Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് തവണ വിജയകമായി പരീക്ഷണം; തൂക്കം കൂടിയപ്പോൾ രണ്ട് തവണ ദുബായിൽ കടത്ത് പിടികൂടി; സ്വർണം പാഴ്സലിൽ ഉണ്ടെന്ന് കോൺസുലേറ്റിനെ ആദ്യം അറിയിച്ചത് ദുബായ് കസ്റ്റംസ്; ദാവൂദ് അൽ അറബി എത്തിയതോടെ എല്ലാം സുഗമം; എൻഐഎയോട് സഹകരിക്കാതെ റിബിൻസ്

അഞ്ച് തവണ വിജയകമായി പരീക്ഷണം; തൂക്കം കൂടിയപ്പോൾ രണ്ട് തവണ ദുബായിൽ കടത്ത് പിടികൂടി; സ്വർണം പാഴ്സലിൽ ഉണ്ടെന്ന് കോൺസുലേറ്റിനെ ആദ്യം അറിയിച്ചത് ദുബായ് കസ്റ്റംസ്; ദാവൂദ് അൽ അറബി എത്തിയതോടെ എല്ലാം സുഗമം; എൻഐഎയോട് സഹകരിക്കാതെ റിബിൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്താനുള്ള ശ്രമം രണ്ടു തവണ ദുബായ് കസ്റ്റംസ് തടഞ്ഞു. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലാണു സ്വർണം കണ്ടെത്തിയ പാഴ്‌സൽ കടത്തിവിടാതെ തിരിച്ചയച്ചത്. അതിന് ശേഷം ഒരു തടസ്സവും കൂടാതെ സ്വർണം കടത്തി. ഇതിന് കാരണം 'ദാവൂദ് അൽ അറബി'യുടെ സ്വാധീനമാണെന്നാണ് വിലയിരുത്തൽ. ദുബായിൽ പിടി വീണതോടെയാണ് സ്വർണ്ണ കടത്ത് സംഘം ഉന്നതനെ കൂട്ടു പിടിച്ചതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് സ്വർണം എത്തുമ്പോൾ നയതന്ത്ര ബാഗ് സേഫാണെന്ന തിരിച്ചറിവിലാണ് 'ദാവൂദ്' ഇടപാടുകളിൽ സജീവമായത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ റബിൻസിനെ എൻഐഎ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ. നയതന്ത്ര പാഴ്‌സലിലൂടെ സ്വർണം കടത്തുന്ന പരീക്ഷണം 2019 ജൂലൈയിലാണു തുടങ്ങിയത്. 5 തവണ വിജയകരമായി കടത്തിയ ശേഷം, സ്വപ്നയുടെ നിർദ്ദേശ പ്രകാരം കടത്തുന്ന സ്വർണത്തിന്റെ തൂക്കം കൂട്ടിയപ്പോഴാണ് ദുബായ് കസ്റ്റംസിനു സംശയം തോന്നി പരിശോധിച്ചത്. ഇതോടെ സത്യം കണ്ടെത്തി. നയതന്ത്ര പാഴ്‌സലിൽ 10 കിലോഗ്രാമിലധികം സ്വർണം കടത്താൻ നടത്തിയ ശ്രമം അന്നു തന്നെ ദുബായ് കസ്റ്റംസ് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നിട്ടും നടപടിയൊന്നും എടുത്തില്ല.

ഈ പടി വീഴലോടെ സംഘം നിശബ്ദമായി. ദുബായിൽ അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഉന്നതൻ ഇതോടെ സംഘത്തിന്റെ പ്രധാനിയായി. പിന്നീടു ചെറിയ ഇടവേളയ്ക്കു ശേഷം കള്ളക്കടത്ത് തുടങ്ങി. നേതൃത്വം 'ദാവൂദ് അൽ അറബി' ഏറ്റെടുത്തതോടെ 15 തവണ കൂടി പിടിക്കപ്പെടാതെ കൊണ്ടുവന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ക്ലിയർ ചെയ്യുന്ന ഓരോ പാഴ്‌സലിലും 10 കിലോ സ്വർണം വീതം കൊണ്ടുവരാനാണ് സ്വപ്ന നിർബന്ധിച്ചിരുന്നത്. എന്നാൽ കെ.ടി. റമീസിന്റെ നിർദ്ദേശ പ്രകാരം ദാവൂദ് അൽ അറബി ഓരോ തവണയും കയറ്റിവിട്ടത് 20 കിലോയിലധികം സ്വർണമാണ്. കൂടുതൽ കമ്മിഷൻ നൽകാതിരിക്കാനായി സ്വപ്ന, സരിത് എന്നിവരിൽ നിന്ന് റമീസ് ഇക്കാര്യം മറച്ചുവച്ചതായി സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്.

2020 ജൂലൈ ഒന്നിനു ക്ലിയർ ചെയ്യേണ്ടിരുന്ന പാഴ്‌സലിൽ 18 കിലോ സ്വർണമുണ്ടെന്നാണു റമീസ് അറിയിച്ചിരുന്നത്. കസ്റ്റംസ് പരിശോധിച്ചപ്പോഴാണു 30 കിലോഗ്രാമുണ്ടായിരുന്ന കാര്യം സ്വപ്നയും സന്ദീപും അറിയുന്നത്. ഇതോടെയാണു കേസിൽ റമീസിന്റെ പങ്കാളിത്തം വെളിപ്പെടുത്താൻ ഇവർ തീരുമാനിച്ചത്. അതിനിടെ 'ദാവൂദ് അൽ അറബി' യഥാർഥ പേരല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മലയാളിയാകാനുള്ള സാധ്യതയും തള്ളുന്നില്ല. കൊല്ലത്തെ പ്രവാസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

സ്വർണം അടങ്ങിയ പാഴ്‌സൽ തിരുവനന്തപുരത്തു തടഞ്ഞുവച്ച ഘട്ടത്തിൽ അതു തുറന്നു പരിശോധിക്കാതെ ദുബായിലേക്കു തിരിച്ചയക്കാൻ 'ഉന്നത സ്വാധീനമുള്ള മലയാളി' ഇടപെട്ടിട്ടുണ്ടെന്ന് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് സ്വപ്നയെ അറിയിച്ചിരുന്നു. ഇത്തരം ഇടപാടുകളിൽ അദ്ദേഹം വിദഗ്ധനാണെന്നും ധൈര്യമായിരിക്കാനും അറ്റാഷെ സ്വപ്നയോടു പറഞ്ഞു. ദാവൂദ് അൽ അറബിയും അറ്റാഷെ പരാമർശിച്ച മലയാളിയും ഒരാളാണെന്ന സംശയം ശക്തമാണ്.

യുഎഇയിൽ നിന്നെത്തിച്ച പത്താം പ്രതി റബിൻസ് കെ. ഹമീദ് അന്വേഷണത്തോട് മുഖംതിരിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ റിപ്പോർട്ട് നൽകി. നയതന്ത്ര പാഴ്‌സലിൽ 21 തവണ കേരളത്തിലേക്കു കടത്തിയ സ്വർണം ദുബായിൽ ശേഖരിച്ചതു റബിൻസാണെന്നും ബോധിപ്പിച്ചു. എത്ര മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളുമുണ്ടെന്നു റബിൻസ് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ നിന്നു പണം ഹവാലയായി ദുബായിൽ എത്തിച്ചതും അതുപയോഗിച്ചു വാങ്ങിയ സ്വർണം രൂപമാറ്റം വരുത്തി നയതന്ത്ര പാഴ്‌സലിൽ ഒളിപ്പിച്ചതും റബിൻസിന്റെ നേതൃത്വത്തിലാണ്.

എൻഐഎയുടെ അഭ്യർത്ഥനയെ തുടർന്നു യുഎഇ പൊലീസ് ജൂലൈ അവസാനം തന്നെ റബിൻസിനെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു. കസ്റ്റംസും ഇഡിയും ഇയാളെ ചോദ്യം ചെയ്യും. അതിനിടെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പുറമേ പി.എസ്. സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താൻ കസ്റ്റംസ് നടപടി തുടങ്ങി. ഇതിന് കൊഫെപോസ ബോർഡിന്റെ അനുമതി തേടി. കെ.ടി. റമീസും റബിൻസ് കെ.ഹമീദും പട്ടികയിൽ ഉണ്ടെന്നാണു സൂചന.

പ്രധാന പ്രതികളെയെല്ലാം കൊഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കുന്നതിനാണു കസ്റ്റംസ് നീക്കം. കൊഫെപോസ പ്രതികളെ തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുന്നതിനാണ് അനുമതിയുള്ളത്. ഇവരെ മറ്റ് ഏജൻസികൾക്കും ചോദ്യം ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP