Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം കട്ടോണ്ടു പോയാലും ഐസക്ക് സാറേ താങ്കൾ അറിയില്ലേ? വഞ്ചിയൂർ സബ് ട്രഷറിയിലെ ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും സീനിയർ അക്കൗണ്ടന്റ് അടിച്ചു മാറ്റിയത് രണ്ട് കോടിയിലേറെ രൂപ! തുക തട്ടിയെടുത്തത് വിരമിച്ച ട്രഷറി ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിൽ കടന്നുകയറിയ ശേഷം; വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടുകൾ സജീവമായി നിന്നതിലും ദുരൂഹത; ഇടപാടിന്റെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ നിന്നും നീക്കി; തട്ടിപ്പു പുറത്തായത് 'ഡേ' ബുക്കിൽ രണ്ടു കോടിയുടെ വ്യത്യാസം വന്നതോടെ; ട്രഷറി തട്ടിപ്പിൽ ഞെട്ടി തലസ്ഥാനം

കേരളം കട്ടോണ്ടു പോയാലും ഐസക്ക് സാറേ താങ്കൾ അറിയില്ലേ? വഞ്ചിയൂർ സബ് ട്രഷറിയിലെ ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും സീനിയർ അക്കൗണ്ടന്റ് അടിച്ചു മാറ്റിയത് രണ്ട് കോടിയിലേറെ രൂപ! തുക തട്ടിയെടുത്തത് വിരമിച്ച ട്രഷറി ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിൽ കടന്നുകയറിയ ശേഷം; വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടുകൾ സജീവമായി നിന്നതിലും ദുരൂഹത; ഇടപാടിന്റെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ നിന്നും നീക്കി; തട്ടിപ്പു പുറത്തായത്  'ഡേ' ബുക്കിൽ രണ്ടു കോടിയുടെ വ്യത്യാസം വന്നതോടെ; ട്രഷറി തട്ടിപ്പിൽ ഞെട്ടി തലസ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽ വൻ വെട്ടിപ്പ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നുമാണ് രണ്ടു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാലാണ് രണ്ടു കോടിയിലേറെ രൂപ ട്രഷറിയിൽ നിന്നും തട്ടിയെടുത്തത്. കളക്ടറുടെ അക്കൗണ്ടിൽ നിന്നും ഈ തുക ബിജുലാൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ കളക്ടറുടെ ദൈനംദിന ഉപയോഗത്തിന്റേതല്ലാതെയുള്ള ചില അക്കൗണ്ടുകൾ ഇവിടെ വഞ്ചിയൂർ സബ് ട്രഷറിയിലുണ്ട്. അതിലൊന്നിലെ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

വിരമിച്ച വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ആ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറിയാണ് ബിജുരാജ് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. മെയ്‌ 31 നാണ് വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ വിരമിച്ചത്. അദ്ദേഹം രണ്ടു മാസം മുൻപ് തന്നെ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടിയിലേറെ രൂപ സീനിയർ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു കോടിയുടെ പണം തിരിമറി ബോധ്യമാവുന്നത്. ഈ തുക കണ്ടെത്താൻ കഴിയാത്തതോടെ ട്രഷറിയിലെ കണക്കുകൾ സൂക്ഷിക്കുന്ന ഡേ ബുക്ക് ട്രഷറി അധികൃതർക്ക് സമർപ്പിക്കാൻ കഴിയാതെ വന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് രണ്ടു മാസം കഴിഞ്ഞു വൻതുക അടിച്ചു മാറ്റിയ സംഭവം ട്രഷറി ആസ്ഥാനത്തെ നടുക്കിയിട്ടുണ്ട്. ബിജുലാൽ ഒറ്റയ്ക്കാണോ അതോ കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ. വ്യാപക തട്ടിപ്പുകൾ വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നോ എന്നതിനെക്കുറിച്ചുമൊക്കെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.

ട്രഷറിയിൽ പണം തിരിമറി നടന്നുവെന്ന് മനസിലാക്കിയതോടെ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നത്. സീനിയർ അക്കൗണ്ടന്റായ ബിജുലാലിനെതിരെ ഇന്നു വഞ്ചിയൂർ പൊലീസിൽ വഞ്ചിയൂർ ട്രഷറി ഓഫീസർ പരാതി നൽകും എന്നാണ് അറിയുന്നത്. രണ്ടു കോടിയിലേറെ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടതായി മനസിലാക്കിയ ട്രഷറി അധികൃതർ ഇന്നലെ തന്നെ വഞ്ചിയൂർ ട്രഷറി ഓഫീസറെ ട്രഷറി ആസ്ഥാനത്ത് വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുലാലിനെതിരെ ഇന്നു പരാതി നൽകാൻ തീരുമാനമായത്. വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് സീനിയർ അക്കൗണ്ടന്റ് തുക തട്ടിയെടുത്തത്.

ട്രഷറികളിൽ പണം ഇടപാട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ വിരമിക്കുമ്പോഴോ ട്രാൻസ്ഫർ ആകുമ്പോഴോ അവരുടെ യൂസർ നെയിമും പാസ് വേഡും അതാത് ദിവസം ഡിലീറ്റ് ചെയ്യുകയാണ് പതിവ്. വഞ്ചിയൂർ ട്രഷറിയിൽ ഈ പതിവ് തെറ്റിച്ചതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറി ബിജുലാലിന് പണം പിൻവലിക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വഞ്ചിയൂർ ട്രഷറി അധികൃതരുടെ ഭാഗത്ത് നിന്നും വൻ വീഴ്ച നടന്നുവെന്നാണ് ട്രഷറി വകുപ്പ് വൃത്തങ്ങൾ കണക്കാക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് ധൃതഗതിയിലുള്ള അന്വേഷണമാണ് ട്രഷറി വകുപ്പ് നടത്തുന്നത്.

പണം തിരിമറിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചില സംശയങ്ങൾ അധികൃതർക്ക് തോന്നിയിരുന്നു. ഒരു ബിൽ കാൻസൽ ചെയ്തതായി കാണിക്കുകയും പക്ഷെ തുക കാണാതാകുകയും ചെയ്തു. ബിൽ കാൻസൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഈ തുക ഡേ ബുക്കിൽ കാണിക്കണം. പക്ഷെ ഡേ ബുക്കിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല. രണ്ടു കോടി രൂപയുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം നടത്തുകയും ബിജുലാൽ ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടുപിടിക്കുകയും ചെയ്തത്. പണം കൈകാര്യം ചെയ്യുന്ന സീനിയർ അക്കൗണ്ടന്റായ ബിജുലാൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ലീവിലുമാണ്. രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ കമ്പ്യൂട്ടറിൽ നിന്നും വിശദാംശങ്ങൾ ബിജുലാൽ നീക്കം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിസ്റ്റത്തിൽ വിശദാംശങ്ങൾ ലഭ്യമായില്ല.

സിസ്റ്റത്തിൽ വിശദാംശങ്ങൾ കാണാത്തപ്പോഴാണ് ഡേ ബുക്ക് പരിശോധിച്ചത്. അതാത് ദിവസത്തെ ട്രഷറി കണക്കുകൾ രേഖപ്പെടുത്തുന്ന ബുക്ക് ആണ് ഡേ ബുക്ക്. പെയ്‌മെന്റ്‌സും, വരുന്ന തുകകളുടെ കണക്കും ഈ ബുക്കിൽ രേഖപ്പെടുത്തണം. വില്ലൻ ബിജുലാൽ ആണെന്ന് മനസിലാക്കിയതോടെ ബിജുലാൽ ഇതുവരെ നടത്തിയ മുഴുവൻ ബാങ്കിടപാടുകളും പരിശോധിക്കാനാണ് ട്രഷറി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ട്രഷറിയിലെ ഇടപാടുകൾ സസൂക്ഷമം പരിശോധിക്കാനും നിലവിലെ തട്ടിപ്പിൽ ബിജുലാലിനു അല്ലാതെ മറ്റ് ആർക്കും ഇതിൽ ബന്ധമുണ്ടോ എന്നുമാണ് ട്രഷറി അധികൃതർ പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP