Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202114Wednesday

കഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ; അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപി

കഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ;  അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: മുംബൈ പൊലീസിനെ മാത്രമല്ല, മഹാരാഷ്ട്ര സർക്കാരിനെ കൂടി പിടിച്ചുകുലുക്കുകയാണ് സച്ചിൻ വാസെ കേസ്. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പിൽ ഫെബ്രുവരി 25 ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവമാണ് സർക്കാരിനെ വരെ ഉലയ്ക്കുന്നത്. അതിനിടെ, കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പക്ടർ സച്ചിൻ വാസെയുടെ മൊഴിയിലെ ചില വിവരങ്ങൾ കൂടി പുറത്തുവന്നു. പ്രത്യേക എൻഐഎ കോടതിക്ക് സമർപ്പിച്ച കത്തിലാണ് വാസെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിനതിരെയും കത്തിൽ വെളിപ്പെടുത്തലുണ്ട്.

വാസെയുടെ വെളിപ്പെടുത്തലുകൾ

തരികിട പരിപാടികൾക്ക് 2004 മാർച്ച് മുതൽ സച്ചിൻ വാസെ സസ്‌പെൻഷനിലായിരുന്നു. 2020 ജൂൺ ആറിനെ സർവീസിൽ തിരിച്ചെടുത്തു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെ ശരദ് പവാർ ഇടപെട്ട് വീണ്ടും സസ്‌പെൻഡ് ചെയ്തു. ഇക്കാര്യം തന്നോട് അനിൽ ദേശ്മുഖ് നാഗ്പൂരിൽ നിന്ന് ഫോണിൽ പറഞ്ഞുവെന്നാണ് വാസെയുടെ മൊഴി. പവാറിനെ പറഞ്ഞ് മനസ് മാറ്റി എല്ലാം ശരിയാക്കാമെന്നായിരുന്നു ദേശ്മുഖിന്റെ വാഗ്ദാനം. എന്നാൽ, ഒന്നും വെറുതെയല്ല. രണ്ടുകോടി രൂപ സംഘടിപ്പിച്ചുകൊടുക്കണമെന്നായി. ഇത്രയും വലിയ തുക തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ, പതിയെ മതിയെന്ന് പറഞ്ഞു.

ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റിലെ പോസ്റ്റിങ് ആടിനെ പച്ചില എന്നോണം കാട്ടിയാണ് ദേശ്മുഖ് തന്നെ പ്രലോഭിപ്പിച്ചതെന്ന് വാസെ പറയുന്നു.തുടർന്ന്, കഴിഞ്ഞവർഷം ഒക്ടോബറിൽ സഹ്യാദ്രി അതിഥിമന്ദിരത്തിലേക്കു തന്നെ വിളിച്ചുവരുത്തിയ ദേശ്മുഖ്, മുംബൈയിലെ 1,650 ബാറുകളിൽനിന്നും റസ്റ്റൊറന്റുകളിൽ നിന്നുമായി പണം പിരിക്കാൻ ആവശ്യപ്പെട്ടു. അത് തന്റെ കഴിവിനപ്പുറമാണെന്നു പറഞ്ഞ് ആവശ്യം നിരസിച്ചു. പിന്നീട്, കഴിഞ്ഞ ജനുവരിയിൽ ദേശ്മുഖിന്റെ ഔദ്യോഗികവസതിയിൽ വിളിച്ചുവരുത്തി ഇതേയാവശ്യം ആവർത്തിച്ചു. മന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്റ് കുന്ദനും അപ്പോൾ അവിടെയുണ്ടായിരുന്നു. ഓരോ ബാറിൽനിന്നും 3-3.5 കോടി രൂപ പിരിച്ചുനൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

കോഴ വാങ്ങിനൽകാൻ ഗതാഗതമന്ത്രി അനിൽ പരബും തന്നോടാവശ്യപ്പെട്ടെന്നു വസെയുടെ കത്തിൽ ആരോപിക്കുന്നു. അന്വേഷണം നേരിടുന്ന സെയ്ഫീ ബുർഹാനി അപ്ലിഫ്റ്റ്‌മെന്റ് ട്രസ്റ്റിൽനിന്ന് 50 കോടി രൂപ വാങ്ങാനാണു കഴിഞ്ഞ ജൂലൈ-ഓഗസ്റ്റിൽ പരബ് ആവശ്യപ്പെട്ടത്.
ഇതിനായി തന്നെ പരബിന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി. ട്രസ്റ്റിനെതിരായ ആരോപണം പ്രാഥമികാന്വേഷണത്തിൽ നിർത്തിക്കൊണ്ട് ഭാരവാഹികളുമായി വിലപേശാനായിരുന്നു നിർദ്ദേശം. 50 കോടി രൂപ നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്നു പറയാനും നിർദേശിച്ചു. എന്നാൽ, ട്രസ്റ്റ് ഭാരവാഹികളെ ആരെയും അറിയില്ലെന്നും അന്വേഷണത്തിൽ തനിക്കു നിയന്ത്രണമില്ലെന്നും പറഞ്ഞ് കൈമലർത്തി. കഴിഞ്ഞ ജനുവരിയിൽ പരബ് വീണ്ടും തന്നെ വിളിച്ചുവരുത്തി.

മുംബൈ മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട് 50 കരാറുകാർക്കെതിരായ അന്വേഷണം ഒതുക്കാൻ ഓരോരുത്തരിൽ നിന്നും രണ്ടുകോടി രൂപ വീതം പിരിച്ചുനൽകാനായിരുന്നു ഇക്കുറി നിർദ്ദേശം. ഊമക്കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ കരാറുകാർക്കെതിരേ ഒരു തെളിവും കണ്ടെത്താനായില്ലെന്നും വാസെയുടെ കത്തിൽ പറയുന്നു. ദേശ്മുഖും പരബും കൈക്കൂലി പിരിക്കാൻ ആവശ്യപ്പെട്ടെന്ന വിവരം അന്നത്തെ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ അറിയിച്ചിരുന്നു. അതു വകവയ്ക്കേണ്ടെന്നാണു പരംബീർ പറഞ്ഞത്. സച്ചിൻ വാസെ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞമാസം 20-നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കത്തെഴുതി അറിയിച്ചതും പരംബീർ സിങ്ങാണ്. ഇതേത്തുടർന്നുള്ള വിവാദമാണു ദേശ്മുഖിന്റെ രാജിയിലേക്കു നയിച്ചത്.

2020 നവംബറിൽ തന്നെ ദർശൻ ഗോഡോവാട്ട് എന്നൊരാൾ സമീപിച്ചിരുന്നതായും വാസെ കത്തിൽ പറയുന്നുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വളരെ അടുത്ത ആൾ എന്നാണ് പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അനധികൃത ഗുഡ്ക -പുകയില വ്യാപാരത്തെ കുറിച്ചായിരുന്നു സംസാരം. അവരുടെ പക്കൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്. അത്തരം അനധികൃത കാര്യം ചെയ്യാൻ തനിക്കാവില്ലെന്ന് വാസെ തറപ്പിച്ചു പറഞ്ഞു. 2021 ജനുവരിയിൽ വാസെ ഈ അനധികൃത ഗുഡ്ക വ്യാപാരികൾക്കെതിരെ നടപടി എടുത്തത് അജിത് പവാറിനെ ചൊടിപ്പിച്ചു. ദർശൻ ഗോഡോവാട്ട് വീണ്ടും വാസെയെ കാണാൻ വന്നു. അജിത് പവാറിന്റെ അപ്രീതി അറിയിച്ചു. ഗുഡ്ക -പുകയില വ്യാപാരികളോട് തന്നെയോ ഉപമുഖ്യമന്ത്രിയെയോ വന്നു കാണാൻ ആവശ്യപ്പെടണമെന്നും ദർശൻ ഗോഡോവാട്ട് ആവശ്യപ്പെട്ടു. എന്നാൽ, താൻ ഇത് നിരസിച്ചുവെന്ന് വാസെ എൻഐഎ കോടതിയിൽ നൽകിയ കത്തിൽ പറയുന്നു.

രണ്ടുമന്ത്രിമാർ കൂടി രാജി വയ്ക്കുമെന്ന് ബിജെപി

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാർ കൂടി രാജിവയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

രണ്ടു മന്ത്രിമാർകൂടി 15 ദിവസത്തിനുള്ളിൽ രാജിവയ്ക്കും. ഇവർക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാൻ ആളുകൾ തയ്യാറാകുന്നുണ്ട്.അതോടെ ഇവർക്ക് രാജിവയ്ക്കേണ്ടിവരും. അനിൽ ദേശ്മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനിൽ പരബിനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്. എന്നാൽ തന്റെ പാർട്ടി അല്ല അതിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

പൊലീസുകാരോട് നൂറുകോടി പണപ്പിരിവ് നടത്താൻ ആവശ്യപ്പെട്ടെന്ന വിവാദത്തിന് പിന്നാലെ രാജിവച്ച ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം തുടരണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സച്ചിൻ വാസേ പ്രതിയായതെങ്ങനെ?

മുകേഷ് അംബാനിയുടെ വീടിന് മുമ്പിൽ സ്‌ഫോടക വസ്തുകക്കൾ വച്ച കേസിൽ ഒരു തുമ്പുമില്ലെന്ന് പറഞ്ഞെങ്കിലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.സ്ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാർ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മൻസുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം.

വാസെയും ഹിരനും തമ്മിലുള്ള ഫോൺ കോളുകളുടെ കോൾ ഡാറ്റാ റെക്കോർഡ് വിശദാംശങ്ങൾ ഫഡ്നാവിസ് നിയമസഭയിൽ വായിച്ചു. സ്‌കോർപിയോ വാഹനം അംബാനിയുടെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയ ആദ്യത്തെ വ്യക്തി വാസെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, ഇക്കാര്യം വാസെ നിഷേധിക്കുകയായിരുന്നു. ഫഡ്നാവിസ് ആരോപണങ്ങൾ ഉന്നയിച്ച അതേ ദിവസം തന്നെയാണ് ഹിരന്റെ മൃതദേഹം കൽവ ക്രീക്കിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഹിരന്റെ കൊലപാതകത്തിന് പിന്നിൽ വാസെ ആണെന്ന് ഭാര്യയും ആരോപിച്ചതോടെ പ്രതിരോധിക്കാനാവാതെ കുടുങ്ങി. ഫെബ്രുവരി 5 വരെ സ്‌കോർപിയോ വാസെയുടെ കൈയിലായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.

മുംബൈ പൊലീസ് -രാഷ്ട്രീയ- അധോലോക ബന്ധം

മുംബൈയുടെ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ച കത്താണ് രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സച്ചിൻ വാസെയോട് മുംബൈയിലെ ബാറുകളിൽ നിന്നും റസ്റ്റോറണ്ടുകളിൽ നിന്നും മറ്റുസ്ഥാപനങ്ങളിൽ നിന്നും 100 കോടി ശേഖരിക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. സ്വാഭാവികമായും പ്രതിപക്ഷമായ ബിജെപി ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ടു. ശരദ് പവാർ ദേശ്മുഖിനെ സംരക്ഷിക്കുന്ന നയവും. അതിനിടെ പവാർ അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നു. ശിവസേന മുഖപത്രമായ സാമ്നയിൽ ദേശ്മുഖിനെതിരെ വിമർശനങ്ങൾ വന്നു. എല്ലാം കൂടി മഹാവികാസ് അഗാഡി സർക്കാരിനെ ഉലയ്ക്കുന്ന അന്തരീക്ഷം. ബിജെപിയാകട്ടെ സർക്കാരിനെ മറിച്ചിടാൻ തർക്കം പാർത്തിരിക്കുന്നു.

രാഷ്ട്രീയക്കാർ ഏറ്റുമുട്ടൽ കൊലകളിലും, മറ്റും പരോക്ഷമായി പങ്കുവഹിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് മഹാരാഷ്ട്രയിൽ പയറ്റുന്നത്.അധോലോകം മേൽക്കൈ നേടുന്ന നിരവധി ഘട്ടങ്ങളിലൂടെ മുംബൈ കടന്നുപോയിട്ടുണ്ട്. ഏറ്റുമുട്ടൽ പൊലീസ് കടന്നുവന്നത് 90 കളിലായിരുന്നു. പിന്നീട് അധോലോകത്തെ അടിച്ചമർത്തിയപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകളായി. കൊലപാതക കുറ്റത്തിനും ഏറ്റുമുട്ടൽ കൊലകൾക്കും ഒക്കെ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ശേഷം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുമുണ്ട്. സച്ചിൻ വാസെ അത്തരം ഒരുകേസാണ്. സർവീസിൽ തിരിച്ചടി നേരിട്ട ശേഷവും രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ സർവീസിൽ മടങ്ങി എത്തിയ ആളാണ് വാസെ.

ദുരുദ്ദേശ്യങ്ങളുള്ള സീനിയർ പൊലീസ് ഉദ്യോഗസ്ഥരുംം, രാഷ്ട്രീയക്കാരുമാണ് ജൂനിയർ പൊലീസ് ഓഫീസർമാരെ കയറൂരി വിടുന്നത്. ഒരുരാഷ്ട്രീയക്കാരൻ ബാറുകളിൽ നിന്ന് ഹഫ്ത പിരിക്കാൻ ആവശ്യപ്പെട്ടുവെന്ന പരംഭീറിന്റെ ആരോപണം ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമില്ല. കാരണം, ദുബായ് കേന്ദ്രമാക്കിയുള്ള അധോലോകമല്ല മുംബൈ ഭരിക്കുന്നത്. രാഷ്ട്രീയക്കാരും പൊലീസും ചേർന്ന ഒരുപിടിച്ചുപറി അധോലോക മാഫിയയാണ് മുംബൈ ഭരിക്കുന്നത്. സച്ചിൻ വാസെയെ പോലെ കൂടുതൽ അധികാരങ്ങളുള്ളവരാണ് അത് ദുരുപയോഗിക്കുന്നത്. അത്തരക്കാരെ പുറത്താക്കിയാലും അവർ മടങ്ങി വരുമെന്നതാണ് ദുരന്തം.

ഘാട്‌കോപ്പർ സ്‌ഫോടനക്കേസിൽ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ 2004 മുതൽ സസ്‌പെൻഷനിലായിരുന്ന സച്ചിൻ വാസെയെ 2020ൽ ഉദ്ധവ് സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. ശിവസേനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സസ്‌പെൻഷൻ പിൻവലിച്ചതും തിരിച്ചെടുത്തതുമെന്നാണ് ബിജെപി ആരോപണം.മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന ബഹുനില വസതിക്കു മുന്നിൽ ദുരൂഹസാഹചര്യത്തിൽ സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിൽ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. മുംബൈ പൊലീസിന്റെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറാണ് വാസെ. മുംബൈയിലെ കുപ്രസിദ്ധ 'ഏറ്റമുട്ടൽ വിദഗ്ധരായ' പ്രദീപ് ശർമ, ദയാ നായിക് എന്നിവരുടെ സംഘത്തിൽ അംഗമായിരുന്നു. ആരോപണങ്ങളെ തുടർന്ന് പൊലീസ് സേന വിട്ട അദ്ദേഹം 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020ലാണ് തിരിച്ചെത്തിയത്.

നീണ്ടകാലം സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ ഇക്കാലഘട്ടത്തിൽ ശിവസേനയിൽ അംഗത്വമെടുത്തിരുന്നു. ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഖാജാ യൂനുസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലാണ് സച്ചിൻ വാസെ സസ്പെൻഷനിലായത്. പിന്നീട് 2020 ജൂണിൽ അദ്ദേഹം സേനയിൽ തിരിച്ചെത്തി. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വാസെയെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് ഇപ്പോൾ അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്.

സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ, വാസെയെ മുംബൈക്രൈംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നൽകി. തുടർന്ന് വ്യാജ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കേസ് പോലുള്ള കേസുകൾ അന്വേഷിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും പ്രമാദമായ ടെലിവിഷൻ റേറ്റിങ് പോയിന്റ് (ടിആർപി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. അൻവേ നായിക് ആത്മഹത്യക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർനബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിൻ വാസെയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP