Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാങ്കിൽ നിന്നും പണമെടുത്ത് ഇറങ്ങുന്നവരെ നോക്കിവെക്കും; നോട്ടുകൾ വിതറിയും ചെളിവെള്ളം തെറിപ്പിച്ചും ശ്രദ്ധ തിരിച്ച് പണബാഗ് അടിച്ചുമാറ്റി മുങ്ങും; ലക്ഷ്യമിടുന്നത് ഷോപ്പിംങ് മാളുകളിലേക്കും എത്തുന്നവരെ; നോട്ടുകെട്ടുകൾ വിതറുന്ന മോഷണ സംഘങ്ങൾ പെരുകുന്നു

ബാങ്കിൽ നിന്നും പണമെടുത്ത് ഇറങ്ങുന്നവരെ നോക്കിവെക്കും; നോട്ടുകൾ വിതറിയും ചെളിവെള്ളം തെറിപ്പിച്ചും ശ്രദ്ധ തിരിച്ച് പണബാഗ് അടിച്ചുമാറ്റി മുങ്ങും; ലക്ഷ്യമിടുന്നത് ഷോപ്പിംങ് മാളുകളിലേക്കും എത്തുന്നവരെ; നോട്ടുകെട്ടുകൾ വിതറുന്ന മോഷണ സംഘങ്ങൾ പെരുകുന്നു

എം പി റാഫി

കോഴിക്കോട്: ബാങ്കുകളിലേക്കും ഷോപ്പിംങ് മാളുകളിലേക്കും പണവുമായെത്തുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ മോഷ്ടാക്കളുടെ നിരീക്ഷണത്തിലാണ്. നിർത്തിയിട്ട വാഹനങ്ങൾ മുതൽ കാൽനട യാത്രക്കാരിൽ നിന്നു വരെ പിടിച്ചു പറിക്കുന്ന സംഘങ്ങൾ സജീവമായിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലാണ് മോഷണ പരമ്പര പതിവായിരിക്കുന്നത്. പണമടങ്ങിയ ബാഗുമായെത്തുന്നവർ സുരക്ഷിതരല്ലെന്നാണ് സമീപകാലത്തായി നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. വ്യത്യസ്ത തന്ത്രങ്ങളിലൂടെയാണ് നഗരമധ്യത്തിൽ പട്ടാപകൽ മോഷണവും പിടിച്ചു പറിയും നടക്കുന്നത്. നോട്ടുകൾ വിതറിയും ചെളിവെള്ളം തെറിപ്പിച്ചും ശ്രദ്ധതിരിച്ചാണ് സംഘങ്ങളുടെ മോഷണം. ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയും ടയർ പഞ്ചൻ നോക്കാനാണെന്ന വ്യാജേനയെത്തിയും ഇവിടെ മോഷണം പതിവായിരിക്കുകയാണ്. കേസില്ലാതിരിക്കാൻ കുഴൽപ്പണ സംഘങ്ങളെ ലക്ഷ്യമിട്ടും വന്മോഷണ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ 2 വർഷം മുമ്പായിരുന്നു നോട്ടു വിതറിയുള്ള മോഷണം തലപൊക്കിതുടങ്ങിയത്. എന്നാൽ ഇന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ സജീവമായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയിൽ മാവൂർ റോഡിലെ ആർ.പി മാളിനു സമീപത്തു വച്ചുണ്ടായ മോഷണമാണ് ഒടുവിലത്തേത്. പത്തു രൂപയുടെ നോട്ടുകെട്ടുകൾ വിതറി ശ്രദ്ധ തിരിച്ചായിരുന്നു നിർത്തിയിട്ട കാറിനകത്ത് നിന്നും നാലുലക്ഷം രൂപയും ലാപ്‌ടോപ്പും മോഷണ സംഘം തട്ടിയെടുത്തത്. പറമ്പത്ത് പാലായിങ്കൽ റിയാസിന്റെ പണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് പ്രതികൾക്കായി അന്വേഷം തുടരുകയാണ്.

റിയാസിന്റെ സഹോദരൻ ഫഹദായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റിനരികിൽ ലാപ്‌ടോപ് ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതു നേരത്തെ തിരിച്ചറിഞ്ഞ മോഷണ സംഘം കാറിനെ പിന്തുടരുകയായിരുന്നുവത്രെ. കാറിൽ ഡ്രൈവർ ഇരിക്കുന്ന വശത്ത് ഏഴു പത്തിന്റെ നോട്ടും രണ്ട് അഞ്ചിന്റെ നോട്ടും മോഷ്ടാക്കൾ വിതറുകയായിരുന്നു. തുടർന്ന് ഫഹദിനോട് റോഡിൽ പൈസ വീണു കിടക്കുന്നതായി ചൂണ്ടിക്കാണിച്ചു. ഫഹദ് കുനിഞ്ഞ് പണം എടുക്കുന്നതിനിടെ പണമടങ്ങിയ ബാഗ് മോഷണ സംഘത്തിലെ മറ്റൊരാൾ കൈകലാക്കി സ്ഥലം വിടുകയായിരുന്നു.

വീണുകിട്ടിയ പണം ആർ.പി മാൾ സെക്യൂരിറ്റിയെ ഏൽപിച്ച് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ഫഹദ് അറിയുന്നത്. ചേവായൂരിൽ സെപ്റ്റംബർ 26ന് പുതിയ കട തുറക്കുന്നതിനു വേണ്ടി കോർപ്പറേഷൻ ബാങ്കിൽ നിന്നും പിൻവലിച്ച പണമാണ് മോഷണം പോയത്. റിയാസ്, ഫഹദ് സഹോദരങ്ങളുടെ നാലു ലക്ഷം രൂപ നഷ്ടമായത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. വ്യത്യസ്ത തന്ത്രങ്ങൾ പയറ്റി ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ എണ്ണം കൂടിയാതായാണ് കണക്ക്.

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് മോഷണ സംഭവങ്ങൾ സമാന രീതികളിൽ നടന്നിട്ടുണ്ട്. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വച്ച് സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. അഞ്ച് മാസം മുമ്പ് നടന്ന ഈ മോഷണത്തിൽ അഞ്ച് ലക്ഷം രൂപയാണ് സംഘം തട്ടിയത്. നടക്കാവ് സ്റ്റേഷനിലും മുമ്പ് ഇതിനു സമാനമായ കേസ് ഉണ്ടായിരുന്നു. പഞ്ചറായ കാറിന്റെ ടയർ പരിശോധിക്കാനെന്ന വ്യാജേന എത്തിയ ആളായിരുന്നു അന്ന് മോഷണം നടത്തിയത്. ഈ കേസിലെ പ്രതിയെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.

ബാങ്കിൽ നിന്നും പണവുമായി ഇറങ്ങുന്നവരുടെ ബാഗുകളും സഞ്ചികളും കയ്യോടെ തട്ടിപ്പറിച്ച സംഭവങ്ങളും ഈയിടെയുണ്ടായി. പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ആറരലക്ഷം രൂപ ബൈക്കിലെത്തിയ രണ്ട് പേർ കവർന്നതും എൻഫോഴ്‌സ്‌മെന്റ് ചമഞ്ഞ് ജൂവലറി ജീവനക്കാരനിൽ നിന്നും പണികഴിപ്പിച്ച സ്വർണം കവർന്നതും കോഴിക്കോട് നഗരത്തിൽ എതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്. ബാങ്കുകളിലും ഷോപ്പിംങ്മാളുകളിലും എത്തുന്നവരെ നിരീക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ ക്രിത്യം നടത്തുന്നത്. പണവുമായി ബാങ്കുകളിൽ നിന്ന് ഇറങ്ങുന്നത് മുതൽ വാഹനത്തിൽ സൂക്ഷിക്കുന്ന അറകൾ വരെ ഇവർ ഈ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞിരിക്കും. പിന്നീട് എന്തെങ്കിലും നമ്പരുകൾ ഇറക്കി ശ്രദ്ധ വഴിതിരിച്ച ശേഷമാണ് മോഷണം നടത്തുക.

പെട്ടെന്ന് ആകർഷിപ്പിക്കുന്നതിനും വിശ്വാസ്യത തോന്നിപ്പിക്കുന്നതിനും നോട്ടുകൾ വിതറിയാണ് മോഷണം ഏറെയും. ആർ.പി മാളിനു സമീപത്തു വച്ചുണ്ടായ മോഷണത്തിന്റെ തൊട്ടുമുമ്പും സമാനമായ രീതിയിൽ മിഠായിത്തെരുവ് ഭാഗത്ത് മോഷണം നടന്നിരുന്നു. ഇതേ സംഘമെന്ന് സംശയിക്കുന്നവർ വൈകിട്ട് മിഠായിത്തെരുവ് ടോപ്‌ഫോം ഹോട്ടലിനു സമീപം നോട്ടുകൾ വിതറി ഒരു ബാഗ് കവർന്നിരുന്നു. എന്നാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടമാകാത്തതിനാൽ പാരാതിയുണ്ടായില്ല. കുഴൽപണ സംഘങ്ങളെ ലക്ഷ്യമിട്ടും മോഷണ സംഘങ്ങൾ സജീവമാണ്. രേഖയില്ലാത്ത ഈ പണം മോഷ്ടിക്കപ്പെട്ടാൽ പരാതിപ്പെടില്ലെന്നതാണ് ഹവാല പണത്തിനു പിന്നാലെ മോഷ്ടാക്കളെ സജീവമായിരിക്കുന്നത്. എന്നാൽ പരാതിപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ആർ.പി മാളിനു സമീപത്ത് നിന്നും നാലു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയാതായും സംഭവത്തിനു പിന്നിൽ മൂന്നംഗ സംഘമാണെന്നും നടക്കാവ് സിഐ അഷ്‌റഫ് മറുനാടൻ മലയാളിയോടു പറഞ്ഞു. മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മർക്കസ് കോപ്ലക്‌സിലെ ബേക്കറിയിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ദൃശ്യങ്ങളിൽ നിന്നും യുവാക്കൾ പണം വിതറുന്നതും ശ്രദ്ധ തിരിച്ച് ബാഗെടുക്കുന്നതും വ്യക്തമാണ്. മുമ്പ് സമാന രീതികളിൽ നടന്ന മോഷണങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ മോഷണം പെരുകുന്ന സാഹചര്യത്തിൽ പ്രത്യേക സ്‌ക്വാഡുകൾ തിരിച്ച് പട്രോളിംങ് ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. നഗരത്തിൽ നിരീക്ഷണ വലയങ്ങളായി മോഷണസംഘങ്ങൾ മാറിയതോടെ ജനം ഭീതിയിലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP