Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്‌സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽ

വിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്‌സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽ

എം മനോജ് കുമാർ

കോട്ടയം: ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 12 കോടിയോളം രൂപ തട്ടി മുങ്ങിയ റോബിൻ മാത്യു ഇപ്പോഴും സുരക്ഷിതൻ. കോട്ടയത്ത് എസ്എച്ച് മൗണ്ടിൽ ഫോണിക്‌സ് എന്ന കൺസൽട്ടൻസി നടത്തിയാണ് റോബിൻ വിസാ തട്ടിപ്പ് നടത്തി മുങ്ങിയത്. തൊഴിൽ അന്വേഷകരെ കബളിപ്പിച്ച് പണവും തട്ടി റോബിനും കൂട്ടാളികളും മുങ്ങിയ വാർത്ത ''കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ'' എന്ന് തുടങ്ങുന്ന ടൈറ്റിലിൽ ഞങ്ങൾ കഴിഞ്ഞ വർഷം മെയ്‌ 16 നു റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്ക് ഒന്നര ലക്ഷം മുതൽ ആറു ലക്ഷം വരെയാണ് റോബിൻ ഈടാക്കിയത്. കാശ് വാങ്ങിയ ശേഷം വിസ നൽകാതെ മുങ്ങുകയായിരുന്നു. ആയിരത്തോളം തൊഴിലന്വേഷകരാണ് റോബിൻ മാത്യുവിന്റെ ചതിയിൽ കുടുങ്ങി വഞ്ചിതരായത്. ഇതിൽ പകുതിയോളം പേർ മാത്രമാണ് കോട്ടയം ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയത്. ഈ പരാതികളിൽ ഇരുപതിൽ താഴെ മാത്രം എഫ്‌ഐആർ ആണ് കോട്ടയം ഗാന്ധി നഗർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിസയ്ക്ക് ആയി തനിക്ക് പണം നൽകിയവരെ വഞ്ചിച്ച് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കടൽ കടന്ന റോബിൻ ഇപ്പോൾ അമേരിക്കയിലാണ് എന്നാണ് അറിവ്. റോബിന്റെ കൂട്ടുപ്രതികൾ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം മെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിനെക്കുറിച്ച് പരാതി വന്നപ്പോൾ കേസിലെ രണ്ടും മൂന്നും പ്രതികളായ റോബിന്റെ അച്ഛൻ ഇ.പി. മാത്യുവിനെയും, സഹോദരൻ ഡോക്ടർ തോമസ് മാത്യുവിനെയും ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവരും ജാമ്യത്തിൽ ഇറങ്ങി സുരക്ഷിതരായി നടക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയവയും നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും ഫലത്തിൽ അന്വേഷണം ഇഴയുകയാണ്. ഒന്നാം പ്രതി റോബിനെ അമേരിക്കയിൽ നിന്നും തിരികെ എത്തിക്കാൻ കഴിയാത്തതിനാലാണ് അന്വേഷണം വഴിമുട്ടുന്നത്. മറ്റു രണ്ടു പ്രതികൾ കടൽ കടന്നെങ്കിലും ഇന്റർപോൾ സഹായത്തോടെ രണ്ടു പ്രതികളെ തായ്‌ലൻഡിൽ നിന്നും തിരികെ എത്തിച്ച് പൊലീസ് പിന്നീട് പിടികൂടിയിരുന്നു.

ത്വരിത ഗതിയിലുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വരാത്തതിനെ തുടർന്നാണ് റോബിനും കൂട്ട് പ്രതികൾക്കും അന്ന് ഇന്ത്യ വിടാൻ കഴിഞ്ഞത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം നടത്തുകയാണ്. പക്ഷെ റോബിനെയോ ഈ പ്രതിക്ക് ഒപ്പം കടൽ കടന്ന കൂട്ടുപ്രതികളെയോ പിടികൂടാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനു കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ കോവിഡ് കാരണം തടസപ്പെട്ടിരിക്കുകയാണ്. കടം വാങ്ങിയും ലോൺ എടുത്തും വിസയ്ക്ക് ആയി പണം നൽകിയവർക്ക് ഈ പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷ പോലും മങ്ങിയിരിക്കുകയാണ്. നിയമനടപടികൾക്ക് റോബിനെ വിധേയനാക്കി റോബിന്റെ സ്വത്ത് വകകൾ ഏറ്റെടുത്ത് പണം തിരികെ ലഭിക്കണം എന്നാണ് വഞ്ചിതരായവരുടെ ആവശ്യം. കഴിഞ്ഞ വർഷം വിസാ തട്ടിപ്പിന്റെ പരാതി വന്നപ്പോൾ ഫോണിക് കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പിനിരയായവരുടെ 400 ഓളം പാസ്‌പോർട്ടുകളിൽ തൊണ്ണൂറോളം പാസ്‌പോർട്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. കുറച്ച് സർട്ടിഫിക്കറ്റുകളും ലഭിച്ചു. ബാക്കി പാസ്‌പോർട്ടുകൾ കണ്ടെത്തുന്നതിനു വേണ്ടി പ്രതികളുടെ കൈപ്പുഴയിലെ വീടുകളിൽ റെയ്ഡ്‌നടത്തണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗാന്ധി നഗർ പൊലീസ് അതിനു തയ്യാറായില്ല. നടപടികൾക്ക് കാല താമസം വന്നപ്പോൾ റോബിനും കൂട്ടാളികളും വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.

ഫോണിക്‌സ് എന്ന പേരിലുള്ള ജോബ് കൺസൾട്ടൻസി തുടങ്ങിയാണ് റോബിൻ തട്ടിപ്പിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പ് പരസ്യം റോബിൻ നൽകിയത്. റോബിൻ മാത്യു, പിതാവ് ഇ.പി. മാത്യു, റോബിന്റെ അമ്മയും വിരമിച്ച അദ്ധ്യാപികയുമായ ചേച്ചമ്മ മാത്യു, സഹോദരൻ ഡോക്ടർ തോമസ് മാത്യു, എന്നിവർ ചേർന്നാണ് തട്ടിപ്പ് ഏജൻസി തുടങ്ങിയത്. ജയിംസ്, നവീൻ, എന്നി സുഹൃത്തുക്കളെയും റോബിൻ തന്റെ പങ്കാളിയാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ വിസകളാണ് ഇവർ ഓഫർ ചെയ്തത്. വിശ്വാസ്യത വരുത്താൻ കൈപ്പുഴയിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇവർ കൂടിക്കാഴ്ചകൾ നടത്തിയത്. വിസ പ്രൊസസിങ് ചാർജ് പ്രാരംഭ ഘട്ടം എന്ന നിലയിൽ ഇവർ പലരിൽ നിന്നും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ കൈപ്പറ്റുകയും ചെയ്തിരുന്നു.

തട്ടിപ്പിന്നിരയായവർ ബഹളം വയ്ക്കാതിരിക്കാൻ ചിലരുടെ പാസ്‌പോർട്ടിൽ വ്യാജ വിസ വരെ പതിപ്പിച്ചും നൽകിയിരുന്നു. കാനഡ മാൾട്ട ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുടെ വ്യാജ വിസയാണ് റോബിനും ടീമും കൃത്രിമമായി നിർമ്മിച്ച് നൽകിയത്. ഇവരുടെ തട്ടിപ്പുകൾ മനസിലാക്കിയ ചിലർ കഴിഞ്ഞ മാർച്ച് മാസത്തിൽ കോട്ടയം ഡിവൈഎസ്‌പിക്ക് പരാതി നൽകിരുന്നെങ്കിലും അതിൽ നടപടികൾ വന്നില്ല. ഇത് റോബിന് അനുഗ്രഹമാവുകയും ചെയ്തു. മാർച്ച് അവസാനത്തോടെ ഇസ്രയേൽ വിസ വാഗ്ദാനം നൽകി നൂറോളം പേരിൽ നിന്ന് വേറെയും ലക്ഷങ്ങൾ പിരിച്ചെടുത്ത ശേഷമാണ് റോബിൻ മാത്യു അമേരിക്കയിലേക്കും നാലും അഞ്ചും പ്രതികളായ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലേക്കും രക്ഷപ്പെട്ടത്.

വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ പരാതി കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ അഞ്ഞൂറോളം പേർ സമാനപരാതിയുമായി വന്നു. പത്തൊമ്പത് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതികൾ കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പ് ആയാതിനാൽ കേസ് ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിക്കണമെന്നു അവശ്യപ്പെട്ടു വഞ്ചിതരായവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മേൽ നടപടി വരാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്താണ് ഇവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിയത്.

ചതിയിൽ കുടുങ്ങിയവർ ഒരു വാട്‌സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. നൂറ്റമ്പതോളം പേരുള്ള ഗ്രൂപ്പിന്റെ അഡ്‌മിനുകളിൽ ഒരാൾ ജിമ്മി തോമസാണ്. വാഗ്ദത്ത നാടായ ഇസ്രയേൽ വിസയ്ക്ക് രണ്ടു ലക്ഷത്തോളം രൂപയാണ് ജിമ്മി നൽകിയത്. തട്ടിപ്പ് ആണെന്ന് മനസിലാക്കിയത് പണം നൽകിയ ശേഷമാണ്. പക്ഷെ അപ്പോഴേക്കും അവൻ മുങ്ങിയിരുന്നു. ജിമ്മി മറുനാടനോട് പറഞ്ഞു. ജിമ്മിയാണ് ആദ്യം കേസ് നൽകിയതും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ മുന്നിൽ നിന്നതും. ജോലി ലഭിക്കാനുള്ള വിസയ്ക്കായി നൽകിയ കോടികൾ തട്ടിയെടുത്ത് റോബിൻ അമേരിക്കയിൽ സുഖിക്കുകയാണ്. എങ്ങനെയും ഈ തട്ടിപ്പ് വീരനെ തിരികെ എത്തിച്ച് ഇവനെ നിയമനടപടികൾക്ക് വിധേയമാക്കണം- ജിമ്മി പറയുന്നു. ഫെയ്‌സ് ബുക്ക് പേജിലെ പരസ്യം കണ്ടു തട്ടിപ്പിൽ കുടുങ്ങി എന്നാണ് റോബിന്റെ തട്ടിപ്പിന് ഇരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.:

രണ്ടു ലക്ഷം ആദ്യം വേണം; വിസ വന്നു കഴിഞ്ഞു ബാക്കി നല്കണം എന്നും പറഞ്ഞു: ജിത്തു രാജൻ

ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്‌ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.

പിഡിഎഫിൽ ഒരു സോഫ്റ്റ്‌കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. തുക നൽകിയ ശേഷം ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP