Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രില്ലർ സിനിമ കഴിഞ്ഞാൽ ഇഷ്ടം ലഹരി; മോഷണം കഴിഞ്ഞാൽ കൊല നിർബന്ധവും; സുഹൃത്തിന്റെ മരണമൊഴിയിൽ കുഞ്ഞുമോൻ കുടുങ്ങി; റിപ്പർ സേവ്യറുടെ കൊലപാതക പരമ്പര പുറത്തുവന്നത് ഹിപ്‌നോട്ടിസത്തിലൂടെ

ത്രില്ലർ സിനിമ കഴിഞ്ഞാൽ ഇഷ്ടം ലഹരി; മോഷണം കഴിഞ്ഞാൽ കൊല നിർബന്ധവും; സുഹൃത്തിന്റെ മരണമൊഴിയിൽ കുഞ്ഞുമോൻ കുടുങ്ങി; റിപ്പർ സേവ്യറുടെ കൊലപാതക പരമ്പര പുറത്തുവന്നത് ഹിപ്‌നോട്ടിസത്തിലൂടെ

കൊച്ചി: കൊച്ചിയെ ഭീതിയിലാഴ്്ത്തിയ റിപ്പർ സേവിയറിന്റെ കഥകൾ കേട്ട് പൊലീസ് ഞെട്ടുന്നു. സിനിമയും മദ്യവുമാണ് കുഞ്ഞുമോനെന്ന സേവ്യറിന്റെ പ്രധാന ഇഷ്ടങ്ങൾ. തെളിവില്ലാതെ കൊല നടത്തുമെന്നതിനാൽ ആർക്കും പിടികൂടാനും കഴിഞ്ഞില്ല. എന്നാൽ സുഹൃത്തിനെ വകവരുത്താനുള്ള തീരുമാനം പാളി. മരണമൊഴിയായി സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ പൊലീസിന് തുണയായി. അങ്ങനെ തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ പണിക്കർ കുഞ്ഞുമോൻ എന്ന സേവ്യർ (42) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായി.

സിനിമയോടുള്ള ഇഷ്ടം കഴിഞ്ഞാൽ കുഞ്ഞുമോന് ഏറ്റവും താൽപര്യം മദ്യപിക്കാനാണ്. ഒറ്റ ഇരിപ്പിന് മൂക്കറ്റം കുടിക്കും. പക്ഷേ, കൂട്ടിന് ആരെങ്കിലും വേണം. കഴിഞ്ഞ ഒമ്പതാം തീയതി കലൂർ സ്വദേശി ഉണ്ണിയുമൊന്നിച്ച് നോർത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ ഓല ഷെഡിൽ വച്ച് മദ്യപാനം തുടങ്ങി. ഇതിനിടെ വാക്കുതർക്കമായി. കുഞ്ഞുമോൻ പിണങ്ങി പോയെങ്കിലും തിരിച്ചുവന്നു. മോഷണ ശ്രമത്തിന് ശേഷം ചെയ്യുന്നത് ഇവിടേയും ആവർത്തിച്ചു. സുഹൃത്ത് ഉറങ്ങിക്കാണുമെന്ന് കരുതി രാത്രി വളരെ വൈകി മടങ്ങിയെത്തിയ കുഞ്ഞുമോൻ ഒരു കല്ലും കരുതിയിരുന്നു. മയങ്ങികിടന്ന ഉണ്ണിയുടെ തലയിൽ കല്ല് ശക്തമായി എറിഞ്ഞു. പക്ഷേ, അല്പം ഉന്നം തെറ്റി. കല്ല് നെഞ്ചിലാണ് ചെന്നു കൊണ്ടത്.

തലപിളർന്ന് മരിക്കുമെന്ന് കരുതിയ ഉണ്ണി നിലവിളിച്ചതോടെ കുഞ്ഞുമോൻ വീണ്ടും ആക്രമിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പക്ഷേ, തന്നോടൊപ്പം മദ്യപിക്കാറുള്ള കുഞ്ഞുമോനാണ് കൊലയ്ക്ക് പിന്നിലെന്ന് മൊഴി നൽകി. ഇതോടെ കുഞ്ഞുമോൻ പൊലീസ് വലയിലായി. ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയും ചെയ്തു. ഇല്ലായിരുന്നുവെങ്കിൽ കൊച്ചിയിലെ ദുരൂഹമരണങ്ങളുടെ ചുരൾ അഴിയാതെ തുടരുമായിരുന്നു. വിചിത്രമായ സ്വഭാവക്കാരനാണ് കുഞ്ഞുമോൻ എന്ന് പൊലീസ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

രാത്രിയിൽ സിനിമകൾ കാണാൻ മണിക്കൂറോളം ക്യൂവിൽ നിൽക്കും. ചില ദിവസങ്ങളിൽ ആദ്യമേ ക്യൂവിൽ സ്ഥാനം പിടിക്കും. കണ്ട സിനിമ ആയാലും കുഞ്ഞുമോൻ മുടങ്ങാതെ തിയേറ്ററിലെത്തും. ത്രില്ലർ സിനിമകളോടാണ് താത്പര്യം. എന്നാൽ, സിനിമ തീരുംവരെ തിയേറ്ററിൽ കുത്തിയിരിക്കാൻ കുഞ്ഞുമോൻ തയ്യാറല്ല. ഇടവേളയാകുമ്പോൾ പുറത്തിറങ്ങും. പിന്നെ നഗരത്തിൽ ചുറ്റിയടിക്കും. ഈ നഗരപ്രദക്ഷിണത്തിനിടയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവർ കണ്ണിൽപ്പെട്ടാൽ കുഞ്ഞുമോന്റെ ഉള്ളിലെ ക്രിമിനൽ ഉണരും. ആരുംകാണാതെ പതുങ്ങിപതുങ്ങി അവരുടെ അരികെ എത്തും. പോക്കറ്റിൽ നിന്ന് ബീഡിയും പണവും അടിച്ചുമാറ്റും. ഇതിനിടയിൽ അവർ ഉണർന്നാൽ ഭയന്ന് ഓടി ഇരുളിൽ മറയും. പക്ഷേ, പിന്മാറില്ല. ഇരകൾ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കൂറ്റൻ കല്ലുമായെത്തി തലയിലെറിഞ്ഞു വകവരുത്തും. ഒമ്പത് പേരെയാണ് ഇത്തരത്തിൽ കൊന്നത്.

മദ്യപാന ശീലം കൂടിയതോടെ അക്രമ സ്വഭാവം കാട്ടിത്തുടങ്ങിയ കുഞ്ഞുമോനെ വീട്ടുകാർ പലയിടങ്ങളിലും ചികിത്സക്കായി കൊണ്ടു പോയിട്ടണ്ട്. എന്നാൽ, മരുന്നിനൊപ്പം കഞ്ചാവും മറ്റ് മയക്കുമരുന്നു ഉപയോഗിക്കാൻ തുടങ്ങിയതോടെ ഉറക്കം തീരെ ഇല്ലാതെയായി. കഞ്ചാവ് വാങ്ങുന്നതിനും വട്ടചെലവിനും വേണ്ടിയാണ് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവരുടെ പോക്കറ്റടിക്കാൻ ആരംഭിച്ചത്. ചോദ്യങ്ങളോട് സഹകരിക്കാതെ മൗനം പാലിച്ച കുഞ്ഞുമോനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പൊലീസ് മന:ശാസ്ത്ര വിദ്ഗദരുടെ സഹായം തേടുകയായിരുന്നു. ഹിപ്‌നോട്ടിസം ചെയ്താണ് കുഞ്ഞുമോനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ചോർത്തിയെടുത്തത്. കൊലപാതകം നടത്തിക്കഴിഞ്ഞാലും തന്റെ ചര്യകൾക്കൊന്നും മാറ്റം വരുത്താതെയായിരുന്നു കുഞ്ഞുമോന്റെ ജീവിതം. അങ്ങനെയൊരു സംഭവം താനറിഞ്ഞിട്ടില്ല എന്ന മട്ടിൽ പതിവ് ചായക്കടകളിൽ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും പോകും. ഇട ദിവസങ്ങളിൽ ജോലിക്കും പോകും. ജോലി തേടി അന്യജില്ലകളിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്യജില്ലകളിൽ ഇത്തരം കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

2007ൽ തൃക്കാക്കര മുനിസിപ്പൽ കോംപ്‌ളക്‌സിന് മുന്നിൽ ഉറങ്ങിയ ആളെ കൊന്നാണ് കൊലപാതക പരമ്പരയ്ക്ക് കുഞ്ഞുമോൻ തുടക്കമിടുന്നത്. ഇടപ്പള്ളി പഴയ റെയിൽവേ ഗേറ്റിന് അടുത്ത കെട്ടിടത്തിൽ ഉറങ്ങിയ ആളായിരുന്നു അടുത്ത ഇര. 2008ൽ കളക്റ്റ്രേറ്റിന് സമീപത്ത് ഒരാളെയും വരാപ്പുഴയിലെ കടവരാന്തയിൽ ഉറങ്ങിയ ആളെയും തലയ്ക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതും കുഞ്ഞുമോൻ തന്നെ. തല തകർന്നുപോയതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. 2009ൽ എറണാകുളം ബ്രോഡ്‌വേയ്ക്ക് സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ചെകിടൻ എന്ന് വിളിക്കുന്ന സദാനന്ദൻ, മാർക്കറ്റിനടുത്ത് താമസിക്കുന്ന തകര എന്നയാളെയും കുഞ്ഞുമോൻ സമാനരീതിയിൽ വധിച്ചു. 2014ൽ തമിഴ്‌നാട് സ്വദേശി സെൽവം, കലൂർ ആസാദ് റോഡിൽ പരമേശ്വരൻ എന്നിവരെയും കൊലപ്പെടുത്തിയത് കുഞ്ഞുമോനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP