Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടകീയമായി പ്രത്യക്ഷപ്പെട്ടത് കാണാതായ ഫോൺ! കണ്ടെത്തിയത് സൈബർ പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത മൊബൈൽ; അദ്ധ്യാപികയുടെ സ്‌കൂട്ടർ നിർത്തിയിട്ട സ്ഥലത്തു നിന്ന് കടൽത്തീരത്തേക്ക് ഉള്ളത് അഞ്ച് കിലോമീറ്ററോളം ദൂരം; മഞ്ചേശ്വരം മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ രൂപശ്രീയുടെ മരണത്തിൽ ദുരൂഹത അഴിയുന്നില്ല; ഇനി അന്വേഷണം നടത്തുക ജില്ലാ ക്രൈംബ്രാഞ്ച്

നാടകീയമായി പ്രത്യക്ഷപ്പെട്ടത് കാണാതായ ഫോൺ! കണ്ടെത്തിയത് സൈബർ പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത മൊബൈൽ; അദ്ധ്യാപികയുടെ സ്‌കൂട്ടർ നിർത്തിയിട്ട സ്ഥലത്തു നിന്ന് കടൽത്തീരത്തേക്ക് ഉള്ളത് അഞ്ച് കിലോമീറ്ററോളം ദൂരം; മഞ്ചേശ്വരം മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ രൂപശ്രീയുടെ മരണത്തിൽ ദുരൂഹത അഴിയുന്നില്ല; ഇനി അന്വേഷണം നടത്തുക ജില്ലാ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. അദ്ധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്. രൂപശ്രീയുടെ കാണാതായ ഫോണുകളിൽ ഒന്ന് വീട്ടിൽ നിന്നു തന്നെ കണ്ടെത്തി. ജനൽ പാളിയുടെ അരികിൽ വച്ച നിലയിലായിരുന്നു ഫോൺ.

രൂപശ്രീയെ കാണാനില്ലെന്നു പരാതി ലഭിച്ചശേഷം ഫോൺ കണ്ടെത്താൻ സൈബർസെല്ലിന്റെ സഹായത്താൽ ടവർ ലൊക്കേഷനും ഫോൺ വച്ചിട്ടുള്ള സ്ഥലവും തിരിച്ചറിഞ്ഞു സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീടാണു നാടകീയമായി ഫോൺ രൂപശ്രീയുടെ മുറിയുടെ ജനൽപാളിയുടെ അരികിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

ഇന്നലെ ജനകീയ പൗരവേദിയുടെ നേതൃത്വത്തിൽ മിയാപദവ് സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരൻ പ്രാദേശിക സിപിഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. സ്‌കൂളിലെ വിദ്യാർത്ഥികളും മാർച്ചിൽ പങ്കെടുത്തു. അധ്യയനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ അദ്ധ്യാപിക ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. അദ്ധ്യാപികയുടെ സ്‌കൂട്ടർ നിർത്തിയിട്ട സ്ഥലത്തുനിന്ന് കടൽത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുത അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.

ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടായിരുന്നതുമാണ്. മറ്റാരുടെയെങ്കിലും കാറിൽ അദ്ധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തുവെന്ന സംശയമുണ്ട്. ഇതിന് തെളിവ് ലഭിച്ചാൽ അത് വഴിത്തിരിവാകും. നേരത്തേ ചോദ്യം ചെയ്യപ്പെട്ട അദ്ധ്യാപകന് ഇതുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഈ അദ്ധ്യാപകൻ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രൂപശ്രീയുടേതു മുങ്ങി മരണമാണെന്നാണു ഫോറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.

എന്നാൽ കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ഈ മാസം 16 നു സ്‌കൂളിലേക്കു പോകുന്നുവെന്നു പറഞ്ഞാണു രൂപശ്രീ ഭർതൃ വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്കു ശേഷം സ്‌കൂളിൽ നിന്നു സ്വന്തം സ്‌കൂട്ടറിൽ മടങ്ങുകയും ചെയ്തു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കാണാതായ വിവരം അറിയുന്നത്. 18ന് രാവിലെയാണു മൃതദേഹം പെർവാഡ് കടപ്പുറത്ത് കാണപ്പെട്ടത്.

രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ഇവിടെ നിന്ന് ഏഴ് കിലോ മീറ്റർ അകലെയാണ് കടപ്പുറം. ഇത്ര ദൂരെ സ്‌കൂട്ടർ നിർത്തി കണ്വതീർത്ഥ കടപ്പുറത്തേക്കു രൂപശ്രീ നടന്നുപോകാൻ സാധ്യതയില്ലെന്നാണു നാട്ടുകാർ പറയുന്നത്. ചിഗുർപദവ് എ.ചന്ദ്രശേഖരയുടെ ഭാര്യ ബി.കെ.രൂപശ്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രൂപശ്രീയെ ഒരാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ഭർത്താവ് പരാതി നൽകിയിരുന്നു. ഇയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്.

രൂപശ്രീയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് ആരോപണവിധേയനായ വ്യക്തിയാണ് എന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ കാണാതായ 16നും ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിട്ടയക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ സഹപ്രവർത്തകരെയും മറ്റുള്ളവരെയും അന്വേഷണം സംഘം ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP