Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുണ്ടന്നൂർ വരെ മോഡലുകളുടെ കാർ പോയത് മിതമായ സ്പീഡിൽ; ആ വിരട്ടലിന് ശേഷം അതിവേഗത; പ്രേരണയായ സൈജു തങ്കച്ചനെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്; അറസ്റ്റ് ചെയ്തത് സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്ഷ്യം റോയ് വയലാട്ടിനെ രക്ഷിക്കലോ? ആ മോഡലുകളെ കൊന്നതു തന്നെ

കുണ്ടന്നൂർ വരെ മോഡലുകളുടെ കാർ പോയത് മിതമായ സ്പീഡിൽ; ആ വിരട്ടലിന് ശേഷം അതിവേഗത; പ്രേരണയായ സൈജു തങ്കച്ചനെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്; അറസ്റ്റ് ചെയ്തത് സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്ഷ്യം റോയ് വയലാട്ടിനെ രക്ഷിക്കലോ? ആ മോഡലുകളെ കൊന്നതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിലായെങ്കിലും കൊലക്കുറ്റം ചുമത്താതെ അറസ്റ്റ്. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് കാറിൽ പിന്തുടർന്നിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു. വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്. മോഡലുകളുടെ കാറപകടത്തിന് കാരണം സൈജുവിന്റെ ചെയ്‌സിംഗാണ്. എന്നിട്ടും ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം പോലും പൊലീസ് ചുമത്തുന്നില്ല. മോഡലുകളുടെ കാറോട്ടിച്ച ആൾക്കെതിരെ എടുത്ത വകുപ്പു പോലും സൈജുവിനെതിരെ ഇല്ല. സൈജുവും മദ്യലഹരിയിലായിരുന്നു കാറോട്ടിച്ചതെന്നും വ്യക്തമാണ്. എന്നാൽ രക്തപരിശോധന നടത്താത്തു കൊണ്ട് ഇത് തെളിയിക്കാൻ ഇനി പൊലീസിന് കഴിയില്ല.

ചോദ്യംചെയ്യാൻ വിളിച്ചതിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. പൊലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ഇന്ന് ഇയാൾ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. തുടർന്ന് ഏറെനേരം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാസലഹരിയുമായി ബന്ധപ്പെട്ട ഇടപാടുകൾ സൈജുവിനുണ്ടെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിൽ മഫിയാ ബന്ധങ്ങളും ഇയാൾക്കുണ്ട്. നമ്പർ 18 ഹോട്ടൽ ഉടമയുമായും അടുത്ത ബന്ധമുണ്ട്. റോയ് വയലാട്ടിനെ കേസിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് സൈജുവിനെതിരെ കൊലക്കുറ്റം ചുമത്താത്തത്. അതിനിടെ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കായൽ തെരച്ചിൽ ഇന്നലെ നിർത്തുകയും ചെയ്തു.

സൈജു എം.തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അപകടമുണ്ടായ നവംബർ ഒന്നിനു പുലർച്ചെ ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. സൈജുവിനെ ഭയന്നാണു കാറിന്റെ വേഗം വർധിപ്പിച്ചതെന്നു മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ മൊഴിയും നൽകി. കാറിലുണ്ടായിരുന്ന 4 പേരിൽ അബ്ദുൽ റഹ്മാൻ മാത്രമാണു പരുക്കുകളോടെ രക്ഷപ്പെട്ടത്. സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായാൽ നോട്ടിസ് നൽകി സ്റ്റേഷനിലേക്കു വിളിപ്പിക്കുമെന്ന പൊലീസിന്റെ നിലപാടു രേഖപ്പെടുത്തി സൈജു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അഭിഭാഷകർക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ ഹാജരായ സൈജുവിനെ 8 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയിൽ തടഞ്ഞു നിർത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വർധിച്ചതായും തുടർന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈജുവിന്റെ ഭീഷണിയെത്തുടർന്നു കാറിന്റെ വേഗം വർധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നിട്ടും കൊലക്കുറ്റം ചുമത്തുന്നില്ലെന്നതാണ് വസ്തുത.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകൾക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. ഈ പരാതിയിലും അന്വേഷണം നടക്കും. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നർകോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

മോഡലുകളുടെ മരണത്തിൽ സൈജുവിനെതിരെ കൊലക്കുറ്റം ചുമത്തിയാൽ ഗൂഢാലോചനക്കേസിൽ റോയ് വയലാട്ടും കുടുങ്ങും. സിസിടിവി ദൃശ്യങ്ങളിൽ വിഐപി കുടുങ്ങുന്നില്ലെന്ന് ഉറപ്പാക്കിയാണ് പൊലീസ് സൈജുവിനെ അറസ്റ്റ് ചെയതതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP