Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട പീഡനക്കേസിൽ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം; അന്വേഷണ കമ്മിഷനെ വയ്ക്കാൻ തീരുമാനം; സജിമോനെ കേസിൽ നിന്നൊഴിവാക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു: പരാതിക്കാരിയെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തതും അട്ടിമറിക്കോ?

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട പീഡനക്കേസിൽ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം; അന്വേഷണ കമ്മിഷനെ വയ്ക്കാൻ തീരുമാനം; സജിമോനെ കേസിൽ നിന്നൊഴിവാക്കാനുള്ള ശ്രമം പൊലീസ് തുടരുന്നു: പരാതിക്കാരിയെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തതും അട്ടിമറിക്കോ?

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സിപിഎമ്മിനെ അടുത്ത കാലത്ത് വെട്ടിലാക്കിയ ഇതു പോലെ ഒരു കേസില്ല. ലോക്കൽ സെക്രട്ടറിയായിരിക്കേ അയൽവാസിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഖാവ് ബ്രാഞ്ച് സെക്രട്ടറിയായി തരംതാഴ്‌ത്തപ്പെട്ടപ്പോൾ മറ്റൊരു വീട്ടമ്മയെ കാറിൽ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി മാനഭംഗപ്പെടുത്തുകയും പീഡന ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന പരാതിയും തുടർന്ന് വന്ന കേസുമാണ് പാർട്ടിക്ക് സംസ്ഥാനമൊട്ടാകെ നാണക്കേടായിരിക്കുന്നത്.

ന്യായീകരിക്കാൻ പോലും കഴിയാതെ സൈബർ സഖാക്കൾ തളർന്നു നിൽക്കുന്നു. പത്തനംതിട്ട ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിൽ തന്നെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കേസ് കാരണം ഇവിടെയുള്ള നേതാക്കൾക്കും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഏക പോംവഴി രണ്ടു തവണ ലൈംഗിക പീഡന കേസിൽ പ്രതിയായ കോട്ടാലിൽ ബ്രാഞ്ച് സെക്രട്ടറി സജിമോനെ രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ്. ഇതിനായി പൊലീസുമായി ചേർന്ന് അട്ടിമറി നീക്കം പൂർണമായിരിക്കുകയാണ്.

വിവാദം ഇത്രത്തോളം ആളിക്കത്തിയിട്ടും സജിമോനെ പുറത്താക്കാൻ സിപിഎം തയാറായിട്ടില്ല. പകരം, സജിമോനെ സംരക്ഷിച്ചും പരാതിക്കാരിയായ മഹിളാ അസോസിയേഷൻ പ്രവർത്തകയെ താറടിച്ചും പ്രസ്താവന ഇറക്കുകയാണ് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ഫ്രാൻസിസിനെതിരേ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയെ ഇന്നലെ വൈകിട്ട് വീണ്ടും പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തു. ആദ്യം നൽകിയ മൊഴിയിൽ സജിമോനെതിരേ ശക്തമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. ഈ മൊഴി നിലനിൽക്കുന്നതിനാൽ ഇയാളെ കേസിൽ നിന്ന് രക്ഷപ്പെടുത്തുക പാടാണ്. രണ്ടാമതും പരാതിക്കാരിയെ വിളിച്ചു വരുത്തിയത് സജിമോനെതിരേയുള്ള മൊഴി മയപ്പെടുത്തി നൽകിക്കുന്നതിന് വേണ്ടിയാണെന്ന് പറയുന്നു. സജിമോനെതിരേ തെളിവില്ലെന്ന പല്ലവി തിരുവല്ല ഡിവൈഎസ്‌പി ആദ്യം മുതൽ ആവർത്തിച്ചിരുന്നതാണ്. ഇതിന്റെ പേരിലാണ് യുവതിയുടെ മൊഴി എടുത്തിട്ടും എഫ്ഐആർ ചാർജ് ചെയ്യാതെ ഇരുന്നത്. മറുനാടൻ വാർത്ത നൽകിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്.

സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് പ്രശ്നം ഇത്രത്തോളം ആളിക്കത്തിച്ചത്. ജില്ലാ നേതാവിന്റെയും ഏരിയാ നേതാവിന്റെയും മാനസപുത്രനാണ് സജിമോൻ. എതിർ പക്ഷത്ത് നിൽക്കുന്നതും ജില്ലാ നേതാവാണ്. ഇവർക്കിടയിലെ വിഭാഗീയത തിരുവല്ലയിലെ പാർട്ടിക്കാർക്കിടയിൽ പ്രസിദ്ധമാണ്. സജിമോന്റെ ആദ്യ പീഡനക്കേസും പിന്നാലെ ഡിഎൻഎ മാറ്റാൻ നടന്ന ശ്രമവും വിവാദമാക്കിയത് ഇതേ വിഭാഗീയതയായിരുന്നു.

സമ്മേളനക്കാലത്ത് സപ്ലിമെന്റ് ഇറക്കാവുന്ന തരത്തിലാണ് സിപിഎം നേതാക്കളുടെ പീഡന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പൊലീസ് കൈയിലുണ്ടായിട്ടും ഇത്തരം കേസുകൾ അട്ടിമറിക്കാനും സാധിക്കുന്നില്ല. മറ്റിടങ്ങളിലൊക്കെ കേസുകളിൽപ്പെട്ടവരെ അപ്പോൾ തന്നെ പുറത്താക്കുമ്പോൾ തിരുവല്ലയിൽ മാത്രം അതുണ്ടാകാത്തതും നാണക്കേട് ഭയന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP