Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സമ്മാനമായി സ്വർണ്ണനാണയങ്ങൾ ലഭിച്ചവർ അമേരിക്കയിൽ ആയതുകൊണ്ട് ജി എസ് ടി അടച്ചാൽ അത് കിട്ടുമെന്ന് വിശ്വസിപ്പിച്ചു; ബാങ്ക് മാനേജർ എന്ന് തെറ്റിദ്ധരിപ്പിച്ചും ഐ ആർ എസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥി എന്ന് നടിച്ചും വിശ്വാസം പിടിച്ചുപറ്റി; വാക്ക് ചാരുതയിൽ മയക്കി ഇരുപതോളം പേരിൽനിന്നായി പണവും സ്വർണ്ണവും അടക്കം തട്ടിയത് ലക്ഷങ്ങൾ; ഒറ്റപ്പാലം സ്വദേശിനി റിതിഷയുടെ തട്ടിപ്പിൽ ജീവിതം തകർന്നത് നിരവധി പേർക്ക്

സമ്മാനമായി സ്വർണ്ണനാണയങ്ങൾ ലഭിച്ചവർ അമേരിക്കയിൽ ആയതുകൊണ്ട് ജി എസ് ടി അടച്ചാൽ അത് കിട്ടുമെന്ന് വിശ്വസിപ്പിച്ചു; ബാങ്ക് മാനേജർ എന്ന് തെറ്റിദ്ധരിപ്പിച്ചും ഐ ആർ എസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥി എന്ന് നടിച്ചും വിശ്വാസം പിടിച്ചുപറ്റി; വാക്ക് ചാരുതയിൽ മയക്കി ഇരുപതോളം പേരിൽനിന്നായി പണവും സ്വർണ്ണവും അടക്കം തട്ടിയത് ലക്ഷങ്ങൾ; ഒറ്റപ്പാലം സ്വദേശിനി റിതിഷയുടെ തട്ടിപ്പിൽ ജീവിതം തകർന്നത് നിരവധി പേർക്ക്

നിധിൻ തൃത്താണി

തൃശൂർ: ബാങ്ക് മാനേജർ എന്ന് തെറ്റിദ്ധരിപ്പിച്ചും ഇന്ത്യൻ റവന്യൂ സർവ്വീസിന്റെ റാങ്ക് ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥി എന്ന് നടിച്ചും തൃശ്ശൂർ കൊക്കാലയിലെ സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ഏജന്റ് ഡെവലപ്മെന്റ് ഓഫീസറായി (എഡിഎം) ജോലി ചെയ്യുന്ന ഒറ്റപ്പാലം സ്വദേശിനിയായ യുവതി സ്വർണ്ണമായും പണമായും പലരിൽ നിന്നും കമ്പളിപ്പിച്ച് വാങ്ങിയത് ലക്ഷങ്ങൾ.  ആരും വിശ്വസിച്ചു പോകുന്ന യുവതിയുടെ വാക്ക് ചാരുതയിലും 'വ്യക്തിത്വത്തിലും' സ്വന്തം പണവും സ്വർണ്ണവും അവർക്ക് കൈമാറി കെണിയിലായവരിൽ ബിസിനസുകാരും സാധാരണക്കാരും ഉൾപ്പെടും. നിരവധിപേരാണ് ഇപ്പോൾ യുവതിക്കതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

തൃശ്ശൂരിൽ സ്ത്രീകൾക്കായുള്ള ബ്യൂട്ടി പാർലറുകൾ നടത്തുന്ന സാമൂഹിക പ്രവർത്തക കൂടിയായ ഡോ. കനക പ്രതാപ് കൊടുത്ത പരാതിയിൽ നെടുപുഴ പൊലീസ് പൊലീസ് കേസെടുക്കുകയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി -3 ഈ മാസം ആദ്യവാരം തള്ളുകയും ഉണ്ടായി.തുടർന്ന് മുൻകൂർ ജാമ്യാപേക്ഷക്കായി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിൽ പ്രതിയായ തൃശ്ശൂർ കൊക്കാലയിലെ എക്സൈഡ് ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒറ്റപ്പാലം തോട്ടക്കരയിൽ ശ്രീഹരി അപ്പാർട്ട്മെന്റിലെ താമസക്കാരിയായ കെ എൽ റിതിഷ.

കേസിൽ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോവിഡ് മൂലം പ്രതിയെ ഇതു വരെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.പരാതിക്കാരിയിൽ നിന്ന് പ്രതി കബളിപ്പിച്ചു കൊണ്ടുപോയ സ്വർണ്ണാഭരണങ്ങൾ ഇതുവരെ തിരിച്ചെടുത്തിട്ടില്ല എന്നും അതിനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ട് തൃശ്ശൂരിലെ അഡീഷണൽ സെഷൻസ് കോടതി ജൂലൈയ് രണ്ടിന് വിധി പ്രഖ്യാപിച്ചത്.തുടർന്ന് ജൂലൈ പത്തിന് റിതിഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.കോവിഡ് സുരക്ഷാ നിബന്ധനകൾ നിലനിൽക്കുന്നതിനാലും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന്നാലുമാണ് പ്രതിയുടെ ചോദ്യം ചെയ്യൽ ഇതുവരെ നടക്കാതിരുന്നത് എന്നാണ് പൊലീസ് പറയുന്നു.

ഇരുപതോളം ആളുകളിൽനിന്ന് യുവതി പണവും സ്വർണവും തട്ടിയെടുത്തിട്ടുണ്ട് എന്നാണ് റിതിഷ ക്കെതിരെ പരാതി കൊടുത്ത ഡോ. കനക പ്രതാപ് പറയുന്നത്. സിവിൽ സർവീസ് റാങ്ക് ലിസ്റ്റ് പൂർണ്ണമായും പരിശോധിച്ചപ്പോൾ ഐആർഎസ്സ് ലഭിക്കാൻ പോകുന്നു എന്ന് പറഞ്ഞു പ്രചരിപ്പിച്ചതും വ്യാജമാണെന്ന് പരാതിക്കാരിക്ക് ബോധ്യമായി.കോടികൾ വരുന്ന തട്ടിപ്പാണിതെന്നാണ് ഡോ. കനക പ്രതാപ് പറയുന്നത്. റിതിഷ അംഗമായ തൃശ്ശൂർ ലയൺസ് ക്ലബ് ഇന്റർനാഷ്ണലിന്റെ ചില അംഗങ്ങളും തട്ടിപ്പിനിരയായി.
ചാവക്കാട് സബ്-ജഡ്ജ് കോടതിയിലും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലും റതിഷക്കെതിരെ സമാനമായ തട്ടിപ്പുകേസുകൾ നിലനിൽക്കുന്നുണ്ട്.

15 വർഷത്തെ പരിചയം മുതലെടുത്താണ് റിതിഷ തന്നെ കബളിപ്പിച്ച് എന്നും അവരുടെ അകന്ന ബന്ധു കൂടിയായ പരാതിക്കാരി കനക പ്രതാപ് പറയുന്നു. റിതിഷ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സമ്മാനമായി ലഭിച്ച സ്വർണ്ണനാണയങ്ങൾ ലഭിച്ചവർ അമേരിക്കയിൽ ആയതുകൊണ്ട് എടുക്കാൻ സാധിക്കില്ല എന്നും ജിഎസ്ടി യായി 2.4 ലക്ഷം രൂപ അടച്ചാൽ നാണയങ്ങൾ മറ്റാർക്കെങ്കിലും എടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കനക പ്രതാപിൽ നിന്ന് 2018 ഡിസംബറിൽ പ്രതി ആദ്യം 40 പവൻ ആഭരണങ്ങൾ വാങ്ങുന്നത്.

പിന്നീട് 2019 ജനുവരിയിൽ പണത്തിന് ആവശ്യം വന്നപ്പോൾ റിതിഷയിൽ നിന്ന് കനക പ്രതാപ് തിരികെ ആഭരണങ്ങൾ ആവശ്യപ്പെട്ടു. സ്വർണനാണയങ്ങൾ എടുക്കാൻ റിസർവ് ബാങ്ക് അനുമതി ലഭ്യമായിട്ടില്ല എന്നും താൻ മാനേജർ ആയതിനാൽ അക്കൗണ്ട് ഉള്ളവർക്ക് സ്വർണം പണയം വച്ചാൽ 1.5 ശതമാനം പലിശയ്ക്ക് പണം നൽക്കാമെന്നും പറഞ്ഞു 85 പവനോളം വീണ്ടും കനക പ്രതാപിനെ വീട്ടിൽ നിന്ന് തന്ത്രപൂർവ്വം പ്രതി കൈക്കലാക്കി. പരാതിക്കാരിയായ കനക പ്രതാപ് റിതിഷക്കൊപ്പം ബാങ്കിലെത്തി സ്വർണം പണയം വയ്ക്കാം എന്നിരിക്കെ ബാങ്കിൽ ധാരാളം നടപടിക്രമങ്ങൾ ഉണ്ട് എന്നും പറഞ്ഞു പ്രതി സ്വർണവുമായി വേഗം കനക പ്രതാപിനെ വീട്ടിൽനിന്ന് കടന്നുകളയുകയായിരുന്നു.

തന്റെ പേരിൽ സ്വർണം പണയം വച്ചാൽ മാത്രമേ 1.5 ശതമാനത്തിന് ലോൺ ലഭ്യമാകൂ എന്നതിനാൽ കനക പ്രതാപിനെ നോമിനി ആക്കി സ്വർണം ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്ന് റിതിഷ പിന്നീട് അറിയിച്ചതായി പരാതിയിൽ കനക പ്രതാപ് പറയുന്നു.ഏകദേശം 125 പവൻ രണ്ടു ഘട്ടങ്ങളിലായി കൈക്കലാക്കി കനക പ്രതാപിന്റെ മകന്റെ അക്കൗണ്ടിലേക്ക് റിതിഷ ട്രാൻസ്ഫർ ചെയ്തു കൊടുത്തത് വെറും ആറു ലക്ഷം രൂപയായിരുന്നു.

35 ലക്ഷം മുതൽ 43 ലക്ഷം വരെ മൂല്യമുള്ള സ്വർണത്തിനാണ് റിതിഷ ആറ് ലക്ഷം രൂപ തിരിച്ചു കൊടുത്തത്. സ്വർണം പണയം വെച്ചതിന്റെ രേഖകൾ ഒന്നുംതന്നെ പല ഒഴിവുകഴിവുകൾ പറഞ്ഞു റിതിഷ കൈമാറിയില്ല എന്നും അവർ പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു.തന്റെ വീട്ടിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം മുഴുവനായി ബാങ്കുകളിൽ പണയം വെച്ചിട്ടില്ല എന്നും പണയം വെച്ച സ്വർണം റിജിഷയുടെ പേരിൽ ആയിരുന്നുവെന്നും തന്നെ അതിൽ നോമിനി ആകിയിട്ടില്ല എന്നും കനക പ്രതാപ് പിന്നീടാണ് അറിയുന്നത്.

കബളിപ്പിക്കപ്പെടുന്നതിന് മുന്നേ വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും പ്രതി പെരുമാറിയതിനാൽ പരാതിക്കാരിയായ കനക പ്രതാപ് റിതിഷയെ തനിക്ക് ഭാരവാഹിത്വമുള്ള ലയൺസ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബിന്റെ പ്രസിഡന്റ് ആക്കിയിരുന്നു.എന്നാൽ പല സ്‌കീമുകളിൽ പണം നിക്ഷേപിച്ച് ചുരുങ്ങിയ കാലയളവിൽ കൂടുതൽ പണം വാങ്ങി തരാം എന്ന് പറഞ്ഞു കൊണ്ട് മറ്റ് ലയൺസ് ക്ലബ് അംഗങ്ങളിൽ നിന്നും പണം വാങ്ങി പ്രതി തട്ടിപ്പ് നടത്തുന്നു എന്ന് അറിഞ്ഞ ശേഷം ലയൺസ് ക്ലബ് ജനറൽബോഡി ചേർന്ന് റിതിഷയെ ക്ലബിൽ നിന്ന് പുറത്താക്കുകയായിരുന്നു.

റിതിഷ തട്ടിപ്പുകാരി അല്ല എന്നും ആധാർ കാർഡ് ബ്ലോക്ക് ആയതുകൊണ്ട് ഉണ്ടായ പ്രതിസന്ധിയാണ് ഇതെന്നും ഒരു പരാതിക്കാരിയെ തൃശ്ശൂരിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു പറയുകയുണ്ടായി എന്ന വിവരവും ഉദ്യോഗസ്ഥന്റെ പേര് സഹിതം ഈ തട്ടിപ്പുമായി പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നുണ്ട്. ഈ ഉദ്യോഗസ്ഥൻ റിതിഷ ലയൺസ് ക്ലബ് മെമ്പർഷിപ്പ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ റിതിഷയുടെ ക്ഷണിതാവായി കുടുംബസമേതം പങ്കെടുത്തിരുന്നു എന്നും പരാതിക്കാർ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ പരാതി കൃത്യമായി അന്വേഷിക്കുകയും വിശദമായ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തുവെന്നും പരാതിക്കാരിയായ കനക പ്രതാപ് പറയുന്നു.റിതിഷയുമായുള്ള ഫോൺ സംഭാഷണങ്ങളും തന്റെ വീട്ടിൽ വന്ന് സ്വർണം പണയം വയ്ക്കുന്നതിനായി കണക്കെടുക്കുന്ന മൊബൈൽ ഫോണിൽ എടുത്ത ദൃശ്യങ്ങളും പ്രതിയുടെ ശബ്ദരേഖ സഹിതം അന്വേഷണ ഉദ്യോഗസ്ഥന് പെൻ ഡ്രൈവിൽ കൈമാറിയിട്ടുണ്ട്്.പക്ഷേ റിതിഷ തട്ടിപ്പുകാരിയല്ലെന്ന് പറഞ്ഞ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചത് ആശങ്കയുളവാക്കുന്നു എന്നും പരാതിക്കാർ പറയുന്നു.തൃശൂർ നഗരത്തിൽ സ്ത്രീകൾക്കായുള്ള ബ്യൂട്ടിപാർലറുകൾ നടത്തുന്ന മറ്റൊരു സ്ത്രീയും, ഒരു ബ്യൂട്ടീക്കിന്റെ ഉടമസ്ഥയും, തൃശ്ശൂർ മാപ്രാണത്തെ ഒരു ബാക്കറി ഉടമ ഉൾപ്പെടെ തട്ടിപ്പിനിരയായിട്ടുണ്ട്.

തട്ടിപ്പിനിരയായ ഇരുപതോളം പേരുടെ ഒരു വാട്സാപ്പ് കൂട്ടായ്മ / ഗ്രൂപ്പ് നിലവിൽ വന്നിട്ടുണ്ട്. പ്രതി ജോലി ചെയ്യുന്ന എക്സൈഡ് ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിലെ ഒരു ജീവനക്കാരെയും പറഞ്ഞ് വിശ്വസിപ്പിച്ച് രേഖകളില്ലാതെ പണം വാങ്ങി വഞ്ചിച്ചുവെന്ന് പരാതി നിലനിൽക്കുന്നുണ്ട്.

തട്ടിപ്പു വിവരങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കനക പ്രതാപ് ഈയിടെ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിന് ശേഷം വാർത്ത മാധ്യമങ്ങളിലൂട തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ ഇൻഷുറൻസ് സ്ഥാപനത്തിലെ ലീഗൽ വിഭാഗം തങ്ങളുടെ ഉദ്യോഗസ്ഥക്കെതിരെ ഉയർന്നു വന്ന പരാതികളേയും കേസുകളേയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു എന്നാണ് സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരം.ലീഗൽ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പരാതിക്കാരിയായ കനക പ്രതാപിനെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ തിരക്കുകയുണ്ടായി.മുൻകൂർ ജാമ്യാപേക്ഷയുടെ രണ്ടു വാദങ്ങൾ ഹൈക്കോടതിയിൽ കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വാദത്തിന് ശേഷം റിതിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP