Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാൻ, സഹിച്ച് മതിയായി, എന്തൊരു പരീക്ഷണം ആണിത്'; നൊമ്പരമായി റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് ചാറ്റുകൾ; വിവാഹ ശേഷം പഠിപ്പിക്കാമെന്ന ഭർതൃവീട്ടുകാരുടെ ഉറപ്പും പാഴായി; വിസ്മയയെ പോലെ ദുഃഖപുത്രിയായി റിസ്വനായും

'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാൻ, സഹിച്ച് മതിയായി, എന്തൊരു പരീക്ഷണം ആണിത്'; നൊമ്പരമായി റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് ചാറ്റുകൾ; വിവാഹ ശേഷം പഠിപ്പിക്കാമെന്ന ഭർതൃവീട്ടുകാരുടെ ഉറപ്പും പാഴായി; വിസ്മയയെ പോലെ ദുഃഖപുത്രിയായി റിസ്വനായും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി റിസ്വാന ഭർതൃ വീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടിൽ യുവതിക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്ന് വ്യക്തമാക്കുന്നു വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. അടുത്തു സുഹൃത്തുമായി റിസ്വാന വീട്ടിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരുന്നു. കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശിനി റിസ്വാന(21) ഭർതൃവീട്ടിലെ പീഡനങ്ങൾ വിവരിച്ച് കൂട്ടുകാരികൾക്ക് അയച്ച വാട്സാപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും സഹിച്ച് മതിയായെന്നുമാണ് റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാൻ, സഹിച്ചു മതിയായി' എന്നായിരുന്നു റിസ്വാനയുടെ സന്ദേശം. എന്തൊരു പരീക്ഷണമാണെന്നും റിസ്വാന കൂട്ടുകാരിയോട് പറഞ്ഞിരുന്നു. എന്നാൽ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെയെന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ 'വിടണില്ല' എന്നായിരുന്നു റിസ്വാനയുടെ മറുപടി. ഭർത്താവായ ഷംനാസിനോട് കാര്യങ്ങൾ പറയൂവെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ, ' അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാൻ എത്രയായാലും പുറത്താ' എന്നും മറുപടി നൽകി.

ഭർതൃവീട്ടിൽ റിസ്വാന അനുഭവിച്ചിരുന്ന മാനസിക-ശാരീരിക പീഡനം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു കൈനാട്ടി സ്വദേശി ഷംനാസുമായുള്ള വിവാഹം. വിവാഹശേഷം പഠിപ്പിക്കാമെന്ന് ഭർതൃവീട്ടുകാർ ഉറപ്പുനൽകിയിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനിടെ കുഞ്ഞും ജനിച്ചു.

ഇതിനുശേഷവും റിസ്വാനയ്ക്ക് ഭർതൃവീട്ടിൽനിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നും കുടുംബം ആരോപിക്കുന്നു. റിസ്വാനയുടെ മരണശേഷം ഭർതൃവീട്ടുകാരിൽനിന്നുണ്ടായ പെരുമാറ്റവും സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി മരിച്ചതിന് ശേഷം കുഞ്ഞിനായി ഭർതൃവീട്ടിൽ പോയപ്പോൾ ഷംനാസിന്റെ പിതാവും മറ്റും മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.

മെയ്‌ ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭർതൃവീട്ടുകാർ അറിയിക്കാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

റിസ്വാന മരിച്ചവിവരം പൊലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP