Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനം; അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ നിർണ്ണായകമായ നീക്കവുമായി ഹൈക്കോടതി; ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം; അഭിഭാഷക നേതാവിനെതിരെ നിർണ്ണായക നീക്കവുമായി ജസ്റ്റീസ് സിയാദ് റഹ്‌മാൻ; കള്ളക്കളിക്ക് പുതിയ തെളിവ്

ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനം; അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ നിർണ്ണായകമായ നീക്കവുമായി ഹൈക്കോടതി; ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം; അഭിഭാഷക നേതാവിനെതിരെ നിർണ്ണായക നീക്കവുമായി ജസ്റ്റീസ് സിയാദ് റഹ്‌മാൻ; കള്ളക്കളിക്ക് പുതിയ തെളിവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ നിർണ്ണായകമായ നീക്കവുമായി ഹൈക്കോടതി. അഡ്വ സൈബി ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി നടപടികൾക്ക് തുടക്കമിട്ടു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഇതിന് പിന്നിലെ ഗൂഡാലചനയും ഹൈക്കോടതി അന്വേഷിക്കും.

അനുകൂല വിധി വാങ്ങി നൽകാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി. ഇതിന് പിന്നിൽ നടന്ന കള്ളക്കളികൾ എല്ലാം അന്വേഷിക്കും. ഈ കേസും സൈബി ജോസിനെതിരായ അന്വേഷണത്തിൽ നിർണ്ണായകമാകും.

പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്‌ടെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി. പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതിയെ അറിയിച്ചു.

തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ 2022 ഏപ്രിൽ 29 ൽ താൻ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹർജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല.

കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി ജസ്റ്റ്. സിയാദ് റഹ്‌മാൻ അറിയിച്ചത്. ഫലത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കുന്ന സ്ഥിതി വരും. ഫലത്തിൽ വലിയ അട്ടിമറി നടന്നുവെന്നാണ് പ്രഥാമികമായി വ്യക്തമാകുന്നത്.

ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വർഷം മുൻപ് നൽകിയ ജാമ്യ ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്‌മാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇരയ്ക്ക് നോട്ടീസ് നൽകുന്നതിൽ അട്ടിമറി ഉണ്ടായോ എന്ന പരിശോധിക്കണമെന്ന ആവശ്യവും ഈ വിവാദത്തെ പുതിയ തലത്തിലെത്തിക്കും.

ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതോതിൽ പണംവാങ്ങിയെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സൈബി ജോസിനെതിരേ കോടതിയലക്ഷ്യ നടപടിയടക്കം ശുപാർശചെയ്താണ് വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ടുനൽകിയത്.

സൈബി ജോസിനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനൽകിയിട്ടുണ്ട്. നിലവിൽ കൊച്ചി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് സൈബി ജോസിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി സിനിമാപ്രവർത്തകരടക്കമുള്ള കക്ഷികളിൽനിന്ന് വലിയതുക വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സൈബിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബാർ കൗൺസിലിനോട് നിർദ്ദേശിക്കുന്നതും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി ജോസ് കിടങ്ങൂർ. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ എന്നിവർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി കക്ഷികളിൽനിന്ന് പണം വാങ്ങിയെന്നുള്ള നാലു അഭിഭാഷകരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.

ജസ്റ്റിസ് കുഞ്ഞികൃഷ്ണനു നൽകാനെന്നു പറഞ്ഞ് 25 ലക്ഷംരൂപയും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നൽകാനെന്ന പേരിൽ രണ്ടുലക്ഷംരൂപയും ജസ്റ്റിസ് സിയാദ് റഹ്‌മാനു നൽകാനെന്നപേരിൽ 50 ലക്ഷംരൂപയും സൈബി വാങ്ങിയത് അറിയാമെന്നാണ് അഭിഭാഷകർ മൊഴിനൽകിയത്. ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിനിമാനിർമ്മാതാവിൽനിന്ന് 25 ലക്ഷംരൂപ വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് സൈബിയുടെപേരിൽ വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP