Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോൾ 'അയാൾ ഒന്നിനും കൊള്ളാത്തവ'നാണെന്ന് പാർഥോയുടെ മറുപടി; നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് അർണാബ് ദീർഘകാലത്തേക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രശാന്ത് ഭൂഷൺ; റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവിയെ കുടുക്കി ചാറ്റുകൾ വൈറലാകുമ്പോൾ

ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോൾ 'അയാൾ ഒന്നിനും കൊള്ളാത്തവ'നാണെന്ന് പാർഥോയുടെ മറുപടി; നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് അർണാബ് ദീർഘകാലത്തേക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രശാന്ത് ഭൂഷൺ; റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവിയെ കുടുക്കി ചാറ്റുകൾ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റിപ്പബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയും വമ്പൻ കുരുക്കിൽ. അർണാബിനെ തെളിവുകൾ സഹിതം വീണ്ടും അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന തരത്തിലുള്ള വാട്‌സാപ് ചാറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു സാഹചര്യമാണ് ഇത്. ടിവി റേറ്റിംഗിലെ പൊള്ളത്തരമാണ് ഇതിൽ നിറയുന്നത്. മുമ്പ് കേരളത്തിലും സമാനമായ കേസുണ്ടായിരുന്നു. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തീർത്തും അട്ടിമറിക്കപ്പെട്ടു.

സമാന ആരോപണമാണ് റിപ്പബ്ലിക് ടിവിക്കെതിരേയും ഉയർന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ തെളിവുകൾ. റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയൻസ് റിസർച് കൗൺസിലിന്റെ (ബാർക്) മുൻ സിഇഇ പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ പ്രവർത്തനം ബിജെപിയുടെ തണലിലാണെന്ന സൂചനയാണ് ഈ ചാറ്റ് പങ്കുവയ്ക്കുന്നത്.

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, ചാറ്റുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ അതീവ ഗുരതരമായ പരാമർശങ്ങൾ ഉണ്ടെന്നാണ് മുംബൈ പൊലീസും നൽകുന്ന സൂചന. പുറത്തായ ചാറ്റുകൾ 500 പേജ് വരുമെന്നാണു റിപ്പോർട്ടുകൾ. റേറ്റിങ് തട്ടിപ്പു കേസിൽ പാർഥോ ദാസ് ജയിലിലാണ്.

സെറ്റ് ടോപ് ബോക്‌സുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുള്ള ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർത്ഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാൽ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതിൽ ഉൾപ്പെടും. ഇതെല്ലാം തന്നെ രാഷ്ട്രീയമായി തന്നെ ചർച്ചയാകും.

ഗൂഢാലോചനകൾ, സർക്കാറിൽ സ്വാധീനം ചെലുത്താനും മറ്റുമായി മാധ്യമത്തെയും പദവിയെയും ദുരുപയോഗം ചെയ്യൽ തുടങ്ങിയവ സംഭാഷണങ്ങളിൽ വ്യക്തമാണെന്ന് പ്രശാന്ത് ഭൂഷൺ പറയുന്നു. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് അർണാബ് ദീർഘകാലത്തേക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണെന്ന് സംഭാഷണങ്ങളുടെ സക്രീൻ ഷോട്ടുകൾ സഹിതം നൽകിയ ട്വീറ്റിൽ ഭൂഷൺ പറഞ്ഞു. ഒക്ടോബർ ആറിനാണ് ടി ആർ പി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

റേറ്റിങ് കൂട്ടിക്കാണിക്കുന്നതായി ടെലിവിഷൻ റേറ്റിങ് പോയിന്റിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. ഹൻസ റിസേർച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിൻ ദിയോകറാണ് റിപ്പബ്ലിക് ടി വിക്കെതിരെ പരാതി നൽകിയത്. ബാർകിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ റിസേർച്ചാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 2019 മാർച്ച് 25 ന് പാർഥോ ദാസ് ഗുപ്ത ബാർകിന്റെ കത്ത് അർണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ ടി.വിയിലെ രജത് ശർമ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് തന്നെ രക്ഷിക്കണമെന്നും പാർഥോ വാട്സ് ആപ്പ് ചാറ്റിൽ പറയുന്നതായി കാണാം. തന്റെ കത്ത് സമയം കിട്ടുമ്പോൾ വായിക്കണമെന്നും അർണബിനോട് പാർഥോ പറയുന്നുണ്ട്. പ്രകാശ് ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോൾ 'അയാൾ ഒന്നിനും കൊള്ളാത്തവ'നാണെന്നായിരുന്നു പാർഥോയുടെ മറുപടി.

വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്നും അർണബ് ഉറപ്പ് നൽകുന്നു. ട്രായിയോടും രജത് ശർമയോടും തങ്ങളുടെ കാര്യത്തിൽ ഇടപെടരുതെന്ന് പറയണമെന്നും താൻ ബിജെപിയേയും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാർക് സിഇഒ പറയുന്നു. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പു നടത്തുന്ന ബാർക്കിന്റെ സി.ഒ.ഒ. ആയിരുന്ന ദാസ്ഗുപ്തയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് മുംബൈ പൊലീസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ജനപ്രീതി പ്രകടമാക്കുന്ന രഹസ്യ വിവരങ്ങളാണ് കണക്കെടുപ്പിൽ കൃത്രിമം കാണിച്ചു റിപ്പബ്ലിക് ടി.വി.ക്ക് അനുകൂലമായി മാറ്റുന്നതിനായി അർണബ് ഗോസ്വാമി ദാസ്ഗുപ്തയ്ക്കു പണം നൽകിയതെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ദാസ് ഗുപ്ത കോടതി മുൻപാകെ കുറ്റസമ്മതം നടത്തിയിരുന്നു. അർണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നൽകിയതായി ഗുപ്ത മുംബൈ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിലകൂടിയ റിസ്റ്റ് വാച്ച് അടക്കമുള്ള പാരിതോഷികങ്ങളും ലക്ഷക്കണക്കിന് രൂപയും കൈക്കൂലിയായി നൽകിയിരുന്നുവെന്ന് ബാർക് മുൻ മേധാവി പൊലീസിനോട് സമ്മതിച്ചു.

ടിആർപി അളക്കുന്നതിനായി ബാരോമീറ്റർ സ്ഥാപിച്ച വീടുകളുടെ രഹസ്യ വിവരങ്ങൾ ദാസ് ഗുപ്ത അർണാബ് ഗോസ്വാമിക്ക് പങ്കു വെച്ചിരുന്നു. ഈ ഡാറ്റ ഉപയോഗിച്ചാണ് അർണാബ് ഗോസ്വാമി ഉപയോക്താവിന് കൈക്കൂലി കൊടുത്ത് തന്റെ ചാനലുകൾ നിർബന്ധമായും കാണുവാൻ പ്രോത്സാഹിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളില്ലാതെ അടച്ചു കിടന്നിരുന്ന വീടുകളിലും റിപ്പബ്ലിക് ടി വി പ്രവർത്തിപ്പിച്ചാണ് ടി ആർ പി നിലനിർത്താൻ ഗുണഭോക്താക്കൾ സഹായിച്ചിരുന്നത്.

ടിആർപി അഴിമതിക്കേസിൽ ഉൾപ്പെട്ട ആളുകളുടെ നിർദ്ദേശപ്രകാരമാണ് ഇവർ ഇങ്ങിനെ ചെയ്തതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ടിആർപി അഴിമതിക്കേസിൽ ദാസ് ഗുപ്ത ഉൾപ്പെടെ 15 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP