Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

നക്‌സൽ കേന്ദ്രത്തിൽ സബ് ഇൻസ്‌പെക്ടറായി തുടങ്ങിയ പൊലീസ് ജീവിതം; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് പ്രതീപ് ശർമ്മയുടെ ടീമിലെ അംഗം; അധോലോകത്തെ വിറപ്പിച്ചു കൊലപ്പെടുത്തിയത് 63 കുറ്റവാളികളെ; അർണബ് ഗോസ്വാമിക്കെതിരെയും മുഖം നോക്കാതെ നടപടി; അംബാനിയുടെ വസതിയിലെ സ്‌ഫോടക വസ്തു കേസിൽ അറസ്റ്റിലായ സച്ചിൻ വാസെയുടെ കഥ

നക്‌സൽ കേന്ദ്രത്തിൽ സബ് ഇൻസ്‌പെക്ടറായി തുടങ്ങിയ പൊലീസ് ജീവിതം; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് പ്രതീപ് ശർമ്മയുടെ ടീമിലെ അംഗം; അധോലോകത്തെ വിറപ്പിച്ചു കൊലപ്പെടുത്തിയത് 63 കുറ്റവാളികളെ; അർണബ് ഗോസ്വാമിക്കെതിരെയും മുഖം നോക്കാതെ നടപടി; അംബാനിയുടെ വസതിയിലെ സ്‌ഫോടക വസ്തു കേസിൽ അറസ്റ്റിലായ സച്ചിൻ വാസെയുടെ കഥ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന ബഹുനില വസതിക്കു മുന്നിൽ ദുരൂഹസാഹചര്യത്തിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിൽ ആദ്യം കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ അതേ കേസിൽ അറസ്റ്റിലായിരിക്കുന്നു. മുംബൈ പൊലീസിൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറായ സച്ചിൻ ഹിന്ദ്റാവു വാസെയെയാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കുശാഗ്രബുദ്ധിയുള്ള കുറ്റാന്വേഷകൻ, സൈബർ വിഷയങ്ങളിൽ ജ്ഞാനി, എഴുത്തുകാരൻ അങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെയും തോഴനാണ് മുംബൈ പൊലിസിലെ ഈ 'ഏറ്റുമുട്ടൽ വിദഗ്ധൻ'.

മുംബൈയിലെ കുപ്രസിദ്ധ 'ഏറ്റമുട്ടൽ വിദഗ്ധരായ' പ്രദീപ് ശർമ, ദയാ നായിക് എന്നിവരുടെ സംഘത്തിലെ അംഗംമായിരുന്ന സച്ചിൻ വാസെ 2002 ലെ ഘാട്കൂപ്പർ സ്‌ഫോടന കേസിൽ അറസ്റ്റിലായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണത്തിൽ 2004 ലാണ് ആദ്യം അറസ്റ്റിലായത്. 16 വർഷത്തെ സസ്‌പെൻഷന് ശേഷം ജോലിയിൽ തിരിച്ചെത്തി ഒമ്പത് മാസം തികയും മുമ്പാണ് വീണ്ടും അറസ്റ്റിലാകുന്നത്.

ആരാണ് സച്ചിൻ വാസെ?

നക്‌സൽ കേന്ദ്രമെന്ന് വിളിക്കപ്പെട്ട ഗഡ്ചിറോളിയിൽ 1990 ലായിരുന്നു സബ് ഇൻസ്‌പെക്ടറായി സച്ചിൻ വാസെയുടെ പൊലിസ് ജീവിതത്തിന് തുടക്കം. രണ്ട് വർഷത്തിന് ശേഷം താണെയിലെത്തി. അവിടെ വച്ചാണ് മികച്ച കുറ്റാന്വേഷകനായി പേരെടുക്കുന്നത്. അതോടെ, താണെ ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യൽ സ്‌ക്വാഡിൽ ഇടം നേടി. 300 ലേറെ പേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രതീപ് ശർമയുടെ ആന്റി എക്‌സ്‌റ്റോർഷൻ സെല്ലിൽ അദ്ദേഹത്തിന്റെ അരുമ ശിഷ്യനായി സച്ചിൻ വീണ്ടും വളർന്നു. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനി മുന്ന നേപ്പാളി 2006 ൽ വധിച്ചതടക്കം 63 കുറ്റവാളികളെയാണ് സച്ചിൻ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. സച്ചിന്റെ ഏറ്റുമുട്ടൽ കൊലപാതക കാലം 'രെഗെ' എന്ന പേരിൽ മറാത്തി ചിത്രമായി.

കസ്റ്റഡി മരണവും അറസ്റ്റും

2002 ഡിസംബർ 2ന് ഘട്കോപറിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ദുബയിൽ ജോലി ചെയ്തിരുന്ന ഖാജാ യൂനുസ് ഉൾപ്പെടെ നാലുപേരെ 'തീവ്രവാദ നിരോധന നിയമ' (പോട്ട) പ്രകാരം 2002ൽ മുംബൈയിൽ നിന്നും പിടികൂടിയത്.

2003 ജനുവരി 6 നാണ് യൂനുസിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ പവായ് യൂണിറ്റിൽ എത്തിയ ശേഷം സച്ചിൻ വാസെയുടെ കസ്റ്റഡിയിൽ വെച്ച് ഖ്വാജ യൂനുസ് മരിക്കുന്നത്. നഗ്‌നനാക്കി യൂനുസിനെ മർദ്ദിക്കുന്നതും രക്തം വാർന്ന് അവശനാകുന്നതും സഹ പ്രതി ഡോ. അൽ മതീൻ കണ്ടിരുന്നു. മതീൻ യൂനുസിന്റെ നില ഗുരുതരമാണെന്ന് പൊലിസിനോട് പറയുകയും ചെയ്തു. പിന്നീട് ഖ്വാജ യൂനുസിനെ കാണാതായി.

ജനുവരി 6, 7 തിയ്യതികളിൽ ഖാജാ യൂനുസ് ഔറംഗബാദിലേക്ക് കൊണ്ടുപോവുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു എന്നായിരുന്നു പൊലീസ് ഭാഷ്യം. തെളിവെടുപ്പിന് പോകും വഴി വാഹനാപകടമുണ്ടായി യൂനുസ് രക്ഷപ്പെട്ടെന്നാണ് പൊലീസ് അറിയിച്ചത്. ഔറംഗാബാദിലേക്ക് കൊണ്ടുപോയ സംഘത്തിൽ സച്ചിനുമുണ്ടായിരുന്നു. എന്നാൽ, കസ്റ്റഡിയിൽ താൻ കണ്ടത് ഡോ. അൽ മതീൻ കോടതിയിൽ പറയുകയും യൂനുസിന്റെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകുകയും ചെയ്തതോടെ സി.െഎ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു.

ഹൈക്കോടതി നിർദ്ദേശപ്രകാരം തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന സിഐഡി കസ്റ്റഡി മരണമാണെന്ന് കണ്ടെത്തി. 27 കാരനായ സോഫ്റ്റ് വെയർ എൻജിനീയറെ കൊലപ്പെടുത്തിയ സംഭവത്തിൽ സച്ചിൻ വാസെ, രാജേന്ദ്ര തിവാരി, രാജാറാം നിഗം, സുനിൽ ദേശായി എന്നീ പൊലീസുകാരാണ് പ്രതിപ്പട്ടികയിലുണ്ടായത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെ തുടർന്ന് സചിൻ വാസെ സസ്പെൻഷനിലായി. 2007 നവംബർ 30നു സർവീസിൽ നിന്ന് വിരമിച്ചു.

സച്ചിനടക്കം നാല് പൊലിസ് ഉദ്യോഗസ്ഥരെ സി.െഎ.ഡി അറസ്റ്റും ചെയ്തു. ഇതോടെയാണ് 2004 ൽ സസ്‌പെൻഷനിലാകുന്നത്. കേസിൽ ഇനിയും വിചാരണ പൂർത്തിയായിട്ടില്ല.

നീണ്ടകാലം സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ ഇക്കാലഘട്ടത്തിൽ ശിവസേനയിൽ അംഗത്വമെടുത്തിരുന്നു. എന്നാൽ, പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ദവ് താക്കറെ സച്ചിൻ വാസെയെ തള്ളിപ്പറഞ്ഞു. 2008 വരെ പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അംഗത്വം പുതുക്കിയില്ലെന്നാണ് ഉദ്ദവ് താക്കറെ പറയുന്നത്.

2020 ജൂൺ ആറിനാണ് പൊലീസ് സേനയിൽ തിരിച്ചെത്തിയത്. സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ, വാസെയെ മുംബൈ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നൽകി. തുടർന്ന് വ്യാജ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കേസ് പോലുള്ള കേസുകൾ അന്വേഷിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും ടെലിവിഷൻ റേറ്റിങ് പോയിന്റ് (ടിആർപി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. അൻവേ നായിക് ആത്മഹത്യക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർനബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിൻ വാസെയാണ്.

കേന്ദ്രസർക്കാരും മഹാരാഷ്ട്ര സർക്കാരും തമ്മിൽ പോരാടിയ ചില കേസുകളിൽ അന്വേഷണം നടത്തിയത് സച്ചിൻ വാസെയാണ്. ടിആർപി തട്ടിപ്പ് കേസിൽ അർനബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവം, സ്പോർട്സ് കാറുകൾക്ക് വായ്പയെടുക്കാൻ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ ആരോപണങ്ങളെ തുടർന്ന് ദിലീപ് ചബ്രിയ (ഡിസി) ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസിൽ പ്രശസ്ത സ്പോർട്സ് കാർ ഡിസൈനർ ദിലീപ് ചബ്രിയയെ 2020 ഡിസംബർ 28 ന് അറസ്റ്റ് ചെയ്ത സംഭവം, 2016ലെ ഹൃത്വിക് റോഷൻ-കങ്കണാ റണൗട്ട് കേസ് എന്നിവയാണ് ഇതിൽ ചിലത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വാസെയെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലായിരുന്നു അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്.

സസ്പെൻഷനിലായിലിരിക്കെ 2010ൽ അദ്ദേഹം 'ലായ് ഭാരി' എന്ന പേരിൽ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റും ആരംഭിച്ചു. ആളുകളുടെ ഫോൺ സംഭാഷണങ്ങൾ കേൾക്കാനും അവരുടെ സന്ദേശങ്ങൾ പിടിച്ചെടുക്കാനും കഴിയുന്ന ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെന്നായിരുന്നു സച്ചിൻ വാസെയുടെ അവകാശവാദം. ഷീനാ ബോറ കൊലക്കേസുമായും 26/11 മുംബൈ ആക്രമണത്തിൽ ഉൾപ്പെട്ട അമേരിക്കൻ-ലഷ്‌കർ ഇരട്ട ഏജന്റ് ഡേവിഡ് ഹെഡ്ലിയെ കുറിച്ചും രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സേനയിൽ നിന്ന് പുറത്തായതിനു പിന്നാലെ ചില അന്വേഷണ ഏജൻസികൾ ഇദ്ദേഹത്തെ ഉപയോഗിച്ചതായും പറയപ്പെടുന്നുണ്ട്.

എൻഐഎ അറസ്റ്റ് ചെയ്തത് എന്തിന്?

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വീടായ ആന്റിലിയയ്ക്കു മുന്നിൽ കഴിഞ്ഞ ആഴ്ചയാണ് സ്ഫോടക വസ്തുക്കൾ ഉൾപ്പെട്ട വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും ഒരു കത്തുമാണ് ലഭിച്ചത്. കേസ് ആദ്യം അന്വേഷിച്ചത് സച്ചിൻ വാസെയാണ്. അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചില്ലെന്ന് അറിയിച്ചതിനു പിന്നാലെ വാഹന ഉടമയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

എന്നാൽ, പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചതനുസരിച്ചാണ് തന്റെ ഭർത്താവ് പോയതെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും ഭാര്യ വെളിപ്പെടുത്തിയതോടെ ദുരൂഹതയേറി. വാഹന ഉടമയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നും വായിൽ തുണി തിരുകിക്കയറ്റി മാസ്‌ക് ഇട്ട നിലയിലാണ് കണ്ടെത്തിയതെന്നതും പുറത്തുവന്നു. മാത്രമല്ല, വാഹനം നേരത്തേ കാണാതായതായി പരാതി നൽകിയതായും കണ്ടെത്തി. ഇതിനിടെ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവാസ് കൂടി സച്ചിൻ വാസേയും വാഹന ഉടമ ഹിരനും തമ്മിലുള്ള ഫോൺ സംഭാഷണം കൂടി പുറത്തുവിട്ടതോടെ കുരുക്ക് മുറുകി.

മഹാരാഷ്ട്രയിൽ സർക്കാർ അന്വേഷണച്ചുമതല വാസേയിൽ നിന്നു മാറ്റി. ക്രൈംബ്രാഞ്ചും പിന്നീട് എൻഐഎയും അന്വേഷണം ഏറ്റെടുത്തു. ഏറ്റവുമൊടുവിൽ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഗൂഢാലോചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധമായി പെരുമാറൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ മുദ്ര കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

സച്ചിൻ വാസേ പ്രതിയായതെങ്ങനെ?

ക്രൈം ഇന്റലിജൻസ് യൂനിറ്റിൽ(സിഐയു) ഉണ്ടായിരുന്ന വാസെ, ആന്റിലിയയ്ക്ക് പുറത്തുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിനു നേതൃത്വം നൽകുകയായിരുന്നു. കേസിൽ ഒരു തുമ്പുമില്ലെന്ന് പറഞ്ഞെങ്കിലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.

സ്ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാർ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മൻസുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ആന്റിലിയ സംഭവത്തിന് ഒരാഴ്ച മുമ്പ് വാഹനം മോഷ്ടിക്കപ്പെട്ടതായി ഹിരൻ റിപോർട്ട് ചെയ്തിരുന്നു.

വാസെയും ഹിരനും തമ്മിലുള്ള ഫോൺ കോളുകളുടെ കോൾ ഡാറ്റാ റെക്കോർഡ് വിശദാംശങ്ങൾ ഫഡ്നാവിസ് നിയമസഭയിൽ വായിച്ചു. സ്‌കോർപിയോ വാഹനം അംബാനിയുടെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയ ആദ്യത്തെ വ്യക്തി വാസെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, ഇക്കാര്യം വാസെ നിഷേധിച്ചക്കുകയായിരുന്നു. ഫഡ്നാവിസ് ആരോപണങ്ങൾ ഉന്നയിച്ച അതേ ദിവസം തന്നെയാണ് ഹിരന്റെ മൃതദേഹം കൽവ ക്രീക്കിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഹിരന്റെ കൊലപാതകത്തിന് പിന്നിൽ വാസെ ആണെന്ന് ഭാര്യയും ആരോപിച്ചതോടെ പ്രതിരോധിക്കാനാവാതെ കുടുങ്ങി. ഫെബ്രുവരി 5 വരെ സ്‌കോർപിയോ വാസെയുടെ കൈയിലായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.

അംബാനി കേസിൽ ആദ്യം ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തെന്നു പറഞ്ഞ് ഒരു ടെലഗ്രാം സന്ദേശം വന്നിരുന്നു. ഇത് തിഹാർ ജയിലിൽ നിന്നാണെന്നു പറഞ്ഞ് ജയിലിൽ കഴിയുന്ന ജെയ്ഷെ മുഹമ്മദ് പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ ചോദ്യം ചെയ്തിരുന്നു. ഏറ്റവുമൊടുവിൽസ അഴികൾക്കുള്ളിലാവുന്നതിനു മുമ്പ് ജീവിതം അവസാനിപ്പിക്കാൻ നേരമായെന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സച്ചിൻ വാസെ സ്റ്റാറ്റസ് ഇട്ടതായും റിപോർട്ടുകളുണ്ട്. ഇതിനിടെയാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുംബൈയിലെ 'ഏറ്റുമുട്ടൽ വിദഗ്ധരി'ലെ പ്രധാനി എൻഐഎയുടെ അറസ്റ്റിലാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP