Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും സഹിക്കാനാകാതെ സുനു കുട്ടികളുമായി പോയത് സ്വന്തം വീട്ടിലേക്ക്; അവിടെയും എത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ പരാതി നൽകിയത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും; കാര്യങ്ങൾ ചോദിച്ചറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബിനു ഒരുമുഴം കയറിൽ ജീവനൊടുക്കിയതിന്റെ കാരണം അറിയാതെ വീട്ടുകാർ; ദുരൂഹത നീക്കാൻ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും

ഭർത്താവിന്റെ മദ്യപാനവും മർദ്ദനവും സഹിക്കാനാകാതെ സുനു കുട്ടികളുമായി പോയത് സ്വന്തം വീട്ടിലേക്ക്; അവിടെയും എത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ പരാതി നൽകിയത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും; കാര്യങ്ങൾ ചോദിച്ചറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ബിനു ഒരുമുഴം കയറിൽ ജീവനൊടുക്കിയതിന്റെ കാരണം അറിയാതെ വീട്ടുകാർ; ദുരൂഹത നീക്കാൻ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും

ഗീവർഗീസ് എം തോമസ്‌

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പെയിന്റിങ്ങ് തൊഴിലാളിയായ ഉഴമലയ്ക്കൽ അയ്യപ്പൻകുഴി വേലാംകോണം ശാരദാലയത്തിൽ ബി.ബിനുവാണ് വീടിനു സമീപമുള്ള റബ്ബർത്തോട്ടത്തിലെ കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. ഭാര്യമാതാവിന്റെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഭാര്യവീട്ടിൽ അതിക്രമം കാണിച്ചു എന്ന പരാതിയിൽ ബിനുവിനെ കഴിഞ്ഞ ദിവസമാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് പരാതി നൽകുമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ബിനുവിന്റെ അമിത മദ്യപാനമാണ് ഇയാളുടെ കുടുംബ ജീവിതം തകർത്തതും പിന്നീട് ജീവനൊടുക്കുന്ന സംഭവത്തിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിച്ചതും. ബിനുവിന്റെ അമിത മദ്യപാനവും മർദ്ദനവും സഹിക്കാനാകാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നി. മക്കളും അമ്മയോടൊപ്പം പോയതോടെ ബിനുവിന് വാശി കൂടി. പിന്നീട് ഭാര്യവീട്ടിലെത്തിയായി ബിനുവിന്റെ അതിക്രമങ്ങൾ. ഇതും സഹിക്കാനാകാതെ വന്നതോടെയാണ് ഭാര്യയുടെ അമ്മ ബിനുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ബിനുവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്.

ബിനുവും ഭാര്യ വട്ടപ്പാറ ചിറ്റാഴ സ്വദേശിനി സുനുവും മാസങ്ങളായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിറ്റാഴയിലെ വീട്ടിൽ മദ്യപിച്ച് എത്തിയ ബിനു വാതിൽ തുറക്കാത്തതിനാൽ അസഭ്യം വിളിക്കുകയും വീട് അടിച്ച് തകർക്കാൻ ശ്രമിച്ചതായും കാണിച്ച് ഭാര്യ മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മദ്യപിച്ച് വന്ന് ബഹളം ഉണ്ടാക്കുന്നത് ബിനുവിന്റെ സ്ഥിരം പതിവാണെന്നും ഭാര്യ സുനുവിനെയും മക്കളെയും ഉപദ്രവിക്കാൻ ഇയാൾ ശ്രമിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് തിങ്കൾ വൈകിട്ടോടെ പൊലീസ് ഇയാളെ വിളിപ്പിച്ചതിനനുസരിച്ച് ബിനു സ്റ്റേഷനിൽ പോയി.

സംഭവം ചോദിച്ചറിഞ്ഞ് പൊലീസ് വൈകുന്നേരത്തോടെ ഇയാളെ പറഞ്ഞു വിട്ടു. എന്നാൽ രാത്രി പത്തു വരെ ബിനുവിനെ സ്റ്റേഷനിൽ ഇരുത്തിയതായി ബിനുവിന്റെ ബന്ധുക്കൾ ആരോപിച്ചു. സഹോദരി ബിന്ദു ഇടയ്ക്കിടെ ഫോൺ വിളിക്കുമ്പോൾ ഇയാൾ പൊലീസ് സ്റ്റേഷനിലായിരുന്നു എന്നും സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം രാത്രി 11.30 ഓടെ ബിന്ദുവിനെ വിളിച്ചു ജീവിക്കാൻ താൽപര്യമില്ലെന്നും മരിക്കാൻ പോവുകയാണെന്നും ബിനു അറിയിച്ചതായും സഹോദരൻ ഷിബു പറഞ്ഞു.

ബിന്ദു ഈ വിവരം ഉടൻ ഷിബുവിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബർ പുരയിടത്തിൽ മരിച്ച നിലയിൽ ബിനുവിനെ കണ്ടെത്തിയത്. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കുടുംബ കോടതിയിൽ പോകണമെന്ന് അറിയിച്ച് സമാധാനിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നുവെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി. രാത്രി 10 മണിയോടെ നെടുമങ്ങാട് സൂര്യ ബാറിൽ ഇയാൾ ഇരുന്ന് മദ്യപിച്ചതായ് സാക്ഷി മൊഴികൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ആദിഥേയൻ ആദി ലക്ഷ്മി എന്നിവർ മക്കളാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP