Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഫ്തിയിൽ പൊലീസ് ജീപ്പ് വേണ്ടെന്ന് വച്ച് ടാക്‌സി കാറിൽ കുണ്ടറയിലെത്തി; വിവരം ചോരുമോയെന്ന സംശയത്തിൽ എല്ലാം രഹസ്യമാക്കി; ആന്റണിയും ലിയോയും കരിക്കുഴിയിലെ ബന്ധു വീട്ടിൽ എത്തിയത് പുലർച്ചെ; വീട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ചാടി വീണു; പിന്നെ വടിവാൾ കറക്കവും വെടിയുതിർക്കലും; ആ 'റസ്റ്റ് ഹൗസ്' ഗുണ്ടകൾ ഇപ്പോഴും ഒളിവിൽ

മഫ്തിയിൽ പൊലീസ് ജീപ്പ് വേണ്ടെന്ന് വച്ച് ടാക്‌സി കാറിൽ കുണ്ടറയിലെത്തി; വിവരം ചോരുമോയെന്ന സംശയത്തിൽ എല്ലാം രഹസ്യമാക്കി; ആന്റണിയും ലിയോയും കരിക്കുഴിയിലെ ബന്ധു വീട്ടിൽ എത്തിയത് പുലർച്ചെ; വീട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ചാടി വീണു; പിന്നെ വടിവാൾ കറക്കവും വെടിയുതിർക്കലും; ആ 'റസ്റ്റ് ഹൗസ്' ഗുണ്ടകൾ ഇപ്പോഴും ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കുണ്ടറ: വാൾ വീശി ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കു നേരെ പൊലീസ് വെടിയുതിർത്തുവെങ്കിലും അതിന് അപ്പുറം പിന്നീടൊന്നും സംഭവിച്ചില്ല. പൊലീസിനെ വെട്ടിച്ച് പ്രതികൾ കായലിൽ ചാടി നീന്തിമറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പേരയം കരികുഴി മാപ്പിളപൊയ്കയിൽ ആയിരുന്നു സംഭവം. ഗുണ്ടകളെ ഇനിയും പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.

ശാസ്താംകോട്ടയിലെ കഞ്ചാവ് കേസിലെ പ്രതി ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (കുട്ടൻ26), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27) എന്നിവരാണ് പൊലീസിനു നേരെ വാൾ വീശിയത്. തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻ ദാസ് ജീവൻ രക്ഷാർഥം വെടിയുതിർക്കുകയായിരുന്നു.

ഇതേ കേസിലെ 5 പ്രതികളെ ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികതർക്കത്തെ തുടർന്ന് ലിബിൻ വർഗീസിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി അടൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മുറിയിൽ എത്തിച്ച് മർദിച്ച് അവശനാക്കിയ ശേഷം തടവിലാക്കി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി കരിക്കുഴി സ്വദേശി ലിബിൻ ലോറൻസിനെ (26) കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയും ലിയോയും കരിക്കുഴിയിലെ ബന്ധു വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞത്.

പുലർച്ചെ ഒരു മണിയോടെ സിഐ വിപിൻ ദാസ്, കുണ്ടറ സിഐ ആർ.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മഫ്തിയിൽ കരിക്കുഴിയിൽ എത്തി വീട് വളഞ്ഞു. പിടിക്കപ്പെടുമെന്നു കണ്ട് പ്രതികൾ പൊലീസിനു നേരെ വാൾ വീശി കടന്നുകളയാൻ ശ്രമിച്ചു. പ്രതികൾക്കു പിന്നാലെ പൊലീസ് ഓടി എത്തിയെങ്കിലും വീണ്ടും വാൾ വീശിയപ്പോഴാണ് സിഐ വെടിയുതിർത്തത്. 4 റൗണ്ട് വെടി വച്ചെങ്കിലും പ്രതികൾ കായലിൽ ചാടി കടന്നു. കാപ്പ കേസിൽ ജയിലിൽ ആയിരുന്ന ആന്റണി ദാസ് കഴിഞ്ഞ 9 നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയത്.

അതീവ രഹസ്യമായാണ് ഇൻഫോ പാർക്ക് പൊലീസ് നീങ്ങിയത്. മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥർ പൊലീസ് ജീപ്പ് ഉപേക്ഷിച്ച് കുണ്ടറയിലെത്തി. ഇവിടെ നിന്ന് ടാക്‌സി കാറിലാണ് കുണ്ടറയിലേക്ക് പോയത്. ആന്റണി ദാസിനെയും ലൂയി പ്ലാസിഡിനെയും പിടൂകാനായി പടപ്പക്കര കരിക്കുഴിയിലെ ഒളിത്താവളത്തിലെത്തി. ഇവർ ഇരുവരും പുലർച്ചെയാണ് വീട്ടിൽ എത്തിയത്. ആന്റണി ദാസും ലൂയി പ്ലാസിഡും വീട്ടിലേക്ക് കയറുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചത്. കുതറി മാറിയ പ്രതികൾ കൈവശമുണ്ടായിരുന്ന വടിവാളെടുത്തു വീശി. പൊലീസിന് നേരെ പ്രതികൾ തിരിഞ്ഞതോടെ ഇൻഫോപാർക്ക് സിഐ വിപിൻദാസ് തോക്കെടുത്ത് നാല് റൗണ്ട് വെടിയുതിർത്തു. പിന്തിരിഞ്ഞ് ഓടിയ പ്രതികൾ കായലിൽ ചാടി രക്ഷപെട്ടു. പ്രദേശമാകെ പൊലീസ് സംഘം അരിച്ചുപെറുക്കി. രണ്ട് പേരെയും കണ്ടെത്താനായില്ല.

ഇരുവർക്കുമെതിരെ പൊലീസ് വധശ്രമത്തിന് കൂടി കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. ജീവഭയം കൊണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് ഇൻഫോപാർക്ക് സിഐ വിശദീകരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ പിടികൂടാൻ ഉദ്യോഗസ്ഥരെത്തിയത് മുന്നൊരുക്കമില്ലാതെയാണെന്ന വിമർശനവും ചർച്ചകളിലുണ്ട്.

അതിനിടെ യുവാവിനെ തട്ടിക്കൊണ്ടുവന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ഒരു രേഖയുമില്ലാതെ അടൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുറി കൊടുത്ത ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗമായ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. കുക്ക് കം വാച്ചർ രാജീവ്ഖാനെയാണ് പിരിച്ചുവിട്ടത്. ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖലാ കമ്മിറ്റി അംഗമാണു രാജീവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP