Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാശ്മീരിൽ നിന്നെത്തിച്ച പാം ട്രീ നടാനെന്ന് പറഞ്ഞ് എടുത്ത കുഴിയിൽ രാഖിയെ മറവ് ചെയ്ത ശേഷം നട്ടത് കവുങ്ങിൻ തൈ; രാഖി കാമുകന് മെസേജ് അയച്ച ഫോണിന്റെ ഉടമ കാട്ടാക്കടയിലെ മൊബൈൽ കടക്കാരൻ എന്ന് തെളിയിച്ചത് നിർണ്ണായകമായി; അമ്പൂരിയിൽ 'സൈനികനെ' കുടുക്കിയത് പൊലീസ് ബ്രില്യൻസ്

കാശ്മീരിൽ നിന്നെത്തിച്ച പാം ട്രീ നടാനെന്ന് പറഞ്ഞ് എടുത്ത കുഴിയിൽ രാഖിയെ മറവ് ചെയ്ത ശേഷം നട്ടത് കവുങ്ങിൻ തൈ; രാഖി കാമുകന് മെസേജ് അയച്ച ഫോണിന്റെ ഉടമ കാട്ടാക്കടയിലെ മൊബൈൽ കടക്കാരൻ എന്ന് തെളിയിച്ചത് നിർണ്ണായകമായി; അമ്പൂരിയിൽ 'സൈനികനെ' കുടുക്കിയത് പൊലീസ് ബ്രില്യൻസ്

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിൽ വെറും മിസിങ് കേസായി എത്തിയ പരാതി കൊലപാതകമാണെന്ന് തെളിയിച്ചത് ഒരു എസ് ഐയുടെയും അദ്ദേഹത്തിനൊപ്പം അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരുടെയും മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ്. ഇപ്പോഴത്തെ നെയ്യാറ്റിൻകര സബ്ബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാട് പൂവ്വാർ എസ് ഐ ആയിരിക്കെ 2019 ലാണ് കേസ് സംബന്ധിച്ച് രാഖിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലന്ന പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.

പരാതി അന്വേഷിച്ച് രാഖി ജോലി ചെയ്തിരുന്ന കൊച്ചിയിൽ വരെ എത്തിയെങ്കിലും പൊലീസിന് ഒരു തുമ്പും കിട്ടിയില്ല. രാഖി അവധിക്ക് നാട്ടിൽ വന്നിട്ട് തിരികെ പോയിട്ട് വിളിച്ചില്ല മൊബൈലിൽ കിട്ടുന്നില്ല ജോലി സ്ഥലത്ത് എത്തിയിട്ടില്ല ഇതായിരുന്നു മാതാപിതാക്കളുടെ പരാതി. എറണാകുളത്ത് എസ് ഐ സജീവ് നെല്ലിക്കാട് ക്യാമ്പ് ചെയ്ത് അന്വേഷിച്ചുവെങ്കിലും രാഖിയുടെ മിസിംഗുമായി ബന്ധപ്പെട്ട് ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ രാഖി തിരുപുറത്ത് നിന്ന് കൊച്ചിയിലേക്ക് പോയ വഴി തേടി പൊലീസ് പോയി.

നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും രാഖി ഇറങ്ങി പോകുന്നതും കാറിൽ കയറി പോകുന്നതും സി സി ടി വി യിൽ കിട്ടിയെങ്കിലും ആരോടൊപ്പം പോയൊന്നോ ആരുടെ കാറിലാണ് യാത്രയെന്നോ വ്യക്തമായില്ല. ഇതിനിടെ രാഖിയുടെ മൊബൈൽ നമ്പർ പരിശോധിച്ചപ്പോൾ അമ്പൂരി തട്ടാമല സ്വദേശിയായ അഖിലുമായി നിരന്തരം സംസാരിച്ചിരുന്നതായി മനസിലായി. കാശ്മീരിൽ സൈനികനായ അഖിൽ രാഖിയെ അറിയാമെന്നും വിളിക്കാറുണ്ടെന്നും പൊലീസിനോടു വെളിപ്പെടുത്തി. കൊല്ലം സ്വദേശിയായ യുവാവുമായി പ്രണയത്തിലായി ഒളിച്ചോടി പോകുന്നതായി തനിക്ക് മെസേജ് അയച്ചെന്നും തിരിച്ചു വിളിക്കാനുള്ള മാനസിക അവസ്ഥയിലല്ലന്നും മെസേജിൽ പറഞ്ഞിരുന്നതായി കാശ്മീരിൽ ഇരുന്ന് അഖിൽ പൊലീസിനോട് വെളിപ്പെടുത്തി.

അഖിൽ തനിക്ക് വന്ന മെസേജും പൊലീസിന് അയച്ച് കൊടുത്തു. അഖിലിന്റെ കാൾ ഡീറ്റെയിൽസും മെസേജ് ഡീറ്റെയിൽസും പരിശോധിച്ച എസ് ഐ സജീവ് രാഖി അയച്ച മെസേജ് മറ്റൊരു ഫോൺ ഉപയോഗിച്ചാണ് എന്ന് മനസിലാക്കി. ഫോണിന്റെ ഐ.എം. ഇ നമ്പർ പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു. അങ്ങനെയാണ് കാട്ടാക്കട കെ.എസ് ആർ.ടി. ഡിപ്പോയിലെ ബസ് ഡ്രൈവറുടെ അടുത്ത് അന്വേഷണ സംഘം എത്തുന്നത്. രാഖി മെസേജ് അയക്കാൻ ഉപയോഗിച്ച ഫോൺ മുൻപ് ഉപയോഗിച്ചത് ഈ ഡ്രൈവർ ആയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മനസിലാകുന്നത് കാട്ടാക്കടയിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ നിന്നും താൽകാലികമായി ഉപയോഗിക്കാൻ നൽകിയ ഫോൺ ആയിരുന്നു അത്.

മൊബൈൽ നന്നാക്കാൻ നൽകിയപ്പോൾ കടക്കാർ താൽക്കാലികമായി ഉപയോഗിക്കാൻ നൽകിയ ഫോൺ, ഡ്രൈവറുടെ മൊഴിയിൽ മൊബൈൽ കടയിൽ പൊലീസ് എത്തിയപ്പോൾ അന്വേഷിക്കുന്ന മൊബൈൽ 500 രൂപക്ക് വിറ്റ കാര്യം കടയുടമ പൊലീസിനോടു പറഞ്ഞു. രണ്ട് യുവാക്കളാണ് മൊബൈൽ വാങ്ങിയതെന്നും ആളെ അറിയില്ലെന്നും കടക്കാരൻ പറഞ്ഞു. പിന്നീട് സി സി ടി വി യിൽ നിന്നും ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചപ്പോൾ മൊബൈൽ വാങ്ങിയത് അഖിലിന്റെ ചേട്ടൻ രാഹുൽ, ആദർശ് എന്നിവർ ചേർന്നാണെന്ന് മനസിലായി. അവരെ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ ഒന്നും പറഞ്ഞില്ല. ഇവരുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് രാഹുൽ സൈനിക ആസ്ഥാനം വഴി പൊലീസ് മേധാവിക്ക് പരാതി അയച്ചു.

എന്നിട്ടും പൊലീസ് പിന്നോട്ട് പോയില്ല. ഇതിനിടെ മുതുകിൽ സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രാഹുലിന്റെ സുഹൃത്ത് ആദർശിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അപ്പോൾ കിട്ടിയ ചെറിയ തുമ്പ് അവസരമാക്കി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതിനിടെ സാക്ഷി സ്റ്റേറ്റ്‌മെന്റിനെന്ന് കള്ളം പറഞ്ഞ് രാഹുലിനെ പൊലീസ് നാട്ടിലെത്തിച്ചു. മൂവരെയും ഒന്നിച്ചും പ്രത്യേകിച്ചും എസ് ഐ സജീവ് ചോദ്യം ചെയ്തതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു. ഈ കേസിലാണ് തിരുവനന്തപുരം ആറാം സെഷൻസ് കോടതി പ്രതികൾക്ക ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.

2019 ജൂൺ 21നാണ് കേസിന് ആസ്പദമായി കൊലപാതകം നടക്കുന്നത്. ഒന്നാം പ്രതിയായ അഖിൽ തന്റെ കാമുകിയായ രാഖിയെ തമിഴ്‌നാട്ടിലെ സുഹൃത്തിന്റെ കാറിൽ കയറ്റി അമ്പൂരിയിലെ പണി നടക്കുന്ന വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. വഴിയിൽ വെച്ച് ആദർശും രാഹുലും കാറിൽ കയറി. അഖിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായ തും വിവാഹം നിശ്ചയിച്ചതും ഫെയ്‌സ് ബുക്കിലൂടെ അറിഞ്ഞ രാഖി ആ പെൺകുട്ടിയുമായി വഴക്കിട്ടിരുന്നു. അമ്പൂരി എത്തുന്നതിന് മുൻപ് രാഖിയോട് ബന്ധത്തിൽ നിന്നും ഒഴിവാകാൻ അഖിൽ ആവിശ്യപ്പെട്ടു. അതിന് വഴങ്ങില്ലന്ന് രാഖി പറഞ്ഞതോടെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ അഖിൽ രാഖിയുടെ പുറകിലെ സീറ്റിൽ കയറി.

അതിന് ശേഷം വിജനമായ സ്ഥലത്ത് എത്തിയപ്പോൾ സീറ്റ് ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. രാഖിയുടെ മൃതദേഹം പണി തീരാത്ത വീട്ടിൽ എത്തിച്ച ശേഷം മറവ് ചെയ്യാൻ രാത്രി വരെ കാത്തിരുന്നു. നേരത്തെ തന്നെ വീടിന് പുറകിൽ കുഴി എടുത്തിരുന്നു. കാശ്മീരിൽ നിന്നും എത്തിച്ച പാം ട്രീം നാടാനാണ് കുഴി എന്നാണ് നാട്ടുകാരോടു പറഞ്ഞത്. രാത്രിയായ ശേഷം മൂന്ന് ചാക്ക് ഉപ്പ് വാങ്ങി മൃതദേഹത്തിന്റെ വസ്ത്രങ്ങൾ മാറ്റിയ ശേഷം വിതറി. തുടർന്ന് കുഴിച്ചു മൂടിയ ശേഷം കവുങ്ങിൻ തൈ നട്ടു. അതിന് ശേഷം അന്ന് രാത്രി തന്നെ അഖിൽ കാശ്മീരിലേക്ക് മടങ്ങി. രാഹുലും ആദർശും ഗുരുവായൂർക്ക് പോയി. പോയ വഴി വക്കിൽ രാഖിയുടെ വസ്ത്രങ്ങളും ബാഗും ഉപക്ഷിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് മടങ്ങി എത്തിയ ഇവർ രാഖിയുടെ മൊബൈലിൽ നിന്നു കെക്കലാക്കിയ സിം ഇടാനായി കാട്ടാക്കടയിലെ മൊബൈൽ കടയിൽ നിന്നും ഫോൺ വാങ്ങി. ആ മൊബൈലിൽ നിന്നാണ് തെറ്റിദ്ധരിപ്പിക്കാൻ മെസേജ് അയച്ചത്.

ഇത് അഖിലിന്റെ ബുദ്ധിയായിരുന്നു. ഇത് തന്നെയാണ് പ്രതികളെ കുടുക്കാൻ സഹായിച്ചതും. ആഴ്ചകൾ മുൻപേ തയാറാക്കിയ തിരക്കഥ പ്രകാരമാണു കൊലപാതകമെന്നു സ്ഥിരീകരിക്കുന്നതായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP