Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർദ്രയുടെ വായിലേക്ക് ആരോ വിഷം ഒഴിച്ചിട്ടുണ്ട്; നിങ്ങൾ എല്ലാം ആരാണ്? കുട്ടിയുടെ വീട്ടുകാർ എവിടെ? എന്തുകൊണ്ട് ആർദ്രയുടെ അകത്ത് വിഷം ചെന്ന കാര്യം ഒളിച്ചുവച്ചു? ആർദ്ര കൊല്ലപ്പെട്ടതോ എന്ന ചോദ്യം ഉയരുമ്പോൾ ചർച്ചയായി ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ ചോദ്യങ്ങൾ; തൂങ്ങിമരണമെന്ന് പറയുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കടക വിരുദ്ധമായി വിഷം കഴിച്ചെന്ന മെഡിക്കൽ ഡയറി; ആർദ്രയുടെ വായിൽ വിഷമൊഴിച്ചത് 'രക്ഷക വേഷത്തിൽ' വന്ന കാമുകൻ അമിതാബ് തന്നെയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ

ആർദ്രയുടെ വായിലേക്ക് ആരോ വിഷം ഒഴിച്ചിട്ടുണ്ട്; നിങ്ങൾ എല്ലാം ആരാണ്? കുട്ടിയുടെ വീട്ടുകാർ എവിടെ? എന്തുകൊണ്ട് ആർദ്രയുടെ അകത്ത് വിഷം ചെന്ന കാര്യം ഒളിച്ചുവച്ചു? ആർദ്ര കൊല്ലപ്പെട്ടതോ എന്ന ചോദ്യം ഉയരുമ്പോൾ ചർച്ചയായി ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ ചോദ്യങ്ങൾ; തൂങ്ങിമരണമെന്ന് പറയുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കടക വിരുദ്ധമായി വിഷം കഴിച്ചെന്ന മെഡിക്കൽ ഡയറി; ആർദ്രയുടെ വായിൽ വിഷമൊഴിച്ചത് 'രക്ഷക വേഷത്തിൽ' വന്ന കാമുകൻ അമിതാബ് തന്നെയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ

എം മനോജ് കുമാർ

തിരുവനന്തപുരം: വെള്ളനാട് സ്വദേശിയും മൈസൂർ യൂണിവേഴ്സിറ്റി എംഎസ്സി ജിയോളജി റാങ്ക് ഹോൾഡറും ആയിരുന്ന ആർദ്രയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ? വഴിവിട്ട ബന്ധങ്ങളുടെയും മരണങ്ങളുടെയും പേരിൽ പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അമിതാബ് അറസ്റ്റിലായതോടെയാണ് ആർദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആർദ്രയുടെ ബന്ധുക്കൾ ഉറപ്പിക്കുകയാണ്. ഇതിനായി നിയമപോരാട്ടം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ. തന്റെ ഭാര്യയെ അമിതാബ് വളച്ചെടുത്തുവെന്ന് വ്യക്തമായതോടെ മനംനൊന്ത് വിശാഖ് എന്ന സൈനികൻ സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലായതിന് പിന്നാലെയാണ് അമിതാബിന്റെ പഴയ പ്രണയത്തിന്റെയും അതിലും പെൺകുട്ടി മരണപ്പെട്ടതിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നത്.

ആർദ്ര മരിച്ചത് വിഷം അകത്തു ചെന്നിട്ടാണ് എന്നാണു മെഡിക്കൽ കോളെജ് ആശുപത്രിയിലെ ആർദ്രയുടെ കേസ് സ്റ്റഡിയിൽ രേഖപ്പെടുത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് വെറും തൂങ്ങിമരണം എന്നാണ്. മരണകാരണങ്ങളിലേക്ക് സമഗ്രതയിൽ സഞ്ചരിക്കുന്ന ഒരേയൊരു റിപ്പോർട്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മാത്രമാണ്. ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ സംശയങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഇതോടെ വിഷത്തിന്റെ കാര്യം മറച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരിമറി നടന്നോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേസ് സ്റ്റഡിയിൽ ആർദ്രയുടെ മരണത്തിനു കാരണം അകത്ത് ചെന്ന ഫ്യുരിഡാൻ എന്ന കീടനാശിനി എന്നാണ് പറയുന്നത്. ഫ്യുരിഡാൻ അകത്ത് ചെന്നാണ് ആർദ്ര മരിച്ചത് എന്ന കാര്യം എന്തിനു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതെ പോയി എന്നാണ് ആർദ്രയുടെ വീട്ടുകാർ ചോദിക്കുന്നത്.

ആർദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശായാസ്പദമാണെന്ന് ആർദ്രയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു. ആർദ്ര വിഷം കഴിച്ചതല്ല. ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയതാണ് എന്നാണ് അവളുടെ വീട്ടുകാർ വിശ്വസിക്കുന്നത്. അമിതാബ് ആണോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയത് എന്ന സംശയത്തിലാണ് ഇപ്പോൾ അവർ. ആർദ്ര തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നതിന് ഒരേയൊരു ദൃക്സാക്ഷി അമിതാബ് മാത്രമാണ് എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.

അമിതാബ് പറഞ്ഞാണ് ആർദ്ര തൂങ്ങിമരിച്ചു എന്ന് ബന്ധുക്കൾ അറിയുന്നത്. ആർദ്ര തൂങ്ങുമ്പോൾ വേറെയാരും സാക്ഷികളില്ല. വീട്ടിൽ ആർദ്ര തനിച്ചായിരുന്നു. ഈ സമയത്ത് എത്തിയത് അമിതാബ് മാത്രമാണ്. കഴിഞ്ഞ ജൂലൈ രണ്ടിലാണ് ആർദ്ര ആത്മഹത്യാ ശ്രമം നടത്തിയതായി പുറത്തറിയുന്നത്. 'തനിക്കൊരു സമ്മാനമുണ്ട്. വീട്ടിലേക്ക് വാ' എന്ന് സന്ദേശമയച്ച് അമിതാബിനെ വീട്ടിലേക്ക് വരുത്തുകയായിരുന്നു ആർദ്ര. എത്തിയപ്പോൾ ആർദ്ര തൂങ്ങിമരിക്കുന്നത് താൻ കണ്ടു എന്നാണ് അമിതാബ് പറഞ്ഞത്.

കാലുകൾ ഉയർത്തിവെച്ച് അമിതാബ് ബഹളം കൂട്ടിയപ്പോഴാണ് അടുത്തുള്ള ആളുകൾ എത്തുന്നത്. അവർ എത്തിയശേഷമാണ് കെട്ടഴിച്ച് ആർദ്രയെ വെള്ളനാടുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴാണ് ആർദ്രയുടെ മാതാപിതാക്കൾ എത്തുന്നത്. അതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്നാണു ഇവർ ഡോക്ടർമാരോട് പറഞ്ഞത്. അതിനനുസരിച്ചുള്ള ചികിത്സയാണ് ആർദ്രയ്ക്ക് മെഡിക്കൽ കോളേജിൽ നൽകിയത്.

പിന്നീടാണ് ആർദ്രയുടെ ഉള്ളിൽ വിഷം ചെന്നകാര്യം ഡോക്ടർമാർ മനസിലാക്കുന്നത്. ഇതോടെ ഡോക്ടർമാർക്ക് മുഴുവൻ സംശയങ്ങൾ ഉയർന്നു. ആർദ്രയെ ആശുപത്രിയിൽ എത്തിച്ചവരുടെ നേർക്ക് അവർ നിരവധി ചോദ്യങ്ങൾ ചോദിച്ചു.'എന്തുകൊണ്ട് വിഷം അകത്ത് ചെന്ന കാര്യം നിങ്ങൾ രഹസ്യമാക്കി വെച്ചു. ആരോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയിട്ടുണ്ട്.

പെട്ടെന്ന് ആർദ്രയുടെ വീട്ടിൽ പോയി ആ വിഷം എന്തെന്ന് അറിഞ്ഞു വരണം. അതിനനുസരിച്ചുള്ള മരുന്ന് ആർദ്രയ്ക്ക് നൽകേണ്ടതുണ്ട്. ആർദ്രയുടെ മാതാപിതാക്കൾ ഇവിടെ വേണം.' - ഇങ്ങനെയായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ഡോക്ടർമാരുടെ വാക്കുകളിൽ നിന്നാണ് ആർദ്രയ്ക്ക് വിഷം അകത്ത് ചെന്ന കാര്യം വീട്ടുകാർ മനസിലാക്കുന്നത്-ബന്ധു മറുനാടനോട് പറഞ്ഞു.

ആർദ്രയുടെ വീട്ടിൽ പക്ഷെ ഫ്യൂരിഡാന്റെ പോയിട്ട് ഏതെങ്കിലും വിഷത്തിന്റെ ബോട്ടിലോ അംശങ്ങളോ ഒന്നും കണ്ടതുമില്ല. പിന്നീടാണ് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത് ഫ്യുരിഡാൻ എന്ന കീടനാശിനി മാരകമാംവിധം ആർദ്രയുടെ അകത്ത് പടർന്നിരിക്കുന്നു എന്ന്. രക്ഷപ്പെടാൻ സാധ്യത കുറവാണ്. കീടനാശിനിയുടെ വീര്യം കാരണം ആർദ്രയുടെ കിഡ്നി രണ്ടും തകർന്നു കഴിഞ്ഞിരുന്നു. ഇതോടെ ആർദ്രയുടെ മരണം ഉറപ്പാകുകയും ചെയ്തു.

അതുവരെ അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും ആർദ്രയ്ക്ക് ജീവനുണ്ടായിരുന്നു ഫ്യുരിഡാൻ എന്ന കീടനാശിനി കാരണമാണ് ആർദ്ര മരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. ഇതാണ് കേസ് സ്റ്റഡിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രേഖപ്പെടുത്തിയത്. പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാകട്ടെ മരണകാരണം തൂങ്ങിമരണമായി മാറുകയുംയ ചെയ്തു.

ഒരേ ആശുപത്രിയിലെ മെഡിക്കൽ വിഭാഗം പറയുന്നതിന് നേരെ എതിരെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. ആർദ്ര തൂങ്ങിയ സമയത്ത് മരിച്ചെങ്കിൽ പിന്നെയെന്തിന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഫ്യുരിഡാന് പ്രതിമരുന്നു തേടി. ആർദ്രയെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷെ രണ്ടു കിഡ്‌നികളും തകർന്നതോടെ ആർദ്രയെ രക്ഷിക്കാൻ കഴിയില്ലാ എന്ന് ഡോക്ടർമാർക്ക് ഉറപ്പായി.

പക്ഷെ ആർദ്രയുടെ മരണശേഷം കേസ് ഡയറിയിൽ ഡോക്ടർമാർ രേഖപ്പെടുത്തിയ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്നില്ല. വിഷം ഏതോ രീതിയിൽ അകത്ത് ചെന്നതിനെ തുടർന്നാണ് ആർദ്ര മരണത്തിനു കീഴടങ്ങിയത്. ഇത് ഡോക്ടർമാർ രേഖപ്പെടുത്തി. തൂങ്ങി മരണം ആയിരുന്നെങ്കിൽ ആർദ്രയുടേത് തൂങ്ങിമരണം എന്ന് ഡോക്ടർമാർ രേഖപ്പെടുത്തുമായിരുന്നു.

പക്ഷെ ഇവിടെ അങ്ങിനെയല്ല സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആധികാരിക രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്തുകൊണ്ട് ആർദ്രയുടെ മരണം തൂങ്ങിമരണം എന്ന് രേഖപ്പെടുത്തിയെന്ന ചോദ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഫ്യുരിഡാൻ പോലുള്ള വിഷം അകത്ത് ചെന്ന് ആർദ്ര മരിച്ച ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ എന്തിനു ഒളിച്ചുവെച്ചു.

അമിതാബിന്റെ ക്രിമിനൽ സ്വഭാവവും വഴിവിട്ട ബന്ധങ്ങളും ഇയാൾ കാരണമുള്ള മരണങ്ങളും എല്ലാം പുറത്തുവന്ന ഈ സമയത്ത് ആർദ്രയുടെ ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുകയാണ്. ഈ മരണം കൊലപാതകമെന്ന്. ഇതിനായി നിയമവഴികൾ തേടാനും ആർദ്രയ്ക്ക് മരണാനന്തര നീതി ഉറപ്പ് വരുത്താനുമുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ.

വിഷം അകത്തുചെന്ന് മരണമെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട്

തൂങ്ങിമരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP