Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; ഹൈക്കോടതിയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തുക ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണർ; അന്വേഷിക്കുന്നത് തണ്ടപ്പേര് തിരുത്തിയോ എന്നത് അടക്കമുള്ള വിഷയങ്ങൾ

ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; ഹൈക്കോടതിയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തുക ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണർ; അന്വേഷിക്കുന്നത് തണ്ടപ്പേര് തിരുത്തിയോ എന്നത് അടക്കമുള്ള വിഷയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദമായ സീറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ എറണാകുളം -അങ്കമാലി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതിയുടെ നിർദേശ പ്രകാരം റവന്യൂ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണറാണ് അന്വേഷണം നടത്തുക.

സഭയുടെ ഭൂമി ഇടപാടിൽ സർക്കാർ ഭൂമിയുണ്ടോ തണ്ടപ്പേര് തിരുത്തിയോ എന്നിവ അന്വേഷണത്തിൽ ഉൾപ്പെടും. കൂടാതെ, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇടപാടിൽ പങ്കുണ്ടോ എന്നും ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണർ അന്വേഷിക്കും. എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപന നടത്തിയത് വഴി സഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പരാതി. വിവിധ സഭാ സമിതികളിൽ ആലോചിക്കാതെയാണ് വിൽപന നടത്തിയതെന്ന് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.

നേരത്തെ, ഭൂമിയിടപാട് പരാതിയിൽ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മാർ ആലഞ്ചേരി അടക്കം മൂന്നു പേർ സമർപ്പിച്ച ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു. ആലഞ്ചേരിയെ കൂടാതെ എറണാകുളം -അങ്കമാലി അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോ ഷി പുതുവ, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.

ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും മൊത്തത്തിലുള്ള തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ആണ് ആലഞ്ചേരി അടക്കമുള്ളവർ കോടതിയിൽ വാദിച്ചത്. സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഇൻകംടാക്സിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഇടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ മുൻ പ്രൊക്യുറേറ്റർ ജോഷി പുതുവ നിർണായക മൊഴിയും നൽകി. ഇടനിലക്കാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ ആലഞ്ചേരിയാണെന്നും രജിസ്ട്രേഷൻ പേപ്പറുകൾ തയ്യാറാക്കി കർദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷി മൊഴി നൽകി. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കർദിനാൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിയുടെ മൊഴിയിൽ പറയുന്നു.

യഥാർഥ വിലയെക്കാൾ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാൽ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതൽ തുകയുടെ വിൽപ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 14 പേജുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കേസിൽ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോൾ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാൻ നിർദേശിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP