Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മരങ്ങൾ നിറഞ്ഞ കാടിനിടയിലെ പ്രേതാലയം; കാവലിനായി നാല് പട്ടികൾ; റോഡിലേക്ക് കയറ്റിയുള്ള മതിൽ നിർമ്മാണത്തെ എതിർത്തത് അയൽവാസികൾ ഒറ്റക്കെട്ടായി; പ്രസവത്തിന് പോയ ഭാര്യ തിരികെ വരാത്തതും ദുരൂഹം; തമിഴ്‌നാട്ടുകാരിക്കൊപ്പം താമസിക്കുന്ന സിജുവിനെതിരെ എങ്ങും പരാതികൾ മാത്രം: നടക്കാനിറങ്ങിയ റിട്ടയേർഡ് എസ് ഐയെ തലയ്ക്കടിച്ച് കൊന്നത് അയൽവാസി; കൊലപാതകം നടന്നത് അയർലണ്ടിൽ നേഴ്‌സുമാരായി ജോലി ചെയ്യുന്ന മക്കളുടെ അടുത്തേക്ക് പോകാൻ ശശിധരൻ തയ്യാറെടുക്കുന്നതിനിടെയിൽ

മരങ്ങൾ നിറഞ്ഞ കാടിനിടയിലെ പ്രേതാലയം; കാവലിനായി നാല് പട്ടികൾ; റോഡിലേക്ക് കയറ്റിയുള്ള മതിൽ നിർമ്മാണത്തെ എതിർത്തത് അയൽവാസികൾ ഒറ്റക്കെട്ടായി; പ്രസവത്തിന് പോയ ഭാര്യ തിരികെ വരാത്തതും ദുരൂഹം; തമിഴ്‌നാട്ടുകാരിക്കൊപ്പം താമസിക്കുന്ന സിജുവിനെതിരെ എങ്ങും പരാതികൾ മാത്രം: നടക്കാനിറങ്ങിയ റിട്ടയേർഡ് എസ് ഐയെ തലയ്ക്കടിച്ച് കൊന്നത് അയൽവാസി; കൊലപാതകം നടന്നത് അയർലണ്ടിൽ നേഴ്‌സുമാരായി ജോലി ചെയ്യുന്ന മക്കളുടെ അടുത്തേക്ക് പോകാൻ ശശിധരൻ തയ്യാറെടുക്കുന്നതിനിടെയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പുലർച്ചെ നടക്കാനിറങ്ങിയ റിട്ട. എസ്‌ഐ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതിന് പിന്നിൽ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം. അടിച്ചിറ, മുടിയൂർക്കര പറയകാവിൽ ശശിധരനാണ് (62) കൊല്ലപ്പെട്ടത്. അയൽവാസി കണ്ണാമ്പടം ജോസഫ് കുര്യനെ എന്ന സിജുവിനെ(45) പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിവെട്ടു സംബന്ധിച്ച തർക്കമാണു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് ഇന്നലെ വൈകിട്ടു പോകാനുള്ള ഒരുക്കത്തിലായിരുന്നു ശശിധരനും ഭാര്യയും. ഇതിനിടെയാണ് കൊലപാതകം.

മരങ്ങൾ നിറഞ്ഞ കാടിനിടയിൽ കാണുന്ന സിജുവിന്റെ വീട് ആരെയും പേടിപ്പെടുത്തും. ഓടിട്ട വീടിന് മതിലില്ല. കാവലിനായി 4 പട്ടികൾ. ഈ വീടിനു നേരെ മുന്നിലാണ് കൊല്ലപ്പെട്ട ശശിധരന്റെ വീടും. ഇന്നലെ സിജുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത പൊലീസ് ഈ വീട്ടിൽ രാത്രി പരിശോധന നടത്തി. സിജുവിന്റെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമ്മിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം. അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിട്ടുണ്ട്. കാടുകയറിയും സംരക്ഷണമില്ലാതെയും മരങ്ങൾ നിറഞ്ഞും പ്രേതാലയം പോലെയാണ് വീടും പരിസരവും കിടന്നിരുന്നത്.

രാത്രികാലങ്ങളിൽ ഈ മേഖലയിൽ ഉപദ്രവങ്ങൾ പലതുണ്ട്. മനുഷ്യ വിസർജ്യം വീട്ടിലും പരിസരത്തും ഇടുന്ന സംഭവങ്ങളുണ്ട്. ഇതിനു പിന്നിൽ സിജുവാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. 10 വർഷം മുൻപ് പ്രസവത്തിനു പോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ല.തമിഴ്‌നാട് സ്വദേശിനിയാണ് ഏതാനും വർഷമായി ഇയാൾക്കൊപ്പം താമസിക്കുന്നത്. സിജുവിന്റെ വീടിന്റെ അടുക്കളയിലും മറ്റു മുറികളിലും പൊലീസ് പരിശോധന നടത്തി. വീടു മുതൽ ശശിധരന്റെ മൃതദേഹം കിടന്ന സ്ഥലം വരെ പൊലീസ് പോയി നോക്കി. നേരത്തെ തലയ്ക്ക് അടി ലഭിച്ച 2 പേരുടെ മൊഴി എടുത്തു.

ഇന്നലെ രാവിലെ 5. 20നാണ് അടിച്ചിറ ഗേറ്റ്മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്താണു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. ഈ വിഷയത്തിൽ പൊലീസുകാർ സിജുവിന് എതിരാണെന്ന് വിലയിരുത്തിയാണ് കൊലപാതകം, ഇതിന് കാരണം ശശിധരന്റെ ഇടപെടലാണെന്ന് സിജു കരുതി. ഇത് പ്രതികാരമായി മാറുകയായിരുന്നു. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

പുലർച്ചെ 5ന് പതിവു നടത്തത്തിന് ഇറങ്ങിയതാണു ശശിധരൻ. പത്രവിതരണക്കാരനായ യുവാവാണ് രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ ആദ്യം കണ്ടത്. റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്. പൊലീസ് പരിശോധിച്ചപ്പോഴാണ് തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവു കണ്ടത്. ചെവി അറ്റ നിലയിലാണ്. ഇടതു കൈയ്ക്കും പരുക്കുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. മൃതദേഹം രാവിലെ 8 ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ഭാര്യ: സുമ, വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം. മക്കൾ: പ്രനൂപ് കുമാർ, പ്രീതി, മരുമക്കൾ: രമ്യ, അരുൺ (എല്ലാവരും നഴ്‌സുമാർ, അയർലൻഡ്).

പുലർച്ചെ മെഡിക്കൽ കോളജിനു സമീപം എസ്.എൻ.ഡി.പി. ശാഖ മന്ദിരം-അടിച്ചിറ റോഡിലായിരുന്നു സംഭവം. രാവിലെ അഞ്ചിന് തെള്ളകത്തെ വീട്ടിൽനിന്ന് പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ശശിധരൻ. തലയ്ക്കുപുറകിലും കഴുത്തിലും ഇടതുകൈയിലും മൂർച്ചയുള്ള ആയുധമുപയോഗിച്ച് മുറിവേല്പിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ആക്രമണം തടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ മുറിവുണ്ടായെന്നും പൊലീസ് സംശയിക്കുന്നു. ഗാന്ധിനഗറിലുൾപ്പെടെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുണ്ട്. ശശിധരൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എസ്‌ഐ. ആയിരിക്കെയാണു വിരമിച്ചത്. ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു. കോട്ടയം ഡിവൈ.എസ്‌പി: ആർ. ശ്രീകുമാർ, ഗാന്ധിഗനർ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസ്, എസ്‌ഐ: ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP