചുവരുത്തി പ്രിൻസിപ്പൽ സലീം ആക്ഷേപിക്കാറുണ്ടായിരുന്നു. പെൺകുട്ടികൾ കഴിയുന്ന മുറിയിൽനിന്ന് രാത്രി അപശബ്ദങ്ങൾ കേൾക്കുന്നു, ശുചിമുറികളിൽ ലൈറ്റ് കാണുന്നു തുടങ്ങിയ തികച്ചും സ്വകാര്യമായ ചോദ്യങ്ങളാണ് പ്രിൻസിപ്പലായ മുഹമ്മദ് സലീം ചോദിക്കുന്നതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതിനെത്തുടർന്ന് പ്രിൻസിപ്പൽ സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

പ്രിൻസിപ്പൽ സലീമിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെയാണ് ഒരു പറ്റം വിദ്യാർത്ഥിനികൾ ഒപ്പിട്ട് പരാതി നൽകിയത്. ഇതിൽ പ്രധാനമായുള്ളത് വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ പ്രിൻസിപ്പൽ സലീം പെരുമാറുന്നു എന്നതായിരുന്നു. മൊബൈൽ ഫോണുകൾക്കു കർശന നിരോധനമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. വീട്ടിലേക്ക് വിളിക്കാൻ പോലും അനുവദിക്കുമായിരുന്നില്ല. എന്നാൽ, വിദ്യാർത്ഥിനികൾ ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്തിയതിന്റെ പേരിൽ വലിയ തോതിൽ അപമാനം നേരിട്ടെന്നും വിദ്യാർത്ഥിനികൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥി സമരം രൂക്ഷമായപ്പോഴാണ് സലീമിനെ മാറ്റാൻ മദർ കോളജ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതേത്തുടർന്ന് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ വാക്കാലുള്ള ഉറപ്പുമാത്രമാണ് വിദ്യാർത്ഥി നേതാക്കൾ മാനേജ്‌മെന്റിൽനിന്നു വാങ്ങിച്ചതെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP